
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലൂടെ മനുഷ്യത്വത്തിന്റെ മാനവിക മുഖമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വേർപാട് കത്തോലിക്ക സഭക്ക് മാത്രമല്ല ലോകത്ത് ആകമാനമുള്ള ക്രൈസ്തവ സഭകൾക്കും സമൂഹങ്ങൾക്കും, മാനവരാശിക്ക് മുഴുവനും തീരാത്ത നക്ഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. യാക്കോബായ ബിഷപ്പ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് പാപ്പയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേകത സഭയെ വിശ്വാസത്തിൽ സമൂഹമധ്യത്തിലേക്ക്, മനുഷ്യഹൃദയങ്ങളിലേക്ക് എത്തിച്ച മഹാനായ ഒരു ആത്മീയ പിതാവായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പക്ഷം ചേർന്ന് അവരുടെ ശബ്ദം ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ. പാപ്പയുടെ വ്യക്തമായ നിലപാടുകളും ക്രൈസ്തവ ദർശനങ്ങളും പലപ്പോഴും നിലവിലുള്ള സംഹിതകൾക്ക് ഉൾക്കൊള്ളുവാൻ ഒരുപക്ഷേ പ്രയാസമുണ്ടായിരുന്നിരിക്കാം. എന്നാൽ മനുഷ്യകുലത്തെ മുഴുവനും ക്രൈസ്തവ സ്നേഹത്തിന്റെ ചരടിൽ കോർത്തിണക്കുവാൻ അദ്ദേഹത്തിനു സാധിച്ചു എന്നുള്ളതാണ് ആ ശുശ്രുഷയുടെ ഏറ്റവും വലിയ മഹത്വം ആയിട്ടു ഇന്ന് നമ്മൾ കാണുന്നത്.
“അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും സമൂഹത്തിലെ അവഗണിക്കപ്പെട്ടവർക്കും സാധുക്കൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, അവരുടെ ശബ്ദമായി ലോകത്തിന്റെ മുൻപിൽ നീതിക്കും, മനുഷ്യാവകാശത്തിനും, സമാധാനത്തിനും വേണ്ടി വിട്ടുവീഴ്ചകൾ ഇല്ലാത്ത ശക്തമായ നിലപാടുകൾ സ്വീകരിച്ച ഒരു ആത്മീയ ആചാര്യൻ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ. അതുകൊണ്ട് തന്നെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പകരം വയ്ക്കാൻ അദ്ദേഹം മാത്രമേയുള്ളൂ.”
ഇതര ക്രൈസ്തവ സഭകളുമായിട്ടുള്ള എക്കുമെനിക്കൽ ബന്ധങ്ങൾ ദൃഢമാക്കുവാൻ അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് ഓർത്തഡോക്സ് സഭകളുമായിട്ടുള്ള അദ്ദേഹത്തിന്റെ എക്കുമെനിക്കൽ ബന്ധം അദ്ദേഹം എപ്പോഴും അത് അടിവരയിട്ടു പറയുമായിരുന്നു. വ്യക്തിപരമായി എനിക്ക് അത് അറിയാവുന്ന ഒരു കാര്യമാണ്. കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭകളും ഇതര ക്രൈസ്തവ സഭകളും ആയിട്ടുള്ള ദൈവശാസ്ത്ര സംവാദങ്ങളിലെല്ലാം അദ്ദേഹം വ്യക്തിപരമായി താൽപര്യം കാണിച്ചു എന്നുള്ളത് ഞാൻ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. എല്ലാ ക്രൈസ്തവ സഭകളെയും ഒരു കുടക്കീഴിൽ ചേർത്തുനിർത്തി, ലോകത്തിനു മുഴുവനും സാക്ഷ്യമായി നിൽക്കുവാൻ തക്കവണ്ണമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ മരണംവരെയും അദ്ദേഹം തുടർന്നുകൊണ്ടിരുന്നു.
എന്റെ വ്യക്തിപരമായി ഒരു അനുഭവത്തിൽ സുറിയാനി ഓർത്തഡോക്സ് സഭയുമായി പാപ്പ വളരെ അടുത്ത ഒരു ബന്ധമാണ് കാത്തുസൂക്ഷിച്ചുകൊണ്ടിരുന്നത്. 2015 ൽ പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ വത്തിക്കാനിലെ സന്ദർശനം ഞാൻ ഓർക്കുകയാണ്. കാലം ചെയ്ത ശ്രേഷ്ഠ ബാവയും അതോടൊപ്പം തന്നെ ഇപ്പോഴത്തെ നമ്മുടെ ശ്രേഷ്ഠ ബാവയും ബലഹീനനായ ഞാനും ആ കൂടെ ഉണ്ടായിരുന്നു. അന്ന് പരിശുദ്ധ മാർപാപ്പയുടെ ഭവനത്തിൽ തന്നെയാണ് ഞങ്ങൾക്ക് താമസം ഒരുക്കിയത്. അദ്ദേഹം നൽകിയ ഹൃദ്യമായ ആ സ്വീകരണവും സ്നേഹവും പരിശുദ്ധ പാത്രിയാർക്കീസ് ബാവയോട് പറഞ്ഞ ഒരു വാചകവും ഞാൻ ഇപ്പോഴും ഓർക്കുകയാണ്. ബാവായെ വിളിച്ചത് ‘എന്റെ ജേഷ്ഠ സഹോദരൻ’ എന്നാണ്. പ്രായത്തിൽ മാർപാപ്പയുടെ പകുതി പ്രായമേ ഉള്ളൂ. പരിശുദ്ധ ബാവായെ ജേഷ്ഠ സഹോദരൻ എന്ന് വിളിച്ചത് അന്ത്യോഖ്യയുടെ പൗരാണികതയോടുള്ള ബഹുമാനം കൊണ്ടാണെന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം. അത് അദ്ദേഹത്തിൻറെ ഹൃദയ വിശാലതയും മഹത്വവും സൂചിപ്പിക്കുന്ന ഒന്നാണ്.
എന്നെ സംബന്ധിച്ചിടത്തോളം എനിക്കൊരിക്കലും മറക്കുവാൻ കഴിയാത്ത ഒരു സംഭവം, ആലപ്പോയിലെ ഇബ്രാഹിം തിരുമേനിയെ ഭീകരന്മാർ തട്ടിക്കൊണ്ടുപോയ സാഹചര്യത്തിൽ വത്തിക്കാനിൽ ഒരു സമ്മേളനം നടക്കുകയാണ്. അതിൽ പരിശുദ്ധ മാർപാപ്പയാണ് അധ്യക്ഷത വഹിക്കുന്നത്. ബലഹീനനായ ഞാൻ ആ വിഷയം അവിടെ അവതരിപ്പിച്ച് സങ്കടം അദ്ദേഹത്തിൻറെ മുൻപിൽ അവതരിപ്പിച്ചപ്പോൾ, സാധാരണഗതിയിൽ എന്റെ എളിയ പ്രസംഗം കഴിഞ്ഞ് മാർപാപ്പയുടെ അടുത്ത് കൈ മുത്തുവാൻ ചെല്ലുന്ന സമയത്ത്, ഞാൻ അങ്ങോട്ട് നീങ്ങുന്നതിനു മുൻപ് തന്നെ അദ്ദേഹം താൻ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു വന്നു കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. അദ്ദേഹം എന്നെ ചേർത്ത് പിടിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ കഴിയുകയില്ല. വർഷത്തിൽ ഒരു പ്രാവശ്യം എങ്കിലും വിവിധ എക്കുമെനിക്കൽ മീറ്റിങ്ങുകൾക്കായി പരിശുദ്ധ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താറുണ്ട്. ആ സമയത്തെല്ലാം അദ്ദേഹത്തിൻറെ സ്നേഹവും കരുതലും എക്യുമെനിക്കൽ വിശാലമായ കാഴ്ചപ്പാടുകളും എല്ലാം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
സമാധാനത്തിന്റെ ദൂതനായിരുന്ന മാർപാപ്പയുടെ വേർപാട് മാനവരാശിക്ക്, ലോകത്തിന്, വലിയ നഷ്ടമാണ് എന്നതിൽ സംശയമില്ല. എന്നാൽ അദ്ദേഹം അവശേഷിപ്പിച്ച സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും മാനവികതയുടെയും, പ്രത്യേകിച്ച് ക്രൈസ്തവ സ്നേഹത്തെ ലോകത്തിനു മുഴുവനും പകർന്നുകൊടുത്ത ആ ഹൃദയ വിശാലതയും ലോകം, മനുഷ്യരാശി ഉള്ളടത്തോളം കാലം മറക്കില്ല.
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയുടെയും, സഭയിലെ പിതാക്കന്മാരുടെയും വൈദീക ഗണങ്ങളുടെയും എല്ലാ സഭാ വിശ്വാസികളുടെയും പേരിലുള്ളതായ അനുശോചനം അറിയിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ വേർപാട് കത്തോലിക്കാ സഭയുടെ മാത്രം ദുഃഖമോ നഷ്ടമോ അല്ല. മാനവരാശിയുടെ മുഴുവനും നഷ്ടമാണ്. വേർപാടിൽ ദുഃഖിക്കുന്ന പരിശുദ്ധ കത്തോലിക്കാ സഭയുടെ എല്ലാ ദൈവമക്കളോടുമുള്ള അനുശോചനം അറിയിച്ചുകൊണ്ട് പരിശുദ്ധ മാർപാപ്പയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ബിഷപ്പ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്