
അൽബേനിയയിലെ ഓർത്തഡോക്സ് സഭാദ്ധ്യക്ഷനും, തിരാന, ഡ്യൂറസ്, അൽബേനിയ എന്നിവയുടെ ആർച്ച്ബിഷപ്പുമായിരുന്ന ആർച്ചുബിഷപ്പ് അനസ്താസ് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ അൽബേനിയയിലെ ഓർത്തഡോക്സ് സഭാസിനഡിനും, സഭംഗങ്ങൾക്കും, അൽബേനിയയിലെ ഓർത്തഡോക്സ് സഭയുടെ ഉത്തരവാദിത്വമുള്ള കോർസ മെത്രാപ്പോലീത്ത ജോണിന് അയച്ച സന്ദേശത്തിലാണ് തന്റെ അനുശോചനങ്ങളും പ്രാർഥനകളും ഫ്രാൻസിസ് പാപ്പ അറിയിച്ചത്.
ഇറ്റലിക്ക് പുറത്തേക്കുള്ള തന്റെ പ്രഥമ അപ്പസ്തോലികയാത്രയിൽ ആർച്ച്ബിഷപ് അനസ്താസിനെ കണ്ടുമുട്ടിയതും, തുടർന്നുള്ള സൗഹാർദപരമായ ബന്ധവും പാപ്പ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. അദ്ദേഹം, ഗ്രീസ്, ആഫ്രിക്ക, അൽബേനിയ, തുടങ്ങി വിവിധ സാംസ്‌കാരിക, പ്രാദേശിക ഇടങ്ങളിൽ കർത്താവിനെ ശുശ്രൂഷിക്കുകയും പ്രഘോഷിക്കുകയും ചെയ്തുവെന്ന് പാപ്പ എഴുതി. “എല്ലാപ്രകാരത്തിലും കുറേപ്പേരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായി” എന്ന് പറയാൻ തക്കവിധം അദ്ദേഹം വിശുദ്ധ പൗലോസിന്റെ ജീവിതം അനുകരിച്ചുവെന്ന് പാപ്പ വിശദീകരിച്ചു.
അൽബേനിയയിലെ ഓർത്തഡോക്സ് സഭയെ നയിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത ആർച്ച്ബിഷപ്പ് അനസ്താസ്, മറ്റ് ഓർത്തഡോക്സ് സഭകളുമായുള്ള ഐക്യം കൈവെടിയാതെതന്നെ, തനിക്ക് ഏല്പിക്കപ്പെട്ടവരുടെ പാരമ്പര്യങ്ങളിലേക്കും വ്യക്തിത്വത്തിലേക്കും കൂടുതലായി കടന്നുചെല്ലാൻ ആഗ്രഹിച്ചു. അതേസമയം, മറ്റുസഭകളും മതങ്ങളുമായി അദ്ദേഹം ഹൃദയപൂർവം സംവാദങ്ങളിൽ ഏർപ്പെടുകയും സമാധാനപരമായ സഹവാസം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും പാപ്പ കൂട്ടിച്ചേർത്തു.
1991-ൽ കമ്യൂണിസ്റ്റ് ഭരണത്തിൽനിന്ന് സ്വതന്ത്രമായ അൽബേനിയൻ ഓർത്തഡോക്സ് സഭയെ നയിച്ചത് ആർച്ച്ബിഷപ് അനസ്താസ് ആയിരുന്നു. സർക്കാർ, നിർബന്ധിത നിരീശ്വരവാദവും പീഡനങ്ങളും അടിച്ചേൽപ്പിച്ച അൽബേനിയൻ ഓർത്തഡോക്സ് ക്രൈസ്തവരിൽ വിശ്വാസം പുനരുജ്ജീവിപ്പിക്കാൻ ആർച്ച്ബിഷപ് അനസ്താസ് മുൻപന്തിയിലുണ്ടായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്