ക്രിമിയ ഉപദ്വീപിൽ നിന്നും റഷ്യ തട്ടിക്കൊണ്ടുപോയ 8 ഉക്രൈൻ കുട്ടികളെ മോചിപ്പിച്ചു

റഷ്യ പിടിച്ചടക്കുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ക്രിമിയ ഉപദ്വീപിലെ ഉദ്യോഗസ്ഥർ വീടുകളിൽ നിന്നും പിടിച്ചുകൊണ്ടുപോയി സർക്കാർ അനാഥാലയങ്ങളിൽ പാർപ്പിച്ച എട്ട് ഉക്രേനിയൻ കുട്ടികൾ വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയതായി ഒരു മുതിർന്ന ഉക്രേനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉക്രേനിയൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്കിയുടെ ചീഫ് സ്റ്റാഫിന്റെ ഉപദേശകനായ ദാറിന സാരിവ്നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടികളെയാണ് ഉദ്യോഗസ്ഥർ ബലമായി പിടിച്ചുകൊണ്ടു പോയത്. ‘ബ്രിങ് കിഡ്സ് ബാക്’ പ്രോഗ്രാമിലൂടെയാണ് കുട്ടികളെ തിരികെ എത്തിച്ചതെന്നാണ് വിവരം.

അനാഥാലയത്തിൽ വച്ച് അവരെ ഭീഷണിപ്പെടുത്തുകയും, റഷ്യൻ അനുകൂല ദേശസ്‌നേഹപ്രവർത്തികളിൽ പങ്കെടുക്കാനും ആയുധങ്ങൾ കൈകാര്യം ചെയ്യാനും യുദ്ധത്തിന് തയ്യാറെടുക്കാനും നിർബന്ധിക്കുകയും ചെയ്തുവെന്ന് കുട്ടികൾ പറഞ്ഞു.

കുട്ടികളെ എങ്ങനെ രക്ഷപ്പെടുത്തി എന്നതിനെക്കുറിച്ചോ അവർ ഇപ്പോൾ എവിടെയാണെന്നതിനെക്കുറിച്ചോ സരിവ്‌ന വിശദാംശങ്ങൾ നൽകിയില്ല. റഷ്യൻ അധികൃതരിൽ നിന്ന് ഇക്കാര്യത്തിൽ പ്രതികരണമൊന്നും ലഭിച്ചില്ല.

ഉക്രേനിയൻ കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റക്കേസുകളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ 2023-ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ക്രെംലിൻ ആരോപണങ്ങൾ നിരസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.