സമൂഹം ശകുനങ്ങളായി കാണുന്ന വൈകല്യമുള്ള കുഞ്ഞുങ്ങളെ രക്ഷിച്ച് ഘാനയിലെ ഒരു സന്യാസിനി

നൈജീരിയയിൽ 15 വർഷത്തോളം സേവനമനുഷ്ഠിച്ചശേഷം സിസ്റ്റർ സ്റ്റാൻ തെരേസ് മരിയോ മുമുനി സ്വന്തം നാടായ ഘാനയിലേക്കു മടങ്ങിയത് ഒരു പ്രത്യേക ലക്ഷ്യത്തോടെയായിരുന്നു. പലതരത്തിലുള്ള വൈകല്യങ്ങളോടെ ജനിച്ച കുട്ടികളെ, അവരുടെ വൈകല്യങ്ങൾ ദുഷ്ടശക്തികളുടെ ശാപമാണെന്നും ശകുനമെന്നും മുദ്രകുത്തി മരണത്തിനു വിട്ടുകൊടുക്കുന്ന മാതാപിതാക്കളിൽനിന്നും രക്ഷിച്ച് വളർത്തുക എന്ന, ഉത്തരവാദിത്വങ്ങൾ ഏറെയുള്ള ഒരു മിഷൻ.

ഘാനയുടെ വടക്കൻഭാഗത്തുള്ള ഒരു മുസ്ലീംകുടുംബത്തിൽ നിന്ന് ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്ത് ചെറുതായി തുടങ്ങിയ ആ പുണ്യപ്രവൃത്തി ഇന്ന് 130 -ഓളം കുട്ടികളുള്ള ഒരു വലിയ കുടുംബമായി മാറിയിരിക്കുന്നു.

പല്ലുകൾ നീണ്ടുനിൽക്കുന്ന, മുഖത്തും ഗുഹ്യഭാഗത്തും രോമങ്ങൾ, രണ്ട് ലൈംഗികാവയവങ്ങൾ, അസാധാരണമാംവിധം വലിപ്പമുള്ള തല (ഹൈഡ്രോസെഫാലസ്), മൂന്നു വയസ്സിനുശേഷം നടക്കാൻ കഴിയാത്ത കുട്ടികൾ, അല്ലെങ്കിൽ ജനനസമയത്ത് അമ്മയെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ട, അപസ്മാരം ബാധിച്ച, ബധിരരും മൂകരും അന്ധരുമായ കുട്ടികളാണ് ഇവരിൽ ഭൂരിഭാഗവും.

വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളെ കുടുംബത്തിനും സമൂഹത്തിനും നാശംവരുത്തുന്ന ശകുനങ്ങളായാണ് ഘാനയിലെ സമൂഹം കാണുന്നത്. പ്രകൃതിയെയും മൃഗങ്ങളെയും ആരാധിക്കുന്ന സമൂഹം ഇവരെ ഒന്നുകിൽ കൊല്ലുകയോ അല്ലെങ്കിൽ കാട്ടിലേക്ക് എറിയുകയോ ചെയ്യും. കുടുംബങ്ങളുടെ സംരക്ഷണ-സ്നേഹവലയത്തിൽനിന്നും പുറത്താക്കപ്പെടുന്ന ഇത്തരം കുഞ്ഞുങ്ങളെ സംരക്ഷിച്ച് സ്നേഹത്തോടെ വളർത്തുക എന്നതാണ് താൻ സ്ഥാപിച്ച ദൈവമക്കൾക്കായുള്ള ‘നസ്രത്ത് ഹോമി’ന്റെ ദൗത്യമെന്ന് ഈ സന്യാസിനി പറയുന്നു.

ഘാനയുടെ വടക്കൻപ്രദേശമായ തമാലെയിലെ യെൻഡി രൂപതയിൽ സ്ഥിതിചെയ്യുന്ന സാങ്ങിൽ മുമുനിയുടെ നേതൃത്വത്തിൽ ‘മരിയൻ സിസ്റ്റേഴ്‌സ് ഓഫ് യൂക്കരിസ്റ്റിക് ലവ്’ (MASEL) 2009 -ലാണ് നസ്രത്ത്‌ ഹോം സ്ഥാപിക്കുന്നത്. കുട്ടികളുടെ ഭക്ഷണം, താമസം, വിദ്യാഭ്യാസം, പരിശീലനം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രികരിച്ച് ഒരു വാടകക്കെട്ടിടത്തിൽ തുടങ്ങിയ നസ്രത്ത്‌ ഹോം, 2014 -ൽ കത്തോലിക്കാ മിഷനുകളുടെയും രാജ്യത്തിനകത്തും പുറത്തുമുള്ള നല്ല മനുഷ്യരുടെയും സഹായത്തോടെ പുതിയ കെട്ടിടത്തിലേക്കു മാറി.

എന്താണ് ഈ മിഷൻ സ്വീകരിക്കാനുള്ള പ്രചോദനമെന്നു ചോദിച്ചാൽ, ദൈവം തനിക്കുതന്ന സ്നേഹം താൻ പകർന്നുനൽകുന്നു എന്നുമാത്രമായിരുന്നു മുമുനിയുടെ മറുപടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.