2024 -ലെ റാറ്റ്സിംഗർ പുരസ്കാരം സമ്മാനിച്ചു

2024 ലെ ജോസഫ് റാറ്റ്സിംഗർ പുരസ്‌കാരം ജാപ്പനീസ് ശില്പിയായ എറ്റ്സുറോ സോട്ടോയ്ക്കും ഐറിഷ് ദൈവശാസ്ത്രജ്ഞനായ സിറിൽ ഒ റീഗനും സമ്മാനിച്ചു. നവംബർ 22 ന് വത്തിക്കാനിൽ നടന്ന ചടങ്ങിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ആണ് പുരസ്‌കാരം സമ്മാനിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ജാപ്പനീസ് ശില്പി പുരസ്‌കാരത്തിനർഹനാകുന്നത്.

1953-ൽ ജപ്പാനിലെ ഫുകുവോക്കയിൽ ജനിച്ച സോട്ടോ, ബാഴ്‌സലോണയിലെ ഐതിഹാസികമായ സഗ്രദാ ഫാമിലിയ ബസിലിക്കയിലെ ശില്പങ്ങളുടെ നിർമ്മാണത്തിലൂടെ പ്രശസ്തനാണ്. ക്യോട്ടോ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, 1978-ൽ സ്പെയിൻ സന്ദർശിക്കുന്നതിന് മുമ്പ് സോട്ടോ ജപ്പാനിൽ അധ്യാപകനായിരുന്നു. പിന്നീട് ശില്പ നിർമ്മാണം ആരംഭിക്കുകയും ബാഴ്‌സലോണയിലെ ബസിലിക്കയുടെ ജോലി ഏറ്റെടുക്കയും ചെയ്തു. ആ സമയത്താണ് അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. സഗ്രദാ ഫാമിലിയ ബസിലിക്കയുടെ വിവിധ ഭാഗങ്ങളും ജപ്പാൻ, സ്പെയിൻ, ഇറ്റലി, ഫ്ലോറൻസ് കത്തീഡ്രൽ എന്നിവ ഉൾപ്പെടെയുള്ള ദൈവാലയങ്ങളും സോട്ടോയുടെ ശില്പങ്ങളാൽ അലംകൃതമാണ്.

2024 ലെ റാറ്റ്‌സിംഗർ സമ്മാനം പങ്കിടുന്ന ഐറിഷ് ദൈവശാസ്ത്രജ്ഞനായ സിറിൽ ഒ റീഗൻ, നോട്ടർ ഡാം സർവകലാശാലയിലെ സിസ്റ്റമാറ്റിക് തിയോളജി പ്രൊഫസറാണ്. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

ചടങ്ങുകൾക്കു മുമ്പ്, ബെനഡിക്ട് പതിനാറാമന്റെ ശവകുടീരത്തിന് സമീപം വത്തിക്കാൻ ക്രിപ്റ്റുകളിൽ ആർച്ച്ബിഷപ്പ് ജോർജ്ജ് ഗാൻസ്‌വീൻ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പുരസ്‌കാരം ലഭിച്ചവർ പങ്കെടുത്തു. ഇരുവരും ഫ്രാൻസിസ് പാപ്പയുമായും കൂടിക്കാഴ്ച നടത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.