ഡീക്കന്മാരുടെ ജൂബിലി ആഘോഷത്തിനായി റോമിലെത്തിയത് 6000 തീർഥാടകർ

ജൂബിലിയുടെ നാലാമത്തെ പ്രധാന പരിപാടിയായ ഡീക്കന്മാരുടെ ജൂബിലി ആഘോഷത്തിനായി റോമിൽ ആറായിരം തീർഥാടകർ എത്തിച്ചേർന്നു. ഫെബ്രുവരി 21 മുതൽ 23 വരെ നടത്തപ്പെടുന്ന ഡീക്കന്മാർക്കായുള്ള ജൂബിലി ആഘോഷത്തിൽ അമേരിക്ക, ഫ്രാൻസ്, ബ്രസീൽ, ഇന്ത്യ, കാമറൂൺ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഡീക്കന്മാരാണ് സംബന്ധിക്കുന്നത്.

“ഈ ജൂബിലി നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചുറ്റുമുള്ളവരിലേക്ക് കടന്നു ചെല്ലാൻ നമ്മെ സഹായിക്കുകയും ചെയ്യും” ഫ്രാൻസിലെ ക്രെറ്റൈൽ രൂപതയിലെ ഡീക്കനായ ഫ്രാങ്കോയിസ് ഫയോളിൻ പങ്കുവച്ചു. റോമിലെ ഈ മൂന്നു ദിനങ്ങൾ ഡീക്കന്മാർക്കും അവരുടെ കുടുംബങ്ങൾക്കും കണ്ടുമുട്ടലിന്റെയും പ്രാർഥനയുടെയും ദിനങ്ങളായിരിക്കും.

ഫെബ്രുവരി 21 ന് ഉച്ചകഴിഞ്ഞ് 3. 30 ന് റോമിലെ 12 ദൈവാലയങ്ങളിൽ പ്രാർഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഫെബ്രുവരി 22 നാണ് സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധവാതിലിലൂടെ പ്രവേശിക്കാനും ദണ്ഡവിമോചനം സ്വീകരിക്കാനുമുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 23 ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടക്കുന്ന പ്രാർഥനയോടെ പരിപാടികൾക്ക് സമാപനം കുറിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.