2022-ൽ മാത്രം 5000 നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും 3000-ത്തിലധികം ആൾക്കാർ തട്ടിക്കൊണ്ടു പോകപ്പെടുകയും ചെയ്തു എന്ന് വെളിപ്പെടുത്തുന്ന പുതിയ റിപ്പോർട്ട് പുറത്ത്. ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
നൈജീരിയയിൽ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് വംശഹത്യയായി കണക്കാക്കണമെന്ന് മതസ്വാതന്ത്ര്യത്തിന്റെ വക്താക്കൾ പറഞ്ഞതിനു പിന്നാലെയാണ് റിപ്പോർട്ട്. സർക്കാർ റിപ്പോർട്ടുകൾ, എൻജിഒ സ്ഥിതിവിവരക്കണക്കുകൾ, മാധ്യമസ്ഥാപനങ്ങൾ, നയതന്ത്ര ഉദ്യോഗസ്ഥരിൽ നിന്നുള്ള എസ്റ്റിമേറ്റുകൾ എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്നാണ് റിപ്പോർട്ടിലെ എസ്റ്റിമേറ്റുകൾ തയ്യാറാക്കിയത്. 2023-ൽ ഇതിനകം 1000 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
ഈ ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലുകളും നടത്തുന്നവർ ഫുലാനി ഇടയൻ ഗ്രൂപ്പുകൾ, ബോക്കോ ഹറാം, ഇസ്ളാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ എന്നിവയുൾപ്പെടെയുള്ള തീവ്ര ഇസ്ലാമിക ഭീകര ഗ്രൂപ്പുകളിലെ അംഗങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. ചില കൊലപാതകങ്ങൾക്ക് നൈജീരിയൻ സൈന്യം ഉത്തരവാദികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇത്തരത്തിലുള്ള കൊലപാതകങ്ങൾ തടയാൻ നിയമനടപടികൾ ശക്തമാക്കണമെന്ന് നൈജീരിയൻ ക്രിസ്ത്യാനികൾ വളരെക്കാലമായി സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. അതേ സമയം രാഷ്ട്രീയനേതാക്കൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമുണ്ട്.