വി. യോഹന്നാന്റെ സുവിശേഷത്തിലെ അവസാനരംഗങ്ങളില്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്. “ഞാന്‍ വരുന്നതുവരെ ഇവന് ജീവിച്ചിരിക്കണമെന്നതാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്?” യോഹന്നാനെക്കുറിച്ച് പത്രോസിനോട് യേശു പറയുന്ന വചനമാണിത്. അവന് മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞതെന്ന് സുവിശേഷകന് വ്യക്തമാക്കുന്നുണ്ട്. ജീവിച്ചിരിക്കുക എന്നതിന് മറ്റൊരര്‍ത്ഥം കൂടിയുണ്ട് എന്നു സാരം. വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കുമ്പോഴാണ് അതിന്റെ അര്‍ത്ഥം കുറേക്കൂടി നമുക്ക് തെളിഞ്ഞുകിട്ടുന്നത്. മരിച്ചിട്ടും എത്ര സജീവമാണ് അവരുടെ ഓര്‍മ്മകളും അവര്‍ തെളിയിച്ച ദീപനാളങ്ങളും. മരിച്ചിട്ട് 68 വര്‍ഷം കഴിഞ്ഞ ഒരു അമ്മയുടെ ഓര്‍മ്മകളാല്‍ സമൃദ്ധമാവുകയാണ് ഇന്ന് നമ്മുടെ മനസ്സ്. “മരിച്ചാലും മറക്കില്ലാട്ടോ” എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന എവുപ്രാസ്യമ്മയെ, മരിച്ചിട്ടും മറക്കാന്‍ കഴിയാത്തത് നമുക്കാണ്.
ഉന്മാദത്തോളമെത്തുന്ന ഭക്തിയും സ്നേഹവും – അതായിരുന്നു എവുപ്രാസ്യമ്മയുടെ പ്രത്യേകത. ഭാരതീയ പാരമ്പര്യത്തില്‍ അതിനെ ഭക്തിമാര്‍ഗ്ഗം എന്നു വിശേഷിപ്പിക്കും; ക്രിസ്തീയപാരമ്പര്യത്തില്‍ അത് മിസ്റ്റിസിസത്തിന്റെ വഴിയും. അതിന്റെ എല്ലാ പ്രത്യേകതകളും ഈ സന്യാസിനിയുടെ ജീവിതത്തില്‍ കൃത്യമായി അടയാളപ്പെടുത്താനാകും.
കേരളസഭയുടെ കര്‍മ്മലാരാമത്തില്‍ വിരിഞ്ഞ ഏറ്റവും ചാരുതയാര്‍ന്ന വിശുദ്ധസൂനമാണ് സി. എവുപ്രാസ്യ. പ്രാര്‍ത്ഥനയാലും തപോനിഷ്ഠയാലും ലാളിത്യത്താലും അലംകൃതമായിരുന്നു വിശുദ്ധയുടെ ജീവിതം. ഈശോയെ വിട്ടുപിരിഞ്ഞ ഒരു നിമിഷം പോലും അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല.
സി.എം.സി. സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറാള്‍ ആയിരുന്ന സി. ഫിദേലിസ് പറയുന്നു: “കര്‍മ്മല സന്യാസിനീ സമൂഹത്തിന്റെ കാരിസം എന്ത് എന്നതിന്റെ റഫറന്‍സ് ഗ്രന്ഥമായിരുന്നു വി. എവുപ്രാസ്യ.” 1877 ഒക്ടോബര്‍ 17-ന് ഇലവുത്തിങ്കല്‍ ചേര്‍പ്പൂക്കാരന്‍ അന്തോണി – കുഞ്ഞത്തി ദമ്പതികളുടെ ആദ്യത്തെ സന്താനമായി റോസ എന്ന എവുപ്രാസ്യ ജനിച്ചു. പരിശുദ്ധ അമ്മയുടെ കരം പിടിച്ച് പ്രതിസന്ധികളെ തരണം ചെയ്ത് ഒരു കന്യാസ്ത്രീ ആകുക എന്ന റോസയുടെ ആഗ്രഹം 1900 മെയ് 24-ന് പൂവണിഞ്ഞു. അങ്ങനെ റോസ, തിരുഹൃദയത്തിന്റെ സി. എവുപ്രാസ്യ ആയി മാറി. തുടര്‍ന്ന് 1952 ആഗസ്റ്റ് 29-ന് ഈ ലോകത്തോട് വിടപറയുന്നതുവരെ സന്യാസജീവിതസമര്പ്പണം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കാന്‍ സി. എവുപ്രാസ്യാ പരിശ്രമിച്ചു. സത്യത്തെ അനായാസം സ്വാംശീകരിക്കാനുള്ള പരിശുദ്ധമായ ശ്രമമാണ് സന്യാസം എന്ന നിര്‍വചനത്തിന് യോജിച്ചവിധം ജീവിതം ക്രമീകരിക്കുവാന്‍ എവുപ്രാസ്യാമ്മയ്ക്ക് സാധിച്ചു.
ഒരു ദിവ്യകാരുണ്യ മിഷനറി എന്ന നിലയില്‍ നമുക്ക് ഈ വിശുദ്ധയുടെ ജീവിതത്തില്‍ നിന്നും സ്വാംശീകരിച്ചെടുക്കുവാന് സാധിക്കുന്ന മാതൃക എന്താണ്? അത് തീര്‍ച്ചയായും ദിവ്യകാരുണ്യനാഥനോടുള്ള അടങ്ങാത്ത സ്നേഹമാണ്.
നമുക്ക് ഇഷ്ടമുള്ളവരെ പ്രീതിപ്പെടുത്താന്‍ നാം എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുകൂട്ടും? ഈശോ നമ്മുടെ പ്രിയപ്പെട്ടവനായി മാറുമ്പോള്‍, നമ്മുടെ ജീവിതത്തിലെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങള്‍ പോലും വളരെ ശ്രദ്ധയോടെ ചെയ്യുവാനായി നാം തയ്യാറാകും. ഈ ഒരു ബോധ്യം എവുപ്രാസ്യമ്മയുടെ ജീവിതത്തിലുണ്ടായിരുന്നു.
ദിവ്യകാരുണ്യ ഈശോയോട് സദാ അഭേദ്യമായ ബന്ധത്തില്‍ നെയ്തെടുത്തതായിരുന്നു എവുപ്രാസ്യമ്മയുടെ ആദ്ധ്യാത്മികത. പള്ളിയില്‍ എന്നും ആദ്യമെത്തുന്നതും അവസാനം പോകുന്നതും അമ്മയായിരുന്നു. “എനിക്ക് ഏക ആശ്വാസം എന്റെ ഈശോയുടെ അടുക്കല്‍ ചെല്ലുന്നതാകുന്നു” എന്ന് അമ്മ പറയുമായിരുന്നു. കേള്‍ക്കുന്നതെല്ലാം അവന്റെ സ്വരം. ‘പ്രിയതമാ’ എന്ന്, കാണാവുന്ന കാമുകനെ വിളിക്കാം. എന്നാല്‍, കാണാത്ത ഒന്നിനെ അങ്ങനെ വിളിക്കാന്‍ നെഞ്ചുറപ്പ് വേണം.
ഒരേയൊരു മുഖവും, ഒരേയൊരു സ്വരവും, ഒരേയൊരു ഹിതവും – അതായിരുന്നു എവുപ്രാസ്യമ്മയുടെ ജീവിതം. മറ്റൊരു കാഴ്ചയും കാണാനാകാത്ത മട്ടില്‍ ആ കണ്ണും കരളുമെല്ലാം ദൈവത്തെയും ദൈവാനുഭവങ്ങളെയും കൊണ്ട് നിറഞ്ഞിരുന്നു.
എവുപ്രാസ്യമ്മയുടെ അതീവഹൃദ്യമായ ഒരു ചിത്രമുണ്ട്. രാത്രിയില്‍ ഇടനാഴിയിലൂടെ നടക്കുന്നവര്‍ക്ക് വെളിച്ചം നല്കാന് ഒരു കയ്യില്‍ ജപമാലയും മറുകയ്യില്‍ വിളക്കുമായി നില്ക്കുന്ന ഒരു ശീലം അമ്മയ്ക്കുണ്ടായിരുന്നു. മനോഹരമായ ആ നില്പ് ഒടുവിലിതാ ഒരു പ്രതീകമായി തീര്‍ന്നിരിക്കുന്നു.
‘എന്റെ ദൈവവിളി സ്നേഹമാണ്’ എന്ന് കൊച്ചുത്രേസ്യാ പറഞ്ഞതുപോലെ, എന്റെ ദൈവവിളി സഹനമാണ് എന്ന് എവുപ്രാസ്യ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു. ‘നീ എന്നെ സ്നേഹിക്കുന്നുവോ’ എന്ന് വി. പത്രോസിനോടുള്ള യേശുവിന്റെ ചോദ്യത്തിന്റെ ശരിയായ ധ്വനി, ‘നീ എനിക്കുവേണ്ടി ത്യാഗം ഏറ്റെടുക്കുവാന്‍ സന്നദ്ധനാണോ’ എന്നാണ്. അത് അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കിയ അമ്മ സഹനങ്ങളും ത്യാഗങ്ങളും സ്വയം ഏറ്റെടുത്ത് യേശുവിന്റെ മുമ്പില്‍ സമര്‍പ്പിച്ചു.
കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ളവര്‍ക്ക് പരിചിതയല്ലായിരുന്നെങ്കിലും തൃശ്ശൂര്‍ അതിരൂപതയിലെ ഒല്ലൂര്‍ നാട്ടിലെയും പരിസരങ്ങളിലെയും ഓരോ വ്യക്തിക്കും സുപരിചിതയായിരുന്നു ചേര്‍പ്പുക്കാരന്റെ പുണ്യപ്പെട്ട കന്യാസ്ത്രീ. അവള് പ്രാര്‍ത്ഥിക്കുന്ന അമ്മ, ചലിക്കുന്ന സക്രാരി എന്നീ അപരനാമങ്ങളിലും അറിയപ്പെട്ടിരുന്നു.
ഈ വലിയ വിശുദ്ധയുടെ തിരുനാള്‍ അവളുടെ പുണ്യപാദങ്ങള്‍ പിഞ്ചെല്ലാനുള്ള ഓര് മ്മപ്പെടുത്തലാണ് നമുക്ക് നല്‍കുന്നത്. നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് സ്വര്ഗ്ഗവസതിയില് എത്തിച്ചേരാനാണ്. ധീരതയോടെ പാപത്തെ ചെറുത്തു തോല്പിച്ച് പ്രാര്‍ത്ഥനാനിര്‍ഭരമായ ജീവിതം നയിച്ച് വിനയത്തിന്റെയും ലാളിത്യത്തിന്റെയും ചൈതന്യത്തില്‍ മുന്നേറാന്‍ വി. എവുപ്രാസ്യ നമ്മെ ഓരോരുത്തരെയും സമൃദ്ധമായി തന്റെ പ്രാര്‍ത്ഥനയാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു സഹായിക്കട്ടെ. ഇനിയും കേരളസഭയില്‍ അനേകം വിശുദ്ധര്‍ ജന്മമെടുക്കട്ടെ.
ബ്ര. വിനു കാക്കക്കൂടുങ്കല്‍ MCBS