ഡമാസ്കസിലെ മുസ്താഹെദ് ആശുപത്രിക്കു പുറത്ത് ചായം പൂശിയ വലിയ ഒരു ചുവരുണ്ട്; അതിൽ മരിച്ചവരുടെ കുറെ ചിത്രങ്ങളും. പുറത്താക്കപ്പെട്ട സിറിയൻ സ്വേച്ഛാധിപതിയായ ബഷാർ അൽ അസദിന്റെ ക്രൂരമായ ഭരണത്തിന്റെ തെളിവുകൾ ചിത്രങ്ങളിലെ മൃതദേഹങ്ങളിൽ കാണാം. ആ ചിത്രങ്ങൾക്കിടയിൽ തങ്ങളുടെ പ്രിയപ്പെട്ടവരുണ്ടോ എന്ന് പരതുന്ന അനേകായിരം ആളുകളും. തകർന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളിൽ പരതുന്ന ചിലർ കരയുന്നു. മറ്റു ചിലരുടെ മുഖങ്ങളിൽ നിസ്സഹായത നിറയുന്നു.
“അവർ എവിടെയാണ്? എന്റെ അമ്മ, അമ്മയെ കാണാതായിട്ട് 14 വർഷമായി, എവിടെയാണ്? എന്റെ അമ്മ. എന്റെ സഹോദരൻ എവിടെയാണ്, എന്റെ ഭർത്താവ് എവിടെയാണ്, അവർ എവിടെയാണ്?” – ഒരു സ്ത്രീ ചോദിക്കുന്നു. ഇത് ഒരാളുടെമാത്രം ചോദ്യമല്ല. സിറിയയിലെ ആയിരക്കണക്കിന് നാവുകളിൽനിന്നും ഉയരുന്നതും ഇതേ ചോദ്യമാണ്. അവർ തേടുന്നതും ഒരേ ഉത്തരമാണ്.
അമ്പതു വർഷത്തെ ക്രൂരതകൾക്ക് അവസാനമിട്ടുകൊണ്ടാണ് സിറിയയിൽ ആസാദ് ഭരണകൂടത്തെ തകർത്ത വിമതർ ഭരണം പിടിച്ചെടുത്തത്. വിജയത്തിനിടെ ആഘോഷങ്ങൾക്കിടയിലും സിറിയൻ ജനത ഒന്നടങ്കം തേടുകയാണ് കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ.
ആസാദ് ഭരണം തകർന്ന് ദിവസങ്ങൾക്കുശേഷം സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഒരു സൈനിക ആശുപത്രിയിൽ 35 ഓളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അസദിന്റെ അവസാന ഇരകളിൽപെട്ടവരാണ് ഇവരെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു മനുഷ്യൻ അവരുടെ കീറിയ വസ്ത്രങ്ങൾ ചൂണ്ടിക്കാണിക്കുകയും അവർ കുപ്രസിദ്ധമായ സയ്ദ്നായ ജയിലിലെ തടവുകാരായിരുന്നുവെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.
ഫ്ലൂറസെന്റ് വെളിച്ചമുള്ള മോർച്ചറിയിലെ നമ്പർ ഉപയോഗിച്ച് മാത്രമാണ് മൃതദേഹങ്ങൾ തിരിച്ചറിയുന്നത്. എന്നാൽ അവിടെ മതിയായ ഇടമില്ല. അതിനാൽ കുടുംബങ്ങൾ ഒത്തുകൂടുന്ന ഒരു താൽക്കാലിക പ്രദേശം പുറത്ത് സജ്ജീകരിച്ചിരിക്കുന്നു. അവരുടെ സെൽഫോൺ ലൈറ്റുകൾ ഉപയോഗിച്ച് മരിച്ചവരുടെ മുഖങ്ങൾ നോക്കുകയും അവർ തിരിച്ചറിയുന്ന സവിശേഷതകൾക്കായി തേടുകയും ചെയ്യുന്നു.
ക്രൂരതകളുടെ തെളിവായി മാറുന്ന മൃതദേഹങ്ങൾ
കണ്ടെത്തിയ മൃതദേഹങ്ങളിൽ പലതിലും ആഴമായ മുറിവുകളും മറ്റും കാണാം. പലതും നിരന്തരമായ മർദനങ്ങളുടെയും പീഡനങ്ങളുടെയും ബാക്കിപത്രമായിരുന്നു എന്ന് ഡോക്ടർമാരും വെളിപ്പെടുത്തുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടുകൂടിയവ, മുറിവുകളും വ്രണങ്ങളും നിറഞ്ഞവ, കണ്ണും വായും മുഖവും തകർന്ന നിലയിലുള്ളവ, തകർന്ന അസ്ഥികളോടെ ഉള്ളവ… അങ്ങനെ പറഞ്ഞറിയിക്കാനാവാത്ത വിധത്തിലുള്ള ക്രൂരതകളുടെ കഥകൾ ആ മൃതദേഹങ്ങൾ പറയുന്നു.
തങ്ങളുടെ പ്രിയപ്പെട്ടവരേ തേടി മോർച്ചറിയിലെത്തിയ പല സ്ത്രീകളും ആ രംഗം കാണാൻ കഴിയാതെ ഇറങ്ങിപ്പോയതായും ആളുകൾ പറയുന്നു. “ഇത് ഭരണകൂടത്തിന്റെ കുറ്റകൃത്യമാണ് – അവർ ആളുകളെ പീഡിപ്പിക്കുന്ന രീതി വളരെ ക്രൂരമായിരുന്നിരിക്കാം. മധ്യകാലഘട്ടത്തിൽപോലും അവർ ആളുകളെ ഇതുപോലെ പീഡിപ്പിച്ചിട്ടില്ല” – മോർച്ചറിയിലെ ജീവനക്കാരനായ ഡോ. അഹമ്മദ് അബ്ദുല്ല അപലപിക്കുന്നു.
ആസാദ് ഭരണത്തിൽന്റെ കീഴിൽ തടവിലാക്കപ്പെടുകയും ഇത്രയും കാലമായി കാണാതാവുകയും ചെയ്ത പ്രിയപ്പെട്ടവരെക്കുറിച്ച് കുടുംബങ്ങൾക്ക് ഒരു വിവരവും ലഭ്യമായിട്ടില്ല. ഈ മോർച്ചറിയിൽ ഒത്തുകൂടിയ ആളുകൾക്ക് ഒരു മൃതദേഹത്തിന്റെ രൂപത്തിലെങ്കിലും ഉത്തരങ്ങൾ വേണം.
സൂക്ഷ്മമായ രേഖകൾ സൂക്ഷിക്കുന്നതിൽ അസദ് സർക്കാർ പ്രശസ്തമായിരുന്നു. ഒരിക്കൽ സിറിയൻ മിലിട്ടറി പൊലീസിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ഒരു കൂട്ടാളി 2014 ൽ ഒരു സൈനിക ആശുപത്രിയിൽ എടുത്ത 27,000 ചിത്രങ്ങൾ പുറത്തെത്തിച്ചു. ആ ആശുപത്രിയിൽ ‘കൊല്ലപ്പെട്ട തടവുകാരെ’ കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. ആ ഫോട്ടോകളിലെ മൃതദേഹങ്ങൾ പട്ടിണി, മർദനം, കഴുത്ത് ഞെരിച്ച് കൊല്ലൽ, മറ്റു തരത്തിലുള്ള പീഡനങ്ങൾ, കൊലപാതകം എന്നിവയുടെ അടയാളങ്ങൾ കാണിക്കുന്നതായി യുദ്ധക്കുറ്റ പ്രോസിക്യൂട്ടർമാരും ഫോറൻസിക് വിദഗ്ദ്ധരും ചേർന്ന് സമാഹരിച്ച ചിത്രങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ക്രൂരതയുടെ പര്യായമായ ജയിലുകൾ
സിറിയൻ ഭരണകൂടം പതിനായിരക്കണക്കിന് ആളുകളെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്തതായും യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 2017 ൽ സയ്ദ്നായ ജയിലിൽ ഒരു ശ്മശാന നിർമാണം നടത്തിയതിന്റെ തെളിവുകൾ പുറത്തുവിട്ടതായും യു. എൻ. റിപ്പോർട്ടിൽ പറയുന്നു. സയ്ദ്നായയിൽ ഒരു ദിവസം 50 തടവുകാർ കൊല്ലപ്പെട്ടേക്കാമെന്ന് അക്കാലത്ത് ഒരു യു. എസ്. ഉദ്യോഗസ്ഥൻ കണക്കാക്കിയിരുന്നു. അവിടെ കടന്നുപോയ പലരെയും കുറിച്ച് ഇപ്പോൾ യാതൊരു വിവരവുമില്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽ എവിടെ? മരിച്ചെങ്കിലും മൃതദേഹം എവിടെ? അങ്ങനെ അനേകം ചോദ്യങ്ങളാണ് സിറിയൻ ജനതയുടെ ഉള്ളിൽ മുഴങ്ങുന്നത്.