
മഹാനായ ഫ്രാൻസിസ് പാപ്പയുടെ വിയോഗവാർത്ത അറിഞ്ഞിരിക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ലോകം ഇപ്പോൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. വിവിധ ലോകമാധ്യമങ്ങൾ തുടർനടപടികളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവയിലൂടെ നമുക്കൊന്നു സഞ്ചരിക്കാം.
ജീവിച്ചിരിക്കുന്ന നാളുകളിൽതന്നെ അദ്ദേഹം തന്റെ ഭൗതികശരീരത്തെ എങ്ങനെ മറവ് ചെയ്യണമെന്ന് കൃത്യമായി നിർദേശിച്ചിട്ടുണ്ടായിരുന്നു എന്നാണ് ലഭ്യമായ വിവരങ്ങൾ. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം, പരമ്പരാഗതവും വിപുലവുമായ ആചാരങ്ങളിൽ നിന്നു വ്യത്യസ്തമായി, ലളിതമായിട്ടായിരിക്കും ശവസംസ്കാരം നടക്കുക. തന്റെ മൃതദേഹം റോമിലെ മരിയ മജോറാ ബസിലിക്കയിൽ അടക്കം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
‘സീറ്റ് ഒഴിവുണ്ട്’ എന്ന് അർഥം വരുന്ന ലാറ്റിൻ പദപ്രയോഗമായ ‘സെഡെ വെക്കന്റെ’ എന്ന ഒരു കാലഘട്ടത്തിലാണ് സഭ ഇപ്പോൾ. ഒരു മാർപാപ്പയുടെ മരണത്തിനും പുതിയ ഒരാളുടെ തിരഞ്ഞെടുപ്പിനും ഇടയിലുള്ള കാലഘട്ടം എന്ന പരിവർത്തന കാലഘട്ടമാണിത്. ഈ സമയത്ത് സഭയുടെ ഭരണം താൽക്കാലികമായി കർദിനാൾമാരുടെ കൂട്ടായ്‌മയ്ക്കു കൈമാറുന്നു.
പാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചുമതല വഹിക്കുന്ന കർദിനാൾ ഫാരെൽ, മൃതദേഹം സ്വകാര്യമായി സന്ദർശിക്കുകയും മാർപാപ്പയുടെ മാമ്മോദീസാപ്പേര് മൂന്നുതവണ വിളിക്കുകയും ചെയ്യും. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യമാണ് ഇത്. ഔദ്യോഗിക രേഖകൾ മുദ്രവയ്ക്കാൻ ഉപയോഗിക്കുന്ന മാർപാപ്പയുടെ ‘മത്സ്യത്തൊഴിലാളിയുടെ മോതിരം’, അദ്ദേഹത്തിന്റെ അധികാരത്തിന്റെ അവസാനം അടയാളപ്പെടുത്തുന്നതിനായി പൊട്ടിക്കും.
പാപ്പയുടെ മരണത്തെ തുടർന്ന് നൊവെൻഡിയേൽ എന്നു വിളിക്കുന്ന ഒൻപതു ദിവസത്തെ ദുഃഖാചരണം ആരംഭിക്കുന്നു. ഇറ്റലിയും ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കും. മാർപാപ്പയുടെ വസ്ത്രം ധരിപ്പിച്ച് അദ്ദേഹത്തിന്റെ ഭൗതികശരീരം പാപ്പയുടെ സ്വകാര്യ ചാപ്പലിലേക്കു കൊണ്ടുവരും.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കറ്റാഫാൽക്കിനു മുകളിൽ പതിവുപോലെ അദ്ദേഹത്തിന്റെ മൃതദേഹം പ്രദർശിപ്പിക്കരുതെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം, അദ്ദേഹത്തിന്റെ മൃതദേഹം സന്ദർശകർക്ക് ആദരാഞ്ജലി അർപ്പിക്കാൻ മൂടിവച്ച് പെട്ടിക്കുള്ളിൽ സൂക്ഷിക്കും.
മൃതസംസ്കാരം
കർദിനാൾമാരുടെ കൂട്ടായ്‌മയുടെ ഡീൻ (നിലവിൽ കർദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ) ആയിരിക്കും മൃതസംസ്കാര ചടങ്ങുകളുടെ മുഖ്യകാർമ്മികൻ. മാർപാപ്പയുടെ സംസ്കാരം സാധാരണയായി അദ്ദേഹത്തിന്റെ മരണത്തിന് നാലു മുതൽ ആറു ദിവസങ്ങൾക്കു ശേഷമാണ് നടക്കുന്നത്. റോമിലെ വിവിധ ദൈവാലയങ്ങളിൽ മൃതസംസ്കാര ചടങ്ങുകൾ ഒൻപതു ദിവസം നീണ്ടുനിൽക്കും.
പരമ്പരാഗതമായി, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു താഴെയുള്ള വത്തിക്കാൻ ഗ്രോട്ടോകളിലാണ് മാർപാപ്പാമാരെ അടക്കം ചെയ്യുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പ, റോമിലെ മരിയ മജോറാ ബസിലിക്കയിൽ തന്നെ അടക്കം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു നൂറ്റാണ്ടിലേറെയായി വത്തിക്കാനു പുറത്ത് അടക്കം ചെയ്യുന്ന ആദ്യത്തെ സഭാതലവനാണ് അദ്ദേഹം.
പൊതുജനങ്ങൾക്ക് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരം നൽകും. ശവസംസ്കാര ചടങ്ങുകൾക്കു ശേഷം പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള പവിത്രവും രഹസ്യവുമായ പ്രക്രിയയായ കോൺക്ലേവിലേക്കു പ്രവേശിക്കും. 80 വയസ്സിനു താഴെയുള്ള കർദിനാൾമാർക്കു മാത്രമേ കോൺക്ലേവിൽ വോട്ടുചെയ്യാൻ അർഹതയുള്ളൂ. ഇതിൽ ഏകദേശം 135 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കത്തോലിക്കാ സഭയുടെ ഫ്രാൻസിസ് യുഗത്തിന് നാന്ദി കുറിക്കുമ്പോഴും പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ മുതൽ പരിസ്ഥിതി ഉത്തരവാദിത്വത്തിനായുള്ള അദ്ദേഹത്തിന്റെ തുറന്ന ആഹ്വാനങ്ങൾ വരെ കത്തോലിക്കാ സഭയ്ക്കകത്തും പുറത്തും പ്രതിധ്വനിക്കുന്നതു തുടരും. സഭ, പാപ്പയുടെ സംസ്കാരചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ പുരോഗമനപരമായ സമീപനത്തിനും വിനയത്തിനും ഊന്നൽ നൽകിയതിനും മാർപാപ്പയുടെ നേതൃത്വം എക്കാലവും ഓർമ്മിക്കപ്പെടും.