മ്യാന്മറിലെ രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിനിടയിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ അക്രമം വർധിക്കുമെന്ന് മുന്നറിയിപ്പുമായി സന്നദ്ധസംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷണൽ. ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷണലിന്റെ (സി.എസ്.ഐ) ഒരു പ്രോജക്റ്റ് ലീഡർ സെലീന ബീഡർമാൻ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“സൈനിക ഭരണകൂടം ഹ്രസ്വകാല ഹൈബ്രിഡ് സർക്കാർ കരാർ അവസാനിപ്പിച്ചതിനുശേഷം ക്രിസ്ത്യൻ കമ്മ്യൂണിറ്റികൾക്കെതിരായ അതിക്രമങ്ങൾ വളരെയധികം വർധിച്ചിരിക്കുകയാണ്. കാരെൻ, ചിൻ, കയിൻ തുടങ്ങിയ വംശീയന്യൂനപക്ഷങ്ങളിൽ നിന്നുള്ള ക്രിസ്ത്യാനികൾ തീവ്രമായ അടിച്ചമർത്തലുകളും വിവേചനങ്ങളുമാണ് നേരിടുന്നത്. റോഹിങ്ക്യൻ മുസ്ലീം വംശീയവിഭാഗത്തെപ്പോലെ, അവരും ക്രൂരമായ വംശീയ ശുദ്ധീകരണപ്രചാരണങ്ങൾക്കു വിധേയരാകുന്നു” – ബീഡർമാൻ വെളിപ്പെടുത്തുന്നു.
ഒപ്പം, മാധ്യമങ്ങളുടെ ശ്രദ്ധ മ്യാന്മർ ക്രൈസ്തവരുടെനേരെ തിരിയാത്തത് അവിടെ ക്രൈസ്തവർക്കുനേരെയുള്ള ആക്രമണം വർധിക്കുന്നതിനു കാരണമാണെന്ന് ബീഡർമാൻ ചൂണ്ടിക്കാട്ടി. അടുത്തിടെ ക്രിസ്ത്യൻ ദൈവാലയത്തിനുനേരെയുണ്ടായ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 7-ന് സിവിലിയന്മാർക്കുനേരെ സൈന്യം നടത്തിയ ‘വിവേചനരഹിത’ വ്യോമാക്രമണത്തെ യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) അപലപിച്ചു.