2022 ഒക്ടോബറിൽ തന്റെ കരിച്ചൂളയിലേക്ക് നടക്കുമ്പോൾ ഡാനിയേൽ എന്ന ചെറുപ്പക്കാരനുനേരെ സൊമാലിയയിലെ തീവ്ര ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ഉണ്ടായി. പകൽവെളിച്ചത്തിലുണ്ടായ ഈ ആക്രമണത്തിൽനിന്നും ജീവൻ നഷ്ടപ്പെടാതെ അദ്ദേഹം കഷ്ടിച്ചു മാത്രമാണ് രക്ഷപ്പെട്ടത്. ഒരു വനത്തിൽ അഭയം പ്രാപിച്ച ഡാനിയേലിനെ ആക്രമണം നടന്ന് ദിവസങ്ങൾക്കുശേഷമാണ് കണ്ടെത്തിയത്. അവരുടെ ആക്രമണത്തിൽ ഡാനിയേലിന്റെ നെഞ്ചിന് വെടിയേറ്റിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശസ്ത്രക്രിയ നടത്തിയതിനാൽ ജീവൻ രക്ഷിക്കാനായി.
“മുസ്ലീം തീവ്രവാദികൾ എന്നെ വെടിവെച്ചതിനുശേഷം പ്രാണരക്ഷാർഥം ഞാൻ കാട്ടിൽ അഭയം തേടുകയായിരുന്നു. ശരിയായ ചികിത്സ ലഭിക്കാതെ മൂന്ന് ദിവസം ഞാൻ അവിടെ ചെലവഴിച്ചു. ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ വേദനയിൽ നിന്ന് എന്നെ രക്ഷപെടുത്താൻ ഞാൻ കർത്താവിനോട് അപേക്ഷിച്ചു. എനിക്ക് ഒരു അവസരം കൂടി തന്നു. ശാരീരികവേദന എല്ലായ്‌പ്പോഴും മരണത്തിലേക്ക് നയിക്കില്ല എന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ഞാൻ. ഞാൻ ഇതുവരെ പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ലെങ്കിലും എന്റെ ആരോഗ്യത്തിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഓരോ ദിവസവും ഞാൻ ശക്തി വീണ്ടെടുക്കുകയാണ്” – ഡാനിയൽ പറയുന്നു.
മാതാപിതാക്കളെ പോറ്റുന്നതിനും സഹോദരങ്ങളെ സഹായിക്കുന്നതിനുമായി ഡാനിയൽ ചെറിയ തോതിൽ കൃഷി ചെയ്തിരുന്നു. ഇപ്പോഴും പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ലാത്തതിനാലും കൈയിലും നെഞ്ചിലും വെടിയേറ്റതിനാലും ഫാമിൽ കൃഷി ചെയ്യാൻ തുടങ്ങുന്നതിന് ഡാനിയേലിന് കുറച്ചു സമയമെടുക്കും. എങ്കിലും ഡാനിയേൽ പ്രതീക്ഷ കൈവിടാതെ ജീവിക്കുന്ന സാക്ഷ്യമായി മാറുകയാണ്.