![Haiti](https://i0.wp.com/www.lifeday.in/wp-content/uploads/2024/08/Haiti.jpg?resize=696%2C435&ssl=1)
ആൾക്കൂട്ട അക്രമം, സാമ്പത്തിക തകർച്ച, ഗുരുതരമായ രാഷ്ട്രീയപ്രതിസന്ധി എന്നിവയാൽ വലയുന്ന ഹെയ്തിയിൽ ആഗസ്റ്റ് 24-ന് 140 കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു. ഈ കുട്ടികൾ സിറ്റെ സോലെയിലിലെ കിസിറ്റോ ഫാമിലി കാറ്റക്കിസം സെന്ററുകളുടെ ഭാഗമായാണ് വിശ്വാസപരിശീലനം നടത്തുന്നത്. രാജ്യത്തെ ഏറ്റവും ദരിദ്രവും ജനസാന്ദ്രതയുള്ളതുമായ പ്രദേശങ്ങളിലൊന്നാണിത്.
“അവരിൽ ചിലർ 2019 മുതൽ 2020 വരെ ആദ്യകുർബാന സ്വീകരണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇവിടുത്തെ മതബോധന ക്ലാസുകൾ വളരെ ദൈർഘ്യമേറിയതാണ്. കാരണം, ഈ കുട്ടികളുടെ മാതാപിതാക്കൾക്ക് വിശ്വാസപരമായ കാര്യങ്ങൾ മക്കളെ പഠിപ്പിക്കാനുള്ള അറിവില്ല. അതിനാൽ കൂദാശകൾ സ്വീകരിക്കുന്നതിനുള്ള ബോധപൂർവമായ തീരുമാനം കുട്ടികൾതന്നെ എടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” – കുട്ടികളെ ആദ്യകുർബാന സ്വീകരണത്തിനായി ഒരുക്കിയ സി. പേസി പറയുന്നു.
25 വർഷമായി ഇവിടെ ശുശ്രൂഷ ചെയ്യുന്ന സന്യാസിനിയാണ് സി. പേസി. യുവാക്കളുടെ ആത്മീയ ആവശ്യങ്ങളോടുള്ള പ്രതികരണമാണ് മതബോധനകേന്ദ്രങ്ങൾ തുടങ്ങാനും അവരെ പരിശീലിപ്പിക്കാനും ഈ സന്യാസിനിയെ പ്രേരിപ്പിച്ചത്. കാരണം, ഹെയ്തിയിൽ ഇത്തരം കത്തോലിക്കാ സംഘടനകൾ കുറവാണ്.