സാധാരണ ടി. വി. ചാനലുകളിൽ വാശിയേറിയ വാദപ്രതിവാദങ്ങളും വാചക കസർത്തുകളും റിപ്പോർട്ടിങ്ങുകളുമൊക്കെയായി കത്തിക്കയറുന്ന റിപ്പോർട്ടർമാരെ കാണാൻ കഴിയും. എന്നാൽ, സാധാരണ കാണുന്ന ചാനലുകളിൽനിന്നും വ്യത്യസ്തമായതും എന്നാൽ മാധ്യമ ധർമ്മങ്ങളിൽനിന്നും ഒട്ടും പിന്നോട്ടുപോകാത്തതുമായ ഒരു ടി. വി. ചാനലുണ്ട് നോർവെയിൽ. ടി. വി. ബി. ആർ. എ. ഈ ചാനലിൽ പ്രവർത്തിക്കുന്ന ആളുകളെല്ലാവരും പഠനവൈകല്യങ്ങളോ, ഓട്ടിസമോ മറ്റേതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോ ഉള്ളവരാണ്.
എല്ലാ ആഴ്ചയും വാർത്തകൾ, വിനോദം, കായികം എന്നിവ ഉൾക്കൊള്ളുന്ന, ഒരു മണിക്കൂർ ദൈർഘ്യമുള്ള മാഗസിൻ പ്രോഗ്രാം അവർ ഒരുമിച്ചുചേർക്കുന്നു.ഇതൊരു പ്രധാന നോർവീജിയൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ടി. വി. 2 പ്ലേയിലും ടി. വി. ബി. ആർ. എ. യുടെ സ്വന്തം ആപ്ലിക്കേഷനിലും വെബ്സൈറ്റിലും പ്രക്ഷേപണം ചെയ്യുന്നു. ലളിതമായ നോർവീജിയൻ ഭാഷയിൽ അവതരിപ്പിക്കപ്പെടുന്ന ഈ പരിപാടി മുഖ്യധാരാ വാർത്താ റിപ്പോർട്ടുകളേക്കാൾ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. അതിനാൽത്തന്നെ ഈ വാർത്തകൾ പിന്തുടരുന്നത് ആളുകൾക്ക് എളുപ്പമാണ്.
ഓരോ ആഴ്ചയും 4,000 മുതൽ 5,000 വരെ ആളുകൾ വരെ ചാനൽ ബി. ആർ. എ. ടൂൺ ചെയ്യുന്നുണ്ട് എന്നത് വളരെ അതിശയകരമാണ്. ഈ ചാനലിന് രാജ്യത്തുടനീളമായി പത്ത് റിപ്പോർട്ടർമാരുണ്ട്. അവർ പ്രാദേശികവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന കാർസ്സ്‌പോണ്ടന്റ്മാരായി ജോലിചെയ്യുന്നു.
ഒരു പതിറ്റാണ്ട് മുമ്പ് ബെർഗനിലെ ഒരു റെസിഡൻഷ്യൽ കെയർ ഹോമിൽ പഠനവൈകല്യമുള്ളവർക്കായി അധ്യാപികയായി ജോലിചെയ്യുമ്പോഴാണ് ടി. വി. ബി. ആർ. എ. എന്ന ആശയം സ്റ്റേഷന്റെ മാനേജിംഗ് എഡിറ്ററും നിലവിൽ മേക്കപ്പ് ആർട്ടിസ്റ്റുമായ കാമില ക്വാൽഹൈമിന്റെ ഉള്ളിലെത്തുന്നത്. ഈ ആശയത്തോടൊപ്പം സിനിമയെ പിന്തുടരാനുള്ള അഭിനിവേശവും കൂടെ ചേർന്നപ്പോൾ ടി. വി. ബി. ആർ. എ. രൂപം കൊണ്ടു. ഇന്ന് കാമില ക്വാൽഹൈമിനൊപ്പം ചെറിയ ഒരു ക്രൂ കൂടെയുണ്ട് ഇവർക്ക്.
പഠനവൈകല്യമുള്ള ആളുകൾ അവതരിപ്പിക്കുന്ന ഒരു വാർത്താസ്റ്റേഷൻ എന്നതിലുപരി ആധുനിക സാങ്കേതികവിദ്യകളെ വൈകല്യമുള്ളവർക്കും കൂടെ ഉപയോഗപ്രദമായ രീതിയിൽ നൽകുക എന്ന ലക്ഷ്യമാണ് ഈ ചാനലിനുള്ളത്. ടി. വി. ബി. ആർ. എ. യുടെ കാഴ്ചക്കാർക്ക് ഇത്തരത്തിലുള്ള സേവനം അനിവാര്യമാണ്. “ഈ ടി. വി.സ്റ്റേഷൻ ഞങ്ങളുടെ സമൂഹത്തിന് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അവർ കാര്യങ്ങൾ നന്നായി വിശദീകരിക്കുന്നു. എൻ. ആർ. കെ. പോലുള്ള മറ്റ് വാർത്തകളിൽ, ഞങ്ങൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ടി. വി. ബി. ആർ. എ. മനസ്സിലാക്കാൻ വളരെ എളുപ്പമാണ്” – പഠനവൈകല്യമുള്ള സ്റ്റേഷന്റെ ആരാധകനായ ആൻ-ബ്രിറ്റ് എക്കർഹോവ്ദ് പറയുന്നു.