എട്ടു വർഷമായി അൽ-ക്വയ്‌ദ തടവിലാക്കിയ റൊമേനിയൻ പൗരൻ മോചിതനായി

ബുർക്കിന ഫാസോയിലെ ഒരു മാംഗനീസ് ഖനിയിലെ സുരക്ഷാ ഏജന്റായ റൊമാനിയൻ പൗരൻ യൂലിയൻ ഗെർഗട്ട് മോചിതനായി. 2015-ലാണ് ഇദ്ദേഹത്തെ ഇസ്ലാമിക് മഗ്രിബിലെ അൽ-ക്വയ്‌ദയുടെ അൽ-മൗറാബിറ്റൂൺ ഭീകരസംഘം തട്ടിക്കൊണ്ടുപോയത്. യൂലിയന്റെ മോചനത്തിനായി നിരവധി പേരാണ് വർഷങ്ങളായി കാത്തിരുന്നത്.

രണ്ടുവർഷത്തോളം സഹേലിൽ ജിഹാദിസ്റ്റുകൾ ബന്ദിയാക്കിയ സൊസൈറ്റി ഫോർ ആഫ്രിക്കൻ മിഷനിലെ പുരോഹിതനായ ഫാ. പിയർ ലൂയിജി മക്കല്ലി, യൂലിയന്റെ വിമോചനവാർത്ത അറിഞ്ഞതിനുപിന്നാലെ പ്രതികരിച്ചത്, “വിമോചനത്തിന്റെ മഹത്തായ വാർത്ത; ഹല്ലേലൂയാ” എന്നായിരുന്നു. കഴിഞ്ഞ എട്ടുവർഷങ്ങളായി താൻ അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കുകയായിരുന്നുവെന്നും ഫാ. പിയർ ലൂയിജി വെളിപ്പെടുത്തി.

അങ്ങേയറ്റം സങ്കീർണ്ണമായ ഈ വിമോചനത്തിന് സഹായിച്ച എല്ലാവർക്കും റൊമാനിയൻ വിദേശകാര്യമന്ത്രാലയം നന്ദി പ്രകാശിപ്പിച്ചു. എല്ലാ രാഷ്ട്രീയ-നയതന്ത്രതലങ്ങളും വർഷങ്ങളായി നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് യൂലിയന്റെ മോചനമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.