ഈ വാരാന്ത്യത്തിൽ 3,000 യുവതീർഥാടകരെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് റോമിലെ 80 -ലധികം ഇടവകകൾ. വത്തിക്കാനിൽ നടക്കുന്ന സിനഡിനായുള്ള എക്യുമെനിക്കൽ പ്രാർഥനായോഗത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് ഇത്രയധികം യുവാക്കൾ വത്തിക്കാനിലെത്തുന്നത്.
സിനഡിന്റെ ഒന്നാം ഭാഗം 2023 ഒക്ടോബർ നാലു മുതൽ 29 വരെയും രണ്ടാം ഭാഗം 2024 ഒക്ടോബറിലുമായാണ് നടക്കുന്നത്. ഈ സിനഡിനായി പ്രാർഥിക്കുന്നതിനാണ് യുവജനങ്ങൾ എത്തുന്നത്. ‘ടുഗെദർ – മീറ്റിംഗ് ഓഫ് ദി പീപ്പിൾ ഓഫ് ഗോഡ്’ എന്നാണ് പരിപാടിക്ക് സംഘാടകർ നൽകിയിരിക്കുന്ന പേര്. തൈസെ കമ്മ്യൂണിറ്റിയും വത്തിക്കാനിലെ വിവിധ ഡീജസ്ട്രികളും ചേർന്നാണ് യുവജനങ്ങളുടെ ഈ സംഗമത്തിന് നേതൃത്വം നൽകുന്നത്.
പോളണ്ട് (470), ഫ്രാൻസ് (400), സ്പെയിൻ (280), ഹംഗറി (220), കൂടാതെ ഈജിപ്ത്, വിയറ്റ്നാം, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരും എത്തുമെന്ന് റോം രൂപത പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു. പ്രാർഥനാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായെത്തുന്ന യുവജനങ്ങളെ സ്വീകരിക്കാൻ എൺപതു രൂപതകളിലായി വിവിധ ഭവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.