![A-Catholic-priest,-situation-in-Gaza](https://i0.wp.com/www.lifeday.in/wp-content/uploads/2023/10/A-Catholic-priest-situation-in-Gaza.jpg?resize=696%2C435&ssl=1)
ഗാസയിൽ ബോംബാക്രമണം തുടരുന്ന സാഹചര്യത്തിൽ, ഇവിടെ രാവും പകലും ബോംബാക്രമണം തുടരുകയാണ്. ഗാസയിൽ സുരക്ഷിതമായ സ്ഥലമില്ല എന്ന് വെളിപ്പെടുത്തി ഗാസയിലെ കത്തോലിക്കാ പുരോഹിതനായ ഗബ്രിയേൽ റൊമാനെല്ലി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ഇൻകാർണേറ്റ് വേഡിന്റെ (ഐ.വി.ഇ) മിഷനറി പുരോഹിതനായ ഫാ. റൊമാനെല്ലി, ഒക്ടോബർ 18 -ന് മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിലാണ് ഇപ്രകാരം പങ്കുവച്ചത്.
“ഗാസയിലുടനീളമുള്ള ആളുകൾ നിരാശരാണ്. അവർ സുരക്ഷിതസ്ഥലങ്ങൾ തിരയുന്നു. പല ആളുകളും തങ്ങളുടെ കുട്ടികളുമായി തെരുവുകളിൽ അലഞ്ഞുനടക്കുകയാണ്. എല്ലായിടത്തും സ്‌ഫോടനശബ്ദങ്ങൾ, ദൈനംദിന ജീവിതം കൂടുതൽ ദുഷ്‌കരമായിക്കൊണ്ടിരിക്കുന്നു. പലർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. വീടുകളും ബിസിനസ്സുകളും എല്ലാം നഷ്ടപ്പെട്ടു. ഗാസയിൽ കുടിയിറക്കപ്പെട്ട എല്ലാ നിവാസികൾക്കുംവേണ്ടി പ്രാർഥിക്കാം” – ഫാ. റൊമാനെല്ലി പങ്കുവച്ചു.
23,00,000 -ഓളം നിവാസികളുള്ള ഗാസയിൽ ആയിരക്കണക്കിന് ആളുകൾ ഇതിനോടകം മരണമടഞ്ഞു. യുദ്ധം എല്ലാം നാമാവശേഷമാക്കുന്നു. ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്തുകയും തുടർന്ന് ഇസ്രായേൽ യുദ്ധംപ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന ഈ അവസരത്തിൽ ഇസ്രായേൽ ഗാസയ്‌ക്കെതിരെ ഉപരോധം ശക്തമാക്കിയിരിക്കുകയാണ്.