പലായനത്തിനിടെ ഇന്ധനഡിപ്പോ പൊട്ടിത്തെറിച്ച് 68 അർമേനിയൻ അഭയാർഥികൾ കൊല്ലപ്പെട്ടു 

അസർബൈജാന്റെ അക്രമാസക്തമായ അധിനിവേശത്തെ തുടർന്ന് ആയിരക്കണക്കിന് അർമേനിയക്കാരാണ് നാഗോർണോ-കറാബാക്ക് മേഖലയിൽനിന്ന് പലായനം ചെയ്യുന്നത്; ഇതിനിടെ ഇന്ധനഡിപ്പോ പൊട്ടിത്തെറിച്ച് 68 അഭയാർഥികൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 105 നാഗോർണോ-കറാബാഖ് അഭയാർഥികളുടെ അവസ്ഥ ഇപ്പോഴും അറിവായിട്ടില്ലെന്നും നഗോർണോ-കറാബക്കിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥർ ഫേസ്ബുക്ക് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

അഭയാർഥികളായ പതിനായിരക്കണക്കിന് അർമേനിയക്കാർ പലായനം ചെയ്യുന്ന ഒരു ഹൈവേയിലാണ് സ്ഫോടനം നടന്നത്. അഭയാർഥികളായ അർമേനിയക്കാരെ സമന്വയിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അസെറി പ്രസിഡന്റ് ഇൽഹാം അലിയേവ് പറഞ്ഞിട്ടുണ്ടെങ്കിലും, പ്രദേശത്തെ വംശീയമായി ശുദ്ധീകരിക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നതായി മനുഷ്യാവകാശ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

അർമേനിയൻ വംശജർ അയൽരാജ്യമായ അർമേനിയയിലേക്കു പലയാനംചെയ്യാൻ തുടങ്ങിയതോടെ മേഖലയിലെ പെട്രോൾ പമ്പുകളിൽ വൻതിരക്കാണ്. ദിർഘകാലമായുള്ള ഉപരോധംമൂലം മേഖലയിൽ ഇന്ധനക്ഷാമമുണ്ട്. മൂന്നുപതിറ്റാണ്ടുകളായി അർമേനിയൻവംശജരുടെ നിയന്ത്രണത്തിലായിരുന്ന നാഗോർണോ-കരാബാക് പ്രദേശം അസർബൈജൻസേന കഴിഞ്ഞയാഴ്ച മിന്നലാക്രമണത്തിലൂടെ തിരിച്ചുപിടിക്കുകയായിരുന്നു. ഇതോടെ വംശീയ ഉന്മൂലനഭീഷണി ഭയന്നാണ് അർമേനിയൻ ക്രൈസ്തവർ പലായനം ചെയ്യുന്നത്. 13,350 അഭയാർഥികൾ രാജ്യത്തെത്തിയതായി അർമേനിയൻ സർക്കാർ ഇന്നലെ അറിയിച്ചു. നാഗോർണോയിൽ 1.2 ലക്ഷം അർമേനിയൻ വംശജരാണുള്ളത്.

വംശീയ ഉന്മൂലനം തുടങ്ങിക്കഴിഞ്ഞുവെന്നാണ് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ ആരോപിച്ചത്. എന്നാൽ അർമേനിയൻ വംശജർക്ക് തുല്യപരിഗണന നല്കുമെന്നാണ് അസർബൈജാന്റെ വാഗ്ദാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.