
വലിയ മരത്തിന്റെ തടിയിൽ നിർമ്മിച്ച ഒരു ചെറിയ ദൈവാലയമുണ്ട്. ഒരേസമയം രണ്ടുപേർക്കു മാത്രം നിൽക്കാവുന്ന ഈ ട്രീ ചർച്ചിന്റെ നിർമ്മാണത്തിനുപിന്നിൽ രസകരമായ ഒരു പ്രകൃതിസ്നേഹവും ദൈവിക ഇടപെടലുമുണ്ട്. ധാരാളം തീർഥാടകർ സന്ദർശിക്കുന്ന ഗ്രീസിലുള്ള ഈ ദൈവാലയത്തെക്കുറിച്ചു വായിച്ചറിയാം.
വടക്കുപടിഞ്ഞാറൻ ഗ്രീസിലെ അജിയ വർവാര ഗ്രാമത്തിൽ കൊനിറ്റ്സയിൽനിന്ന് 22 കിലോമീറ്റർ വടക്കായി ഒരു വലിയ മരത്തിന്റെ പൊത്തിലാണ് വി. പൈസോസിന്റെ നാമധേയത്തിലുള്ള ട്രീ ചർച്ച് സ്ഥിതിചെയ്യുന്നത്. ഓർത്തഡോക്സ് സഭയിലെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധരിൽ ഒരാളായ വി. പൈസോസ് തന്റെ ചെറുപ്പത്തിൽ ഈ പ്രദേശത്തിലൂടെ കടന്നുപോയതായി പറയപ്പെടുന്നു. പ്രാദേശികവീടുകളിൽ മരപ്പണിയും അറ്റകുറ്റപ്പണികളും നടത്താനാണ് സമീപഗ്രാമങ്ങളിലേക്കു പോയതെന്ന് വിശ്വസിക്കപ്പെടുന്നു.
വഴിയാത്രക്കാർ ഭക്ഷണം ചൂടാക്കാനും പാകം ചെയ്യാനുംവേണ്ടി മരത്തിന്റെ സമീപത്ത് തീ കൂട്ടിയിരുന്നതിനാൽ മരം ക്രമേണ നശിച്ചുതുടങ്ങി. ഓരോ വർഷം കഴിയുന്തോറും മരം ബലഹീനമായിത്തുടങ്ങി. അങ്ങനെ മറിഞ്ഞുവീഴാറായ വൃക്ഷം ഒരു ഗ്രാമീണൻ കല്ലുകൊണ്ട് താങ്ങിനിർത്തുകയും വി. പൈസോസിന്റെ ബഹുമാനാർഥം ഡെൻട്രോക്ലിസിയ എന്ന തീർഥാടനകേന്ദ്രമാക്കി മാറ്റുകയും ചെയ്തു.
ഈ മരദൈവാലയത്തിനു പുറത്ത് ഒരു ചെറിയ മണിയുണ്ട്. അകത്ത് രണ്ട് ആളുകളെ മാത്രം ഉൾക്കൊള്ളാവുന്നത്ര സ്ഥലമുണ്ട്. അതോടൊപ്പം സന്ദർശകർക്ക് മെഴുകുതിരി വയ്ക്കാനുള്ള സ്ഥലമുണ്ട്. ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും രൂപങ്ങളുടെ മധ്യത്തിൽ വി. പൈസോസിന്റെ രൂപവും ഇവിടെ വച്ചിട്ടുണ്ട്. ഒരുകാലത്ത് ശുഷ്കിച്ച് നിലംപതിക്കാറായ മരം ഇപ്പോൾ വീണ്ടും പച്ചപിടിച്ച് പ്രദേശത്തിനു മാറ്റുകൂട്ടുന്നു.
അവിശ്വസനീയമായ പ്രവചനങ്ങൾ, എണ്ണമറ്റ അത്ഭുതങ്ങൾ, ദൈവസ്നേഹത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ, മിസ്റ്റിസിസം എന്നിവയ്ക്കു പേരുകേട്ട വി. പൈസോസ് സഭയിലെ എല്ലാ വിശുദ്ധന്മാരിലും ഏറ്റവും ആദരണീയനാണ്. ഓർത്തഡോക്സ് വിശ്വാസികളിൽ, പ്രത്യേകിച്ച് ഗ്രീസ്, സൈപ്രസ്, റഷ്യ എന്നിവിടങ്ങളിൽ അദ്ദേഹം വളരെ ജനപ്രിയനാണ്.
1924 ൽ തുർക്കിയിലെ കപ്പഡോഷ്യയിൽ ജനിച്ച വി. പൈസോസ്, തന്റെ ജനനത്തിനു തൊട്ടുപിന്നാലെ തുർക്കിയും ഗ്രീസും തമ്മിലുള്ള ജനസംഖ്യാ വിനിമയത്തെത്തുടർന്ന് അഭയാർഥികളായി കുടുംബത്തോടൊപ്പം ഗ്രീസിലേക്ക് പലായനം ചെയ്തു. തന്റെ ജീവിതകാലത്ത് തുർക്കിയും റഷ്യയും തമ്മിലുള്ള ഭാവിയുദ്ധം ഉൾപ്പെടെ, ലോകസംഭവങ്ങളെയും രാഷ്ട്രീയത്തെയും കുറിച്ച് വിശുദ്ധൻ നിരവധി പ്രസിദ്ധമായ പ്രവചനങ്ങൾ നടത്തി.
വി. പൈസോസ് 1994 ൽ 69-ാം വയസ്സിൽ മരണമടഞ്ഞു. 2015 ൽ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ വിശുദ്ധ സൂനഹദോസ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ജൂലൈ 12 നാണ് അദ്ദേഹത്തിന്റെ തിരുനാൾദിനം ട്രീ ദൈവാലയത്തിൽ ആചരിക്കുന്നത്. ആയിരക്കണക്കിന് ആരാധകർ തെസ്സലോനിക്കയിലേക്കു പോയി വി. പൈസോസിന്റെ ഈ ദൈവാലയം സന്ദർശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. വിശുദ്ധന്റെ ശവകുടീരം സെന്റ് ജോൺ തിയോളജിയൻ ആശ്രമത്തിലാണ് സ്ഥിതിചെയ്യുന്നത്.
സുനീഷാ വി. എഫ്.