ചരിത്രത്തിൽ ആദ്യമായി ഹൃദയങ്ങൾ തൊടുന്ന ഒരു മരിയൻ ഭജൻ ‘അലിവായ് അമ്മ’

ചരിത്രത്തിൽ ആദ്യമായി ഹൃദയങ്ങൾ തൊടുന്ന ഒരു മരിയൻ ഭജൻ ‘അലിവായ് അമ്മ’ എന്നപേരിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഫാ. മാത്യൂസ് പയ്യപ്പിള്ളി എം സി ബി എസ് സംഗീതം നൽകിയ ഈ ഭജന്റെ വരികൾ എഴുതിയിരിക്കുന്നത് റോസീനാ പീറ്റിയാണ്.

സി. തെരേസ് തുമ്പശേരി എസ്. ഡി, സി. ലിസ്‌ജാ എസ്. ഡി, സി. ലിമിന ജോസ് എസ്. ഡി എന്നിവർ ചേർന്നാണ് ഈ ഭജൻ ആലപിച്ചിരിക്കുന്നത്. പാടുന്നവരിലും കേൾക്കുന്നവരിലും ഒരുപോലെ മരിയ ഭക്തി നിറയ്ക്കുന്ന ഈ ഭജൻ പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്ക് വളരാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. 3എം പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ഫാ. മാത്യൂസ് പയ്യപ്പിള്ളി അണിയിച്ചൊരുക്കുന്ന ഗാനമാണിത്.

https://www.youtube.com/watch?v=iUz5Y8IU5jc

ഫാ. ജേക്കബ് ആക്കനത്ത് ഈ ഭജനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്:

“ജീവിതത്തിൻ്റെ വിവിധ സന്ദർഭങ്ങളിൽ പരിശുദ്ധ മാതാവിൻ്റെ തുണയും പിന്തുണയും അർഥിക്കുന്ന ഭജന ഗാനമാണ് ‘അലിവായ് അമ്മ’. അഭയമാകണം, ആശ്രയമേകണം എന്നെല്ലാം പ്രാർഥിക്കുന്ന ഭക്ത, (ഭക്തരുടെയെല്ലാം പ്രാർഥനയുടെ ആദ്യപാദം പൊതുവെ അങ്ങനെയാണല്ലോ) പിന്നെ പിതൃവഴി തേടാനും പിതൃഹിതം അറിയാനും മറിയത്തിൻ്റെ പിന്തുണ തേടുന്നുണ്ട്.

‘കൈകളിലേന്തുന്ന ജപമണിമാലയിൽ ഉള്ളാണു നൽകുന്നതമ്മേ…’ എന്നു പ്രാർഥിക്കുമ്പോൾ ഈ മരിയൻ ഭജൻ ഏറെ ഭക്തിസാന്ദ്രമാകുകയാണ്.

‘തള്ളാതെ താങ്ങുവാൻ…’ എന്നു തുടങ്ങുന്ന ചരണം ബഹുവിധ അർഥമാനങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഞാനോർത്തു പോയത്, ഗത്സമിനിയിലെ പ്രാർഥനാ മുഹൂർത്തമാണ്. അവിടെ ക്രിസ്തു രക്തം വിയർക്കുന്നതിനു കാരണം, ആത്മസംഘർഷമാണ്. പിതാവിൻ്റെ ഹിതം തള്ളണോ കൊള്ളണോ (to take or remove; to accept or reject) എന്നതാണു സംഘർഷ കാരണം. ഏതൊരു പ്രാർഥനയുടെയും ചങ്കായി നിൽക്കുന്നതും ഇതു തന്നെയാണ്. ക്രിസ്തു, പിതൃഹിതം തള്ളാതെ താങ്ങി, സ്വഹിതം താങ്ങാതെ തള്ളി. ക്രിസ്തുവിൽ അത് മഹത്വത്തിൻ്റെ മുദ്രയായി മാറി! അതാണ്, ‘തള്ളാതെ താങ്ങുവാൻ’ എന്ന പദപ്രയോഗത്തിൽ കവി ചുരുക്കിപ്പറഞ്ഞത്.

പ്രാർഥിക്കുന്നത് മറിയത്തോടാണെന്നുമോർക്കണം. ഇക്കാര്യത്തിൽ വ്യക്തമായ നിലപാടെടുത്തവളാണല്ലോ മറിയം. നിൻ്റെ ഹിതം പോലെ എന്നിലാകട്ടെ (Fiat) ഇതായിരുന്നല്ലോ മറിയത്തിന്റെ നിലപാട്. അങ്ങനെ സാധാരണക്കാരൻ്റെ സാധാരണ പ്രാർഥനയിൽ തുടങ്ങി, ക്രൈസ്തവ പ്രാർഥനയുടെ ഉന്നത സീമകളെ തൊടുന്നതാണ്, ഈ ഭജനശീലുകൾ!”

ഈ ഗാനത്തിന്റെ വഴികളെക്കുറിച്ചു ഫാ. മാത്യൂസ് പയ്യപ്പിള്ളി പറയുന്നത് ഇപ്രകാരമാണ്:

“കഴിഞ്ഞ സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പിനോട് അനുബന്ധിച്ച് സിസ്റ്റർമാർക്ക് പാടാൻ ഒരു ഭജൻ വേണെമെന്ന് എന്റെ സഹോദരിയായ സിസ്റ്റർ ലീന ഗ്രേസ് എസ്.ഡി പറഞ്ഞു. എസ്.ഡി. സിസ്റ്റർമാർക്ക് അവരുടെ മഠത്തിൽ പാടാനായിരുന്നു. അങ്ങനെ പാട്ടെഴുതുന്നതിനെക്കുറിച്ച് റോസീനാ പീറ്റിയോടു സംസാരിച്ചു. എഴുതാമെന്ന് റോസിനാ സമ്മതിച്ചു. ഞാനതിനു സംഗീതം നൽകി. സിസ്റ്റർമാർ മഠത്തിൽ പാടുകയും ചെയ്തു. ഇതു മനോഹരമാണല്ലോ, നമുക്കിത് മറ്റുള്ളവർക്കുകൂടി ഉപകാരപ്രദമാകാനായി പുറത്തിറക്കിയാലോ എന്നവർ ചിന്തിച്ചു. സെപ്റ്റംബറിൽ സമയം കിട്ടാത്തതുകൊണ്ട് നടന്നില്ല. അതിനാൽ മാതാവിന്റെ ജപമാല മാസമായ ഒക്ടോബറിൽ പുറത്തിറക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ഇപ്പോൾ ഇതു റിലീസ് ആകുന്നത്.” ഫാ. മാത്യൂസ് പയ്യപ്പിള്ളി പറഞ്ഞവസാനിപ്പിച്ചു.

എസ് ഡി. പ്രൊവിന്‍ഷ്യാള്‍ സി. റെയ്സിയുടെയും കൌണ്‍സിലര്‍മാരുടെയും സഹകരണവും സഹായവും എപ്പോഴും ഉണ്ടായിരുന്നു.

ഈ ഭജന്റെ വിഷ്വലൈസേഷനും അതിമനോഹരമാണ്. ദൃശ്യങ്ങളിൽ കാണുന്നത് പരിശുദ്ധ അമ്മയോടു പ്രാർത്ഥിക്കുന്ന സന്യസിനികളെയാണ്. അവരുടെ പ്രാർത്ഥനാ ദൃശ്യങ്ങൾ, കാണുന്ന ഏവരിലും ആത്മീയത നിറയ്ക്കാൻ പര്യാപ്തമാണ്. എറണാകുളം അതിരൂപതയിലെ അംഗമായ ഫാ. സാജോ പടയാട്ടിലാണ് എഡിറ്റിംഗ്.

ഈ ഭജൻ കേൾക്കുന്ന ഏവരിലും ദൈവികത നിറയട്ടെ എന്നാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ ആഗ്രഹവും പ്രാർത്ഥനയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.