![Airstrikes,-Greek-Orthodox-Church,-Gaza](https://i0.wp.com/www.lifeday.in/wp-content/uploads/2023/10/Airstrikes-Greek-Orthodox-Church-Gaza.jpg?resize=696%2C435&ssl=1)
പാലസ്തീനിലെ ഗാസയിൽ സ്ഥിതിചെയ്യുന്ന ഓർത്തഡോക്സ് ഗ്രീക്ക് ദൈവാലയം, ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ഇരയായതായി സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രാലയം. ഗാസയിലെ ഏറ്റവും പഴക്കംചെന്ന ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ ദൈവാലയമായ സെന്റ് പോർഫിറിയസ് പള്ളിക്കുനേരെയാണ് വ്യോമാക്രമണം ഉണ്ടായത്.
ക്രൈസ്തവരും മുസ്ലീങ്ങളും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾ ദൈവാലയത്തിൽ കഴിഞ്ഞിരുന്നുവെന്നും ആക്രമണത്തിൽ പള്ളിയിലും ആശ്രമത്തിലും താമസിക്കുന്ന അഞ്ഞൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള അഭയാർഥികൾ ഉറങ്ങിക്കിടന്നിരുന്ന രണ്ട് പള്ളിഹാളുകളിൽ ബോംബ് പതിച്ചുവെന്നാണ് റിപ്പോർട്ട്. വ്യോമാക്രമണത്തിൽ 17 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നും എന്നാൽ സംഖ്യ ഇനിയും കൂടാമെന്നുമാണ് പുറത്തുവരുന്ന വിവരം.
“കുറഞ്ഞത് 17 മരണമെങ്കിലും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മറ്റുപലരും ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ തന്നെയാണ്. നിരവധിപേർക്ക് പരിക്കേറ്റു; അവരിൽ ചിലരുടെ നില ഗുരുതരമാണ്” – ഗാസയിലെ ഒരു ഉറവിടം ഏഷ്യാ ന്യൂസിനോടു പറഞ്ഞു. സമീപത്തുള്ള ഹോളി ഫാമിലി ലാറ്റിൻ ഇടവക, ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും പരിക്കേറ്റവർക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കുംവേണ്ടി തുറന്നിട്ടിരിക്കുകയാണ്.