ലിസ്ബണിലെ ലോക യുവജനദിനത്തിൽ പങ്കെടുക്കുന്നവരിൽ 96% ചെറുപ്പക്കാരും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ വളർച്ച ലക്ഷ്യംവയ്ക്കുന്നവരാണെന്ന് അന്താരാഷ്‌ട്ര സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2023 ജൂലൈ 12-നും 20-നുമിടയിൽ 100 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 12,600 യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സ്പാനിഷ് കമ്പനിയായ ജി എ ഡി 3 (GAD3) നടത്തിയ സർവേയാണ് റിപ്പോർട്ടുകൾ പങ്കുവച്ചത്.
ആഗോള യുവജനസമ്മേളനങ്ങളിൽ പങ്കെടുത്തവരിൽ നിന്നുള്ള റിപ്പോർട്ടുകളിൽ നിന്ന് യുവജന സമ്മേളനദിനങ്ങൾ, പ്രതിബദ്ധത ശക്തിപ്പെടുത്താൻ ഉപകരിക്കുന്നുവെന്ന് 96% പേരും, സഭ നൽകുന്ന സന്ദേശം ലോകം മുഴുവനിലും വിളംബരം ചെയ്യുന്ന ഒരു വേദികൂടിയാണെന്ന് 95% പേരും പങ്കുവച്ചിരുന്നു. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനുള്ള പ്രചോദനകാരണങ്ങളെ വിലയിരുത്തിക്കൊണ്ടു ക്രോഡീകരിച്ച ഉത്തരങ്ങളിൽ 94% പേരും യേശുക്രിസ്തുവിനെ കണ്ടുമുട്ടുന്ന വേദിയായാണ് യുവജന സമ്മേളനദിനത്തെ കാണുന്നത്. പുതിയ അനുഭവങ്ങൾക്കായി 92% ചെറുപ്പക്കാരും ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പ്രവർത്തിക്കാനും യേശുക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കാനും 89% ചെറുപ്പക്കാരും ആഗ്രഹിക്കുന്നതായും പഠനങ്ങളിലൂടെ കണ്ടെത്തി.
യുവജനദിനത്തിൽ പങ്കെടുക്കുന്നവരിൽ സർവേ അനുസരിച്ച് മൂന്നിൽ രണ്ടുപേരും ആദ്യമായാണ് ഒരു ലോക യുവജനദിനത്തിൽ പങ്കെടുക്കുന്നത്. എങ്കിലും, മുൻസമ്മേളനങ്ങളിൽ പങ്കെടുത്തവരിൽ 99% പേരും വളരെ പോസിറ്റീവായിട്ടാണ് പങ്കെടുത്തിട്ടുള്ളത്. 92% പേരുടെയും ജീവിതത്തിൽ യുവജനസമ്മേളനങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി.