കത്തോലിക്കാ വിശ്വാസവും വീരത്വവും അനാവരണം ചെയ്യുന്ന മാർട്ടിൻ സ്കോർസെസെയുടെ പുതിയ സീരീസ് പ്രദർശനത്തിന്

പ്രശസ്ത ചലച്ചിത്ര സംവിധായകനായ മാർട്ടിൻ സ്കോർസെസെ തന്റെ ഏറ്റവും പുതിയ പ്രോജക്റ്റായ ‘ദ സെയിന്റ്സ്’ ന്റെ അണിയറപ്രവർത്തനത്തിലാണ്. എട്ടു ഭാഗങ്ങളുള്ള  ഈ ഡോക്യുഡ്രാമ സീരീസ്, കത്തോലിക്കാ വിശുദ്ധരുടെ ജീവിതത്തെ തുറന്നുകാട്ടുന്നതാണ്.

2024 നവംബർ 17 ന് ഫോക്സ് നേഷനിൽ പ്രീമിയർ ചെയ്യുന്ന ഈ പരമ്പര, സെന്റ് ജോവാൻ ഓഫ് ആർക്ക്, സെന്റ് ഫ്രാൻസിസ് ഓഫ് അസീസി, സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്, സെന്റ് തോമസ് ബെക്കറ്റ്, സെന്റ് മേരി മഗ്ദലീൻ, സെന്റ് മോസസ് ദി ബ്ലാക്ക്, സെന്റ്സെബാസ്റ്റ്യൻ, സെന്റ് മാക്സിമിലിയൻ കോൾബെ എന്നിവരുടെ ജീവിതങ്ങളാണ് അഭ്രപാളികളിൽ ചിത്രീകരിച്ചിരിക്കുന്നത്.

‘ദ ലാസ്റ്റ് ടെംപ്‌റ്റേഷൻ ഓഫ് ക്രൈസ്റ്റ്’, ‘സൈലൻസ്’ തുടങ്ങിയ കത്തോലിക്കാ പ്രമേയ സിനിമകൾക്കു പേരുകേട്ട സ്കോർസെസെ, വർഷങ്ങളായി ഈ പ്രോജക്ക്ടിന്റെ അണിയറയിലായിരുന്നു.

ഉജ്വലമായ ചരിത്രസന്ദർഭം, ഗ്രാഫിക് സംഘട്ടനം, ഭയാനകമായ വിശദാംശങ്ങൾ എന്നിവ ഈ സീരീസ് ഉൾക്കൊള്ളുന്നു. ഇത് മുതിർന്ന പ്രേക്ഷകർക്കുമാത്രം അനുയോജ്യമാകുന്നു. ജെസ്യൂട്ട് പുരോഹിതൻ ഫാ. ജെയിംസ് മാർട്ടിൻ, എഴുത്തുകാരി മേരി കാർ, ജോർജ്ടൗൺ സഹപ്രവർത്തകൻ പോൾ എലി എന്നിവർ മോഡറേറ്റ് ചെയ്യുന്ന ഒരു പാനൽ ചർച്ചയോടെയാണ് ഓരോ എപ്പിസോഡും അവസാനിക്കുന്നത്.

കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള സ്കോർസെസിയുടെ പര്യവേഷണം ആഴത്തിലുള്ളതും വ്യക്തിപരവുമാണ്. അത് അദ്ദേഹത്തിന്റെ സ്വന്തം വിശ്വാസയാത്രയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന സ്കോർസെസിയുടെ അടുത്ത പ്രോജക്റ്റ്, ‘എ ലൈഫ് ഓഫ് ജീസസ്’ ഇതിനകം പ്രവർത്തനത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.