നൈജീരിയയിലെ കത്തോലിക്ക രൂപതയായ ഔച്ചിയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായിരുന്ന ഫാ. തോമസ് ഒയോഡിനെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ഒക്ടോബർ 27 ഞായറാഴ്ച, സെമിനാരിയിൽ സായാഹ്നപ്രാർഥനയ്ക്കിടെയാണ് ആക്രമണം നടന്നത്. എഡോ സ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിനുനേരെ ആക്രമണം നടത്തിയശേഷമാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്.
“വൈകിട്ട് ഏഴുമണിയോടെയാണ് ഫാ. തോമസിനെ തട്ടിക്കൊണ്ടുപോയത്. ആക്രമണം നടന്നെങ്കിലും സെമിനാരി വൈസ് റെക്ടറും എല്ലാ സെമിനാരിക്കാരും സുരക്ഷിതരാണ്” – രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ വെളിപ്പെടുത്തി. സ്ഥാപനത്തിനു ചുറ്റും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സെമിനാരിക്കാരെയും മൈനർ സെമിനാരിയിലെ എല്ലാ ജീവനക്കാരെയും താൽക്കാലികമായി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. തോമസ് എവിടെയാണ് എന്നതുമായി ബന്ധപ്പെട്ട് രൂപതയ്ക്ക് ഇതുവരെ ഒരു സന്ദേശവും ലഭിക്കാത്തതിൽ ഫാ. എഗിലേവ ഖേദം പ്രകടിപ്പിച്ചു. സംഭവത്തിന്റെ ഔദ്യോഗിക റിപ്പോർട്ട് നൈജീരിയൻ അധികാരികൾക്കു നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊള്ളസംഘങ്ങളുടെ വർധിച്ചുവരുന്ന ആക്രമണങ്ങൾക്ക് സാക്ഷ്യംവഹിക്കുന്ന നൈജീരിയയിലെ ഈ മൈനർ സെമിനാരിയിൽനിന്ന് ഇതുവരെ അഞ്ഞൂറിലധികം വൈദികാർഥികൾ പഠനം പൂർത്തിയാക്കി കടന്നുപോയിട്ടുണ്ട്.