ഏകദേശം മൂന്നരവര്‍ഷം മുമ്പാണ് ബഹുമാനപ്പെട്ട ആന്റണി കൊമരഞ്ചാത്ത് ഒ.സി.ഡി അച്ചന്‍ കര്‍മ്മലീത്താ സഭയുടെ യുട്യൂബ് ചാനലായ കാര്‍മ്മല്‍ ദര്‍ശനുവേണ്ടി, ഒരു പുതിയ പരിപാടി ആവിഷ്‌കരിക്കുമോ എന്ന് എന്നോട് ആരാഞ്ഞത്. ആ ചോദ്യത്തില്‍നിന്നാണ് ‘തിരുവചന പദസാര’ത്തിന്റെ തുടക്കം. പി.ഒ.സി പഴയനിയമത്തിന്റെ പരിഷ്‌കരണസമിതി കണ്‍വീനറായി ഉത്തരവാദിത്വമേറ്റെടുത്ത 2016 മുതല്‍ മനസ്സിലുണ്ടായിരുന്ന ഒരു ചിന്തയുടെ ആവിഷ്‌കാരസാധ്യതയാണ് അച്ചന്റെ ചോദ്യത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞത്. ബൈബിളിന്റെ മൂലഭാഷകളായ ഹീബ്രു, ഗ്രീക്ക്, അറമായ എന്നിവ കൂടുതല്‍ ജനകീയമാക്കാനും ബൈബിള്‍പദങ്ങളുടെയും (lexemes) പ്രയോഗങ്ങളുടെയും (phrases) ആഴവും അര്‍ഥവും തിരിച്ചറിയാന്‍ സാധാരണക്കാരെ സഹായിക്കാനും എങ്ങനെ കഴിയുമെന്നതായിരുന്നു എന്റെ മനസ്സിനെ മഥിച്ചിരുന്ന ചിന്ത.
ബൈബിള്‍പഠനം ഗൗരവമായെടുക്കുന്ന പലര്‍ക്കും പ്രിയങ്കരമായിത്തീര്‍ന്നിട്ടുള്ള ‘തിരുവചന പദസാരം’ എന്ന യുട്യൂബ് സീരീസ് ഇതിനോടകം നൂറ്റിയമ്പത് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബൈബിള്‍ ഭാഷകളിലേക്ക് മനുഷ്യശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ പ്രോഗ്രാം സഹായകമാകുന്നു എന്ന് അനേകരുടെ സാക്ഷ്യങ്ങളില്‍നിന്നു വ്യക്തമാകുന്നുണ്ട്. പഠനവും ആത്മീയപ്രചോദനവും സാമൂഹിക – സാംസ്‌കാരികാസ്വാദനവും അവര്‍ക്ക് അതിലൂടെ ലഭിക്കുന്നുണ്ടത്രെ.
അത്തരത്തില്‍ ഈ പരിപാടി ആസ്വദിക്കുന്ന ഒരാളാണ് ചേര്‍ത്തലയിലുള്ള എന്റെ പ്രിയ സുഹൃത്ത് ശ്രീ. ആന്റണി വല്ല്യാട്ടിക്കരിയില്‍. ഞാന്‍ ആവശ്യപ്പെടാതെ തന്നെ, അദ്ദേഹം കുടുംബത്തിലെയും വില്ലേജ് ആഫീസിലെയും തന്റെ തിരക്കിട്ട ഉത്തരവാദിത്വങ്ങള്‍ക്കിടയിലും തിരുവചന പദസാരത്തിന്റെ അമ്പതോളം എപ്പിസോഡുകള്‍ വരമൊഴിയാക്കി. പേജ് മേക്കറില്‍ അത് ടൈപ്പുചെയ്യാനും അദ്ദേഹം സമയംകണ്ടെത്തി. മാത്രമല്ല, അതു മുഴുവന്‍ എനിക്ക് കൈമാറാനും ഒരുദിവസം മുഴുവനും എഡിറ്റിങ്ങില്‍ എന്നെ സഹായിക്കാനും അദ്ദേഹം സന്മനസ്സു കാട്ടി.
ഇതിനിടെയാണ് കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്റെ നിലവിലെ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട് ‘തിരുവചന പദസാരം’ പ്രസിദ്ധീകരിക്കാനുള്ള തന്റെ സന്നദ്ധത പ്രകടമാക്കിയത്. അങ്ങനെയാണ് ഈ ഗ്രന്ഥം പിറവിയെടുക്കുന്നത്. കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി തന്നെയാണ് ഞാന്‍ എഡിറ്റ് ചെയ്ത ‘ദേയീ വെര്‍ബും മുതല്‍ വെര്‍ബും ദോമിനി വരെ’ എന്ന ഗ്രന്ഥവും, രചിച്ച രണ്ടു വാല്യങ്ങളുള്ള ‘സങ്കീര്‍ത്തനസപര്യ’ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നത് നന്ദിയോടെ ഇവിടെ അനുസ്മരിക്കുന്നു.
പ്രമുഖ ബൈബിള്‍ പണ്ഡിതനും കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്റെയും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെയും ചെയര്‍മാനും ആലപ്പുഴ രൂപതാധ്യക്ഷനുമായ അഭിവന്ദ്യ ജെയിംസ് ആനാപറമ്പില്‍ പിതാവ് പ്രൗഢഗംഭീരമായ ഒരു അവതാരികയാല്‍ ഈ ഗ്രന്ഥത്തെ ആദരിച്ചിരിക്കുന്നു. അഭിവന്ദ്യ പിതാവിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
അഞ്ച് ഗണങ്ങളിലായി അമ്പത് പദ-പ്രയോഗപഠനങ്ങളാണ് ഈ ഗ്രന്ഥത്തിലൂടെ അനുവാചകരുടെ കരങ്ങളിലെത്തുന്നത്. ഗണനിര്‍ണയത്തില്‍ വിലപ്പെട്ട നിര്‍ദേശങ്ങള്‍ തന്ന് എന്നെ സഹായിച്ചത് ബഹു. ഷിന്റോ വെളീപറമ്പില്‍ അച്ചനാണ്. ‘In Principio’ അഥവാ ‘ആദിയില്‍’ എന്ന ശീര്‍ഷകത്തിനുകീഴില്‍ വരുന്ന കുറിപ്പുകളെല്ലാം ദൈവികസ്വഭാവസവിശേഷതകളെയും പൂര്‍വപിതാക്കന്മാരുടെ ജീവിതാനുഭവങ്ങളെയും സംബന്ധിച്ചവയാണ്. ‘Dilectus Meus’ (‘എന്റെ പ്രിയപ്പെട്ടവന്‍’) എന്ന യോഗാത്മക കുടക്കീഴില്‍ അനുവാചകര്‍ പരിചയപ്പെടുന്നത് ദൈവൈക്യത്തിന്റെ പദപ്രയോഗങ്ങളാണ്. ‘Voluntas Tua’ അഥവാ ‘അങ്ങയുടെ ഇഷ്ടം’ എന്ന തലക്കെട്ടിനുകീഴില്‍ സമര്‍പ്പണത്തിന്റെ പദവൈവിധ്യങ്ങളാണുള്ളതെങ്കില്‍ ‘Ecce Homo’ (‘ഇതാ, മനുഷ്യന്‍’) വെളിപ്പെടുത്തുന്നത് ക്രിസ്തുനിബദ്ധമായ പഴയ-പുതിയനിയമ പ്രയോഗങ്ങളാണ്. ‘Vidit et Credidit’ അഥവാ ‘അവന്‍ കണ്ടു വിശ്വസിച്ചു’ എന്ന ശീര്‍ഷകത്തിന്‍കീഴില്‍ വിശ്വാസബോധ്യങ്ങളുടെ തിരുപദസാക്ഷ്യങ്ങളാണ് അനുവാചകര്‍ക്കു ലഭിക്കുന്നത്.
ശ്രീ. ഡയസന്‍ ഡിസില്‍വ സുന്ദരമായി രൂപകല്പന ചെയ്ത ഈ ഗ്രന്ഥം ഇന്നലെ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബിരുദദാന ചടങ്ങിൽവച്ച് കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാൻ അഭിവന്ദ്യ മോൺസിഞ്ഞോർ അംബ്രോസ് പുത്തൻവീട്ടിൽ പ്രകാശനം ചെയ്തു.
ഈ ഗ്രന്ഥം ഞാൻ കൈരളിക്കു സമർപ്പിക്കുന്നു. സഭയ്ക്കും സമൂഹത്തിനും ഇത് പ്രയോജനപ്രദമാകുമെന്നാണ് എന്റെ പ്രതീക്ഷ. ‘തിരുവചന പദസാര’ത്തിന്റെ വായന നിങ്ങളുടെ കണ്ണുകള്‍ക്ക് വചനത്തെളിച്ചവും ഹൃദയങ്ങള്‍ക്ക് വചനജ്ജ്വലനവും പ്രദാനം ചെയ്യട്ടെ.
സസ്‌നേഹം,
ഫാ. ജോഷി മയ്യാറ്റില്‍
PS: പാലാരിവട്ടം POCയിലെ KCBC Bible Commission ഓഫീസിൽ (Tel: 0484 2805897) ഗ്രന്ഥം ലഭ്യമാണ്. 200 രൂപയാണ് വില. ക്രിസ്മസിനുമുമ്പ് bulk ആയി ഓർഡർ ചെയ്യുന്നവർക്ക് അത് 50% discountൽ ലഭിക്കുന്നതാണ്.