![29-people,-killed,-bomb-attack,-by-the-Burmese-army-,-Kachin-refugee-camp](https://i0.wp.com/www.lifeday.in/wp-content/uploads/2023/10/29-people-killed-bomb-attack-by-the-Burmese-army-Kachin-refugee-camp.jpg?resize=696%2C435&ssl=1)
കച്ചിൻ അഭയാർഥിക്യാമ്പിൽ ബർമ്മീസ് സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 55 പേർക്ക് പരിക്കേറ്റു. ന്യൂയോർക്ക് ടൈംസിൽ കച്ചിൻ റിബൽ ഗ്രൂപ്പ് നൽകിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
2021 ഫെബ്രുവരിയിലെ ഒരു അട്ടിമറിയിലൂടെ രാജ്യം പിടിച്ചെടുത്ത സൈന്യം 25,300 പേരെ അറസ്റ്റ് ചെയ്യുകയും 472 കുട്ടികൾ ഉൾപ്പെടെ 4,146 സാധാരണക്കാരെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. 2021 -ൽ സൈന്യം സർക്കാർ ഏറ്റെടുത്തപ്പോൾ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് വേഗത്തിൽ നടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനവും സ്വയം നിശ്ചയിച്ച സമയപരിധികളും സൈന്യം പലതവണ ലംഘിക്കുകയായിരുന്നു.
വംശീയ-മതവിഭാഗങ്ങളുടെ ഒരു സമ്മിശ്രസംഘമാണ് മ്യാന്മർ. ജനസംഖ്യയുടെ ശക്തമായ ഭൂരിപക്ഷം വംശീയ ബർമ്മന്മാരാണെങ്കിലും അതിലും വലിയൊരു ശതമാനം ബുദ്ധമതക്കാരാണ്. ബാക്കിയുള്ള ആളുകൾ ക്രൈസ്തവരും റോഹിങ്ക്യൻ മുസ്ലിങ്ങളും അടങ്ങിയ സമൂഹമാണ്. ഈ ന്യൂനപക്ഷ ക്രൈസ്‌തവരെയും മുസ്ലിങ്ങളെയും സൈന്യം നാളുകളായി പീഡനത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.
സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള ആക്രമണത്തെ തുടർന്ന് മ്യാന്മറിൽനിന്നുള്ള നിരവധി അഭയാർഥികൾ പടിഞ്ഞാറൻ അതിർത്തിയിലൂടെ നേരിട്ട് ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും അല്ലെങ്കിൽ കിഴക്കൻ അതിർത്തി കടന്ന് തായ്‌ലൻഡിലേക്കും പലായനം ചെയ്യുന്നു. ചിലർ യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പുനരധിവസിക്കുന്നു. മറ്റു പലരും മ്യാന്മറിനടുത്തുള്ള വലിയ അഭയാർഥിക്യാമ്പുകളിൽ പതിറ്റാണ്ടുകളായി അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്നു.