അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സുഡാനിൽ 19 ക്രിസ്ത്യാനികളെ ജയിലിലടച്ചു

സുഡാനിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മദനി നഗരത്തിൽ നിന്ന് കുറഞ്ഞത് 19 ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തതായി പ്രദേശിക വൃത്തങ്ങൾ അറിയിച്ചു. ജനുവരി 21 ന് സുഡാൻ സായുധ സേനയുമായി (SAF) ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഏഴ് ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തു. 2023 ഏപ്രിൽ മുതൽ സായുധ സേനക്കെതിരെ പോരാടുന്ന അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (RSF) പിന്തുണക്കാരാണെന്നാണ് അറസ്റ്റിലായ ക്രൈസ്തവർക്കെതിരെയുള്ള ആരോപണം.

സുഡാൻ കൗൺസിൽ ഓഫ് ചർച്ചസിൽ ഉൾപ്പെടുന്ന വിവിധ സഭകളിലെ അംഗങ്ങൾ ഇന്റർ-ചർച്ച് കമ്മിറ്റി എന്നറിയപ്പെടുന്ന ഒരു സംഘടനയുടെ പ്രാർഥനായോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് 85 മൈൽ (136 കിലോമീറ്റർ) തെക്കുകിഴക്കായിട്ടാണ് മദനി നഗരം.

ക്രിസ്ത്യാനികളെ തുടക്കത്തിൽ മദനിയിലെ നൈൽ അവന്യൂവിലെ ജോയിന്റ് മിലിട്ടറി സെല്ലിൽ തടവിലാക്കിയിരുന്നു. പിന്നീട് വിപുലമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയശേഷം മദനി ജയിലിലേക്ക് മാറ്റിയിരുന്നുവെന്നും ക്രൈസ്തവരുടെ അറസ്റ്റ് സ്ഥിരീകരിച്ച അറ്റോർണി ഷിൻബാഗോ മുഗദ്ദാം പറഞ്ഞു. അകെക് ഒട്ടിൻ, എബ്രഹാം ജോൺ, പാട്രിസ് സയീദ്, പീറ്റർ മകുയി, റാണി ആൻഡ്രോസ്, അമ്മാനുവൽ, ജെയിംസ് എന്നിവരായിരുന്നു ആദ്യം അറസ്റ്റിലായ ക്രൈസ്തവർ.

അറസ്റ്റിലായ ക്രിസ്ത്യാനികൾക്ക് ആർ‌ എസ്‌ എഫു മായി ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെന്നും അവരെ ഉടൻ മോചിപ്പിക്കണമെന്നും സുഡാനിലെ സഭാ നേനേതൃത്വം ആവശ്യപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.