![A-cease-fire-is-essential-in-Gaza](https://i0.wp.com/www.lifeday.in/wp-content/uploads/2024/08/A-cease-fire-is-essential-in-Gaza.jpg?resize=696%2C435&ssl=1)
ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സമാധാനം കൈവരിക്കാൻ അനിവാര്യമായത് വെടിനിർത്തലിനുള്ള ചർച്ചകളും അതിനുള്ള പരിശ്രമങ്ങളുമാണെന്ന് ജെറുസലേമിന്റെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ല. ഇറ്റലിയിലെ റിമിനിയിൽ നടക്കുന്ന മനുഷ്യസൗഹാർദ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അവസരത്തിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം ആവർത്തിച്ചത്. സൈനികമുന്നേറ്റം തടഞ്ഞുകൊണ്ട് സ്ഥാപനതലത്തിൽ, രാഷ്ട്രീയ-മതനേതാക്കന്മാർ പരസ്പരവിശ്വാസം വളർത്തിയെടുക്കാനുള്ള പരിശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ജനങ്ങൾ ഇപ്പോഴും സമാധാനത്തിനായി പ്രത്യാശയോടെ കാത്തിരിക്കുകയാണ്. ഈ പ്രത്യാശ, മനുഷ്യകണ്ണുകളാൽ ദർശിക്കാൻ കഴിയില്ലെങ്കിലും ആത്മാവിന്റെ മിഴികളാൽ ദർശിക്കാൻ സാധിക്കും. സമാധാനമെന്നത്, ഒരു സംസ്കാരം തന്നെയായതിനാൽ എല്ലാവർക്കും തങ്ങളുടെ ജീവിതത്തിൽനിന്നും എന്തെങ്കിലുമൊക്കെ ഈ സമാധാനസ്ഥാപനത്തിനായി സംഭാവന നൽകാൻ സാധിക്കും. അത് എല്ലാ ജനതയുടെയും പ്രതിബദ്ധതയാണ്” – അദ്ദേഹം വ്യക്തമാക്കി.
വെറുപ്പും അവിശ്വാസവും അവഹേളനവും നിറഞ്ഞ മധ്യപൂർവേഷ്യയിൽ ഈ മനോഭാവങ്ങളെയെല്ലാം അതിജീവിക്കാൻ പ്രാർഥനയാണ് ഏറ്റവും വലിയ ശക്തിയെന്ന് കർദിനാൾ പറഞ്ഞു. രാഷ്ട്രീയതലത്തിൽ ഉന്നതമായ സംഭാഷണങ്ങൾ ഇനിയും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.