
2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു. അന്നാണ് പത്രോസിന്റെ 265-ാമത്തെ പിൻഗാമി, 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തന്റെ സ്ഥാനത്യാഗം (The historic declaration of sede vacante) പ്രഖ്യാപിച്ചത്. 2013 മാർച്ച് 13 ന് അർജന്റീനക്കാരനായ കർദിനാൾ ജോർജ് മരിയ ബെർഗോളി സഭയുടെ 266-ാമത്തെ മാർപാപ്പയായി.
മാർച്ച് 13 ന് ഫ്രാൻസിസ് മാർപാപ്പ പത്രോസിന്റെ പിൻഗാമിയായി ശുശ്രൂഷ നിർവഹണം ആരംഭിച്ചിട്ട് 12 വർഷങ്ങൾ പിന്നിടുന്നു. കഴിഞ്ഞ 12 വർഷമായി ഫ്രാൻസിസ് പാപ്പ സഭയെ ലോകത്തിൽ കാരുണ്യത്തിന്റെ മുഖം കാണിച്ചുകൊടുത്തുകൊണ്ട് പ്രത്യാശയോടെയും ശുഭാപ്തി വിശ്വാസത്തോടെയും നയിക്കുന്നു. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ 1300 വർഷങ്ങൾക്കുശേഷമാണ് യുറോപ്പിനു പുറത്തു നിന്ന് ഒരു മാർപാപ്പ വരുന്നത്. വർഷത്തിൽ ശരാശരി നാലു തവണ എന്ന രീതിയിൽ പാപ്പ അപ്പസ്തോലിക സന്ദർശനം നടത്തുന്നു. അപ്പസ്തോലിക യാത്രകൾക്കു മുമ്പും ശേഷവും റോമിലുള്ള ‘സാലുസ് പോപ്പോളി റൊമാനി’ (The Protectress of the People of Rome) ‘റോമിലെ ജനങ്ങളുടെ സംരക്ഷക’ എന്ന മരിയൻ ചിത്രത്തിനു മുമ്പിൽ പ്രാർഥിക്കുക പതിവാണ്.
ഈശോസഭയുടെ സഹസ്ഥാപകരിൽ ഒരാളായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ബഹുമാനാർഥമാണ് ഫ്രാൻസിസ് എന്ന പേര് കർദിനാൾ ജോർജ് ബെർഗോളി സ്വീകരിച്ചതെന്ന് പലരും കരുതി. പക്ഷേ പാവങ്ങളുടെ വിശുദ്ധനായ അസ്സീസിയിലെ ഫ്രാൻസിന്റെ പേരായിരുന്നു പുതിയ മാർപാപ്പ സ്വീകരിച്ചത്.
സിസ്റ്റൈൻ ചാപ്പലിൽ നടന്ന മാർപാപ്പ തിരഞ്ഞെടുപ്പിനിടെ ബ്രസീലിലെ സാവോ പോളോ അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പും വത്തിക്കാനിലെ വൈദീകർക്കു വേണ്ടിയുള്ള തിരുസംഘത്തിന്റെ മുൻ അധ്യക്ഷനുമായിരുന്ന കർദ്ദിനാൾ ക്ലൗഡിയോ ഹ്യുമ്മസ് പുതിയ മാർപാപ്പയെ അഭിനന്ദിച്ചു സംസാരിക്കുന്നതിനിടയിൽ ‘പാവങ്ങളെ മറക്കരുത്’ എന്ന് ഫ്രാൻസിസ് പാപ്പയെ ഓർമ്മിപ്പിച്ചു. അതു ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അന്നു മുതൽ ഫ്രാൻസിസ് പാപ്പ പരിശ്രമിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേദിവസം, പത്രോസിന്റെ പിൻഗാമി എന്ന നിലയിലുള്ള ആദ്യ പ്രവർത്തി റോമിലെ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട സാന്താ മരിയ മജ്ജോറ (The Basilica of St. Mary Major) ദൈവാലയം സന്ദർശിക്കുകയായിരുന്നു. അവിടെ വിശുദ്ധ പീയൂസ് അഞ്ചാമൻ മാർപാപ്പയുടെ കബറിടത്തിനു മുമ്പിൽ പ്രാർഥിക്കാൻ ഫ്രാൻസിസ് പാപ്പ പ്രത്യേകം താൽപര്യം കാണിച്ചു. ഡോമിനിക്കൻ സഭാംഗമായ പീയൂസ് അഞ്ചാമന്റെ കബറിടം ഈശോ സഭാംഗമായ ഫ്രാൻസിസ് സന്ദർശിച്ചതിനു ധാരാളം പ്രതീകാത്മകത ഉണ്ടായിരുന്നു. റോമർ കൂരിയ നവീകരിച്ചതു വഴി സഭാ ചരിത്രത്തിൽ പ്രസിദ്ധനായിരുന്നു പീയൂസ് അഞ്ചാമൻ പാപ്പ. രണ്ടാമതായി റോമിലെ പാവങ്ങളോടു പ്രത്യേക താൽപര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു പീയൂസ് പാപ്പ. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മാർപാപ്പമാർക്കു ലഭിക്കുന്ന ആചാരപരമായ സ്വീകരണം വേണ്ടാ എന്നു വയ്ക്കുകയും ആ പണം പാവപ്പെട്ടവർക്ക് ദാനമായി നൽകുകയും ചെയ്തു. പാവപ്പെട്ടവരുടെ കാലു കഴുകുകയും രോഗികളെ പരിചരിക്കുകയും ചെയ്യുന്നതിൽ പീയൂസ് മാർപാപ്പ സവിശേഷമായ ശ്രദ്ധ കാണിച്ചിരുന്നു.
2013 ലെ ഈസ്റ്റർ ദിനത്തിലെ ഫ്രാൻസിസ് പാപ്പയുടെ ഒരു ചിത്രം ലോക മനസാക്ഷിയുടെ ശ്രദ്ധ പിടിച്ചുപറ്റി വിശുദ്ധ കുർബാനയ്ക്കുശേഷം വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ കാണുന്നതിനിടയിൽ സെറിബ്രൽ പാൾസി ബാധിച്ച എട്ടുവയസ്സുള്ള ഡോമിനിക് ഗ്രോണ്ടുവിനെ മാർപാപ്പ ആശ്ലേഷിക്കുന്ന രംഗം. രോഗികളോടും വികലാംഗരോടുമുള്ള ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക സ്നേഹം വെളിവാക്കുന്ന സന്ദർഭമായിരുന്നു അത്. ദരിദ്രരോടൊപ്പം ഭക്ഷണം കഴിച്ച് അവരുടെ സുഖദു:ഖങ്ങളിൽ പിതാവ് പങ്കുചേർന്നു. 2016 ൽ ‘കാരുണ്യവും കഷ്ടതയും’ (Misericordia et misera) എന്ന അപ്പസ്തോലിക ലേഖനം വഴി കരുണയുടെ വർഷത്തിൽ ദരിദ്രരുടെ ആദ്യആഗോള ദിനം (World Day of the Poor) പാപ്പ സ്ഥാപിച്ചു.
ഒരു വ്യാഴവട്ടത്തിനിടയിൽ ക്രിസ്തുവിന്റെ സ്നേഹസന്ദേശവുമായി 44 വിദേശയാത്രകളിലായി 70 ലേറെ രാജ്യങ്ങളിൽ ഫ്രാൻസിസ് പാപ്പ എത്തിച്ചേർന്നു. 26 രാജ്യങ്ങളിൽനിനായി 163 പുതിയ കർദിനാൾമാരെ ഫ്രാൻസിസ് പാപ്പ വാഴിച്ചു. വോട്ടവകാശമുള്ള 80 കർദിനാൾമാർ ഉൾപ്പെടെ 95 കർദിനാളുമാരെ പുതിയതായി അദ്ദേഹം വാഴിച്ചു. 942 പേരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. വി. ജോൺ പോൾ രണ്ടാമൻ പാപ്പയും ബനഡിക്ട് പതിനാറാമൻ പാപ്പയും രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്തെങ്കിൽ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം 1969 ഡിസംബർ പതിമൂന്നാം തീയതിയാണ് ഫ്രാൻസിസ് പാപ്പ വൈദീകനായി അഭിഷിക്തനായത്.
റോമൻ കൂരിയയുടെ നവീകരണം
മാർപാപ്പയായി ഔദ്യോഗികമായി ചുമതല ഏറ്റെടുത്തതിന്റെ ഒൻപതാം വർഷത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പ റോമൻ കൂരിയയുടെ നവീകരണത്തിനായി ‘പ്രെദിക്കാത്തെ ഏവാങ്കേലിയും’ (Predicate Evangelium -Preach the Gospel – സുവിശേഷം പ്രസംഗിക്കുക) എന്ന ഒരു പുതിയ അപ്പസ്തോലിക ഭരണഘടന പരസ്യപ്പെടുത്തി. 2022 ജൂൺ അഞ്ചിന് പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ പുതിയ ഭരണഘടന പ്രാബല്യത്തിൽ വന്നു. 2013 ലെ കോൺക്ലേവിന് മുന്നോടിയായുള്ള ജനറൽ കോൺഗ്രിഗേഷനുകളിൽ ആരംഭിച്ച ഒരു നീണ്ട ശ്രവണ പ്രക്രിയയുടെ ഫലമാണ് പുതിയ ഭരണഘടന. അതുവരെ റോമൻ കൂരിയയിലെ വിവിധ കാര്യാലയങ്ങളുടെ സംഘാടനവും ചുമതലകളും വ്യാഖ്യാനിച്ചിരിക്കുന്നത് പാസ്റ്റോർ ബോനൂസ് (Pastor Bonus’ The Good Shepherd – നല്ല ഇടയൻ) എന്ന ആധികാരിക രേഖ അടിസ്ഥാനമാക്കിയായിരുന്നു. 1988 ജൂൺ 28-ന് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ചതും 1989 മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതുമായിരുന്നു ‘പാസ്റ്റോർ ബോനൂസ്’. പുതിയ ഭരണഘടനയിൽ പ്രാദേശിക ബിഷപ്പുമാരുടെ കോൺഫറൻസുകളുടെ പങ്കിനെ 52 തവണ പരാമർശിച്ചിരിക്കുന്നു. ‘പാസ്റ്റോർ ബോനൂസി’ൽ രണ്ടു തവണയെ അതിനെപ്പറ്റി പരാമർശിച്ചിരുന്നുള്ളു.
പ്രാർഥനയുടെ വർഷം
2025 ലെ ജൂബിലി വർഷത്തിനൊരുക്കമായി ‘പ്രത്യാശയുടെ തീർഥാടകൻ’ എന്ന ആപ്തവാക്യവുമായി 2024 ജനുവരി 21 മുതൽ ഫ്രാൻസിസ് പാപ്പ പ്രാർഥനയുടെ വർഷം പ്രഖ്യാപിച്ചിരുന്നു. ദൈവത്തെ ശ്രവിക്കാനും, ദൈവത്തെ ആരാധിക്കാനും ദൈവത്തിന്റെ സാന്നിധ്യത്തിൽ ആയിരിക്കാനുള്ള ആഗ്രഹം വീണ്ടെടുക്കുവാനും അതുവഴി വ്യക്തി ജീവിതത്തിലും സഭാ ജീവിതത്തിലും പ്രാർഥനയുടെ മൂല്യവും ആവശ്യകതയും വീണ്ടും കണ്ടെത്തുകയെന്നതാണ് പ്രാർഥനാവർഷത്തിന്റെ ലക്ഷ്യം.
ശിശുദിനം
കത്തോലിക്കാ സഭയിൽ ആദ്യമായി കുട്ടികളുടെ ദിനം ആഘോഷിക്കുവാൻ ഫ്രാൻസിസ് പാപ്പ തീരുമാനിച്ചിരിക്കുകയാണ്. 2024 മെയ് മാസത്തിൽ ആയിരിരുന്നു കത്തോലിക്കാ സഭയിലെ ആദ്യ ശിശുദിനാഘോഷം നടത്തപ്പെട്ടത്. മെയ് 25-26 വാരാന്ത്യത്തിൽ റോമിലാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരുന്നത്. ക്രിസ്തുവിനെപ്പോലെ കുട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും അവരെ പരിപാലിക്കുവാനും സഭ ആഗ്രഹിക്കുന്നുവെന്നു ഫ്രാൻസിസ് മാർപാപ്പ ഉദ്ബോധിപ്പിച്ചിരുന്നു. വത്തിക്കാനിലെ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ നേതൃത്വത്തിലായിരുന്നു ശിശുദിനം സംഘടിപ്പിച്ചത്. “വളരുന്ന കുട്ടികൾക്ക് ഏതുതരം ലോകമാണ് നാം കൈമാറാൻ ആഗ്രഹിക്കുന്നത്?“ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ശിശുദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്നു ഫ്രാൻസിസ് പാപ്പ ഈ ദിനം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞിരുന്നു.
പ്രത്യാശയുടെ ജൂബിലി വർഷം
2025 ആഗോള കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുന്നു. 2024 ഡിസംബർ 24-നു ക്രിസ്തുമസ് രാവിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കുന്നതോടുകൂടെ ജൂബിലി വർഷം ആരംഭിച്ചു. 2026 ജനുവരി ആറാം തീയതി പൂജ രാജാക്കന്മാരുടെ തിരുനാൾ ദിനത്തോടുകൂടി (ദനഹാ തിരുനാൾ ദിവസം) ജൂബിലി വർഷം സമാപിക്കുകയും ചെയ്യും. ‘പ്രത്യാശ’ എന്നതാണ് 2025 ജൂബിലിയുടെ പ്രധാന സന്ദേശം. ജൂബിലി വർഷത്തിന്റെ ആപ്തവാക്യം തന്നെ ‘പ്രത്യാശയുടെ തീർഥാടകർ’ (pilgrims of hope) എന്നതാണ്. 2025 -ജൂബിലി വർഷം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ പുറത്തിറക്കിയ അപ്പസ്തോലിക പ്രബോധനമാണ് ‘സ്പെസ് നോൺ കൊൺഫുഡിത്’ (Spes Non Confudit= SC). ‘പ്രത്യാശ നിരാശപ്പെടുത്തുന്നില്ല’ (Hope Does Not Disappoint) എന്ന പേപ്പൽ ബൂള.
മുത്തശ്ശീ മുത്തച്ഛന്മാര്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള ദിനം
ഈശോയുടെ മുത്തശ്ശി മുത്തച്ഛന്മാരായ വി. യൊവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോടു ചേര്‍ന്ന് എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച മുത്തശ്ശീ മുത്തച്ഛന്മാര്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള ദിനം കത്തോലിക്കാ സഭയിൽ ആരംഭിച്ചു. മുത്തശ്ശീ-മുത്തച്ഛന്മാരെ പലപ്പോഴും മറന്നു പോകാറുണ്ടെങ്കിലും ‘ജീവിതാനുഭവവും വിശ്വാസവും യുവജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്ന തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്’ അവരെന്ന് വിശ്വസിക്കുന്നതിനാലാണ് ഇപ്രകാരമൊരു ദിനാചരണം സഭ നടത്തുന്നതെന്ന് മാര്‍പാപ്പ ഈ ദിനം ആരംഭിച്ചുകൊണ്ട് അന്നു പറഞ്ഞത്.
‘അവർ സൺഡേ വിസിറ്റർ’ എന്ന മാഗസിന്റെ എഡിറ്റർ എലിസബത്ത് സ്കാലിയ ഫ്രാൻസിസ് പാപ്പയുടെ പത്തു വർഷത്തെ പത്തു ശീർഷകങ്ങളിൽ അക്കമിട്ട് നിരത്തി. അതിനൊപ്പം പന്ത്രണ്ടാം വർഷത്തിൽ രണ്ടെണ്ണം കുടി ചേർക്കാൻ ആഗ്രഹിക്കുന്നു:
1. പ്രായോഗിക എളിമയുടെ പാപ്പ
2. ദരിദ്രരുടെ പാപ്പ
3. അജപാലന ആർദ്രതയുടെ പാപ്പ
4. പരിസ്ഥിതി സംരക്ഷണത്തിന്റെ പാപ്പ
5. പകർച്ചവ്യാധി പ്രാർഥനയുടെയും സമാശ്വാസത്തിന്റെയും പാപ്പ
6. തുറന്ന സംസാരത്തിന്റെ പാപ്പ
7. പാർശ്വവത്കരക്കപ്പെട്ടവരുടെ വക്താവായ പാപ്പ
8. ജനങ്ങളുടെ പാപ്പ
9. പ്രാർഥനാപൂർവമായ ആനന്ദത്തിന്റെ പാപ്പ
10. നിത്യ പ്രത്യശയുടെ പാപ്പ
11. പ്രാർഥനയുടെ പാപ്പ
12. സമാധാനത്തിന്റെ പാപ്പ
തിരുവെഴുത്തുകൾ
പന്ത്രണ്ടുവർഷത്തിനിടയിൽ നാലു ചാക്രിക ലേഖനങ്ങളും ആറ് അപ്പസ്തോലിക ആഹ്വാനങ്ങളും രണ്ട് അപ്പസ്തോലിക ലേഖനങ്ങളും ഫ്രാൻസിസ് പാപ്പ രചിച്ചു.
ചാക്രിക ലേഖനങ്ങൾ
വിശ്വാസത്തിന്റെ വെളിച്ചം (Lumen Fidei 2013) അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ (Laudatio Si 2015)
സഹോദരർ സർവരും (Fratelli Tutti 2020) അവിടുന്നു നമ്മെ സ്നേഹിച്ചു (Dilexit nos 2024)
അപ്പസ്തോലിക ആഹ്വാനങ്ങൾ
സുവിശേഷത്തിന്റെ ആനന്ദം (Evangeli Gaudium 2013)
സ്നേഹത്തിന്റെ ആനന്ദം (Amoris Laetitia 2016) ആനന്ദിച്ചാഹ്‌ളാദിക്കുവിൻ (Gaudete et Exsultate 2018)
ക്രിസ്തു ജീവിക്കുന്നു (Christus Vivit 2019)
പ്രിയ ആമസോണിനു വേണ്ടി (Querida Amazonia 2020)
ദൈവമേ അങ്ങേയ്ക്കു സ്തുതി (Laudate Deum 2023)
അപ്പസ്തോലിക ലേഖനങ്ങൾ
കാരുണ്യത്തിന്റെ മുഖം (Misericordia Vultus 2015)
ഒരു പിതാവിന്റെ ഹൃദയത്തോടെ (Patris Corde2020)
ഞാൻ അത്യധികം ആഗ്രഹിച്ചു (Desiderio Desideravi 2022)
ശ്വാസതടസ്സം ഉണ്ടായതിനെത്തുടർന്ന് 2025 ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്കു വേണ്ടി നമുക്കു പ്രാർഥന തുടരാം. കത്തോലിക്കാ തിരുസഭയെ നയിക്കാനും ലോകത്തിന്റെ മനസാക്ഷിയായി വർത്തിക്കാനും ഫ്രാൻസിസ് പാപ്പയ്ക്ക് ഇനിയും സാധിക്കട്ടെ.
ഫാ. ജയ്സൺ കുന്നേൽ mcbs