സെർബിയൻ റയിൽവേ സ്റ്റേഷനിലെ അപകടം: അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പ

സെർബിയയിലെ നോവി സാദ് റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ പതിനാലോളം പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ അനുശോചനവും പ്രാർഥനയുമറിയിച്ച് ഫ്രാൻസിസ് പാപ്പ. അപകടത്തിനിരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പ സമാധാനം ആശംസിച്ചു.

സെർബിയയുടെ പ്രസിഡന്റ് അലക്‌സാണ്ടർ വൂചിച്ചി നയിച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ്, ഈ ദാരുണസംഭവത്തിന്റെ ഇരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പ തന്റെ അനുശോചനമറിയിച്ചത്. ഈ ദുരന്തത്തിൽ ദുഃഖിക്കുന്ന ഏവർക്കും തന്റെ ആത്മീയസാന്നിധ്യം ഉറപ്പുനൽകിയ പാപ്പ, രാജ്യം കടന്നുപോകുന്ന ഈ വിഷമസ്ഥിതിയിൽ, അപകടത്തിൽ മരണമടഞ്ഞവർക്കും ദുഃഖിതരായിരിക്കുന്ന അവരുടെ കുടുംബാംഗങ്ങൾക്കും അപകടത്തിൽ പരിക്കേറ്റവർക്കും തന്റെ പ്രാർഥന വാഗ്ദാനം ചെയ്തു.

സെർബിയയിലെ ബെൽഗ്രേഡിൽനിന്നും നൂറോളം കിലോമീറ്ററുകൾ അകലെയാണ് നോവി സാദ് റെയിൽവേ സ്റ്റേഷൻ. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ മരണമടഞ്ഞവരിൽ ആറുവയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഏതാണ്ട് 35 മീറ്റർ നീളമുള്ള കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണാണ് അപകടമുണ്ടായത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.