
ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഹിസ്ബുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടുവെന്ന് ലെബനൻ സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. ഇസ്രായേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള അസ്ഥിരമായ വെടിനിർത്തൽ കൂടുതൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ലെബനൻ സുരക്ഷാ ഉറവിടം ഇതേക്കുറിച്ചു പറഞ്ഞു.
ഹിസ്ബുള്ള യൂണിറ്റിലെയും ഇറാന്റെ ഖുദ്‌സ് ഫോഴ്‌സിലെയും അംഗമായ ഹസ്സൻ ബിദൈർ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ സിവിലിയന്മാർക്കെതിരെ പ്രധാനപ്പെട്ടതും ആസന്നവുമായ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിൽ പലസ്തീൻ ഗ്രൂപ്പായ ഹമാസിനെ ഇദ്ദേഹം സഹായിച്ചതായും ഇസ്രായേൽ സൈന്യം പറഞ്ഞു. ബിദൈറും അദ്ദേഹത്തിന്റെ മകനും ഗ്രൂപ്പിൽ അംഗമായിരുന്നു എന്നും ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടുണ്ട്.
പലസ്തീൻ ഫയലുകൾ കൈകാര്യം ചെയ്യുന്നതുൾപ്പെടെ, ഒരു മിഡ്-റാങ്കിംഗ് കമാൻഡറായിരുന്നു ബിദൈർ എന്ന് ലെബനൻ സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള ബെയ്റൂട്ടിലെ പ്രാന്തപ്രദേശത്ത് അഞ്ചു ദിവസത്തിനുള്ളിൽ ഇസ്രായേൽ നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണിത്. കഴിഞ്ഞ വർഷത്തെ വിനാശകരമായ സംഘർഷം അവസാനിപ്പിച്ച യു എസ് മധ്യസ്ഥതയിൽ നടന്ന വെടിനിർത്തലിൻമേലുള്ള സമ്മർദം വർധിപ്പിച്ചിരിക്കുകയാണ്.