ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ എല്ലാ വർഷവും നടന്നുവരുന്ന ‘ഖോർജ എൽ മഡോണ’ എന്നറിയപ്പെടുന്ന ഒരു മരിയൻ പ്രദക്ഷിണമുണ്ട്. മതസൗഹാർദത്തിന്റെ വലിയ ഉദാഹരണമായ ഈ പ്രദക്ഷിണത്തിൽ കത്തോലിക്കരും മുസ്ലീങ്ങളും ഒന്നിച്ച് അണിനിരക്കുന്നു. രാജ്യത്തെ മതസഹിഷ്ണുതയ്ക്കും സഹവർത്തിത്വത്തിനും സാക്ഷ്യം വഹിക്കുന്ന ഒരു വലിയ വേദി കൂടിയാണിത്.
ക്രൈസ്തവരുടെ എണ്ണം വളരെ കുറവുള്ള രാജ്യമാണ് ടുണീഷ്യ. 2010-ന്റെ തുടക്കത്തിൽ തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങൾ ഉയർന്നെങ്കിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പാരമ്പര്യത്തിന് ഇന്നും മാറ്റമൊന്നുമില്ലാതെ തുടരുന്നു. ആഗസ്റ്റ് 15 സ്വർഗാരോഹണ തിരുനാൾ ദിനത്തിലാണ്, ടുണീഷ്യയ്ക്കു വടക്കുള്ള ലാ ഗൗലെറ്റിൽ ഈ പ്രദക്ഷിണം നടക്കുന്നത്. മുസ്ലീം പങ്കാളിത്തം ഈ പ്രദക്ഷിണത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ക്രിസ്ത്യാനികൾ ഏകദേശം 25,000 മുതൽ 30,000 വരെ മാത്രമുള്ള ന്യൂനപക്ഷം ഉൾക്കൊള്ളുന്ന ഒരു രാജ്യത്ത് ‘ഖോർജ എൽ മഡോണ’ വലിയ മതസൗഹാർദത്തിന്റെ പ്രതീകമാണ്.
‘ഖോർജ എൽ മഡോണ’
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ട്രപാനിയിൽ നിന്നുള്ള സിസിലിയൻ കുടിയേറ്റക്കാർ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപം ടുണീഷ്യയിലേക്കു കൊണ്ടുവന്നതോടെയാണ് ഈ പാരമ്പര്യം ആരംഭിക്കുന്നത്. ഇന്ന്, ടുണീഷ്യക്കാർ അഭിമാനത്തോടെ പരിശുദ്ധ കന്യകാമാതാവിനെ ‘ട്രപാനിക്കിന്റെ കന്യക’, ‘ടുണിഷ്യയിലെ കന്യക’ എന്നു വിളിക്കുന്നു. എല്ലാ വർഷവും നൂറുകണക്കിന് വിശ്വാസികളാണ് പ്രദക്ഷിണത്തിനായി ദൈവാലയത്തിൽ ഒത്തുകൂടുന്നത്. അക്രൈസ്തവരും ക്രിസ്ത്യൻ പ്രവാസികളും ആഫ്രിക്കൻ കുടിയേറ്റക്കാരുമുൾപ്പെടെ നിരവധിപേരാണ് ഈ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്.
മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെപ്പോലെ, ടുണീഷ്യയിലും ഇസ്ലാമിൽനിന്ന് ക്രിസ്തുവിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്ന ആളുകളുടെ എണ്ണം വർധിച്ചുവരികയാണെന്ന് പ്രാദേശിക സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ സ്ഥിരീകരിച്ചു. ടുണീഷ്യയിൽ മതപരിവർത്തനങ്ങളെ ക്രിമിനൽ കുറ്റമാക്കുന്നില്ലെങ്കിലും സാമൂഹിക വിലക്കുകൾ ടുണീഷ്യൻ മതപരിവർത്തനത്തിന്മേൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്.