![z-&-e-1](https://i0.wp.com/www.lifeday.in/wp-content/uploads/2024/11/z-e-1.jpg?resize=696%2C435&ssl=1)
ഹെറോദേസ് രാജാവിന്റെ കാലത്ത് ജീവിച്ചിരുന്ന നീതിമാന്മാരായിരുന്നു എലിസബത്തും സഖറിയായും എന്നാണ് വിശുദ്ധ ബൈബിൾ സാക്ഷ്യപ്പെടുത്തുന്നത്. അവർ മക്കളില്ലാത്തവരും വളരെ പ്രായമുള്ളവരുമായിരുന്നു. ഒരു ദിവസം സഖറിയ ദൈവാലയത്തിൽ ആയിരിക്കുമ്പോൾ, ഗബ്രിയേൽ ദൂതൻ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടിട്ട് നിന്റെ ഭാര്യ എലിസബത്ത് ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കുമെന്ന് വെളിപ്പെടുത്തി. അങ്ങനെ, അവർക്കൊരു പുത്രൻ ജനിച്ചു; വി. സ്നാപകയോഹന്നാൻ.
സ്നാപകയോഹന്നാന്റെ മാതാപിതാക്കളായ സഖറിയായുടെയും എലിസബത്തിന്റെയും തിരുനാൾ ദിനമാണ് നവംബർ 5. സഖറിയ ഒരു യഹൂദ മഹാപുരോഹിതനായിരുന്നു. യോഹന്നാൻ, ജനിക്കുന്നതിനുമുമ്പ് പരിശുദ്ധാത്മാവിനാൽ നിറയുമെന്നും കർത്താവിന്റെ ദൃഷ്ടിയിൽ വലിയവനായിരിക്കുമെന്നും ദൂതൻ അറിയിച്ചിരുന്നു. എലിസബത്ത് ഒരു പുത്രനെ പ്രസവിച്ചു. മാലാഖയുടെ നിർദേശപ്രകാരം അവന് ‘യോഹന്നാൻ’ എന്നു പേരിട്ടു. ഈ സ്നാപക യോഹന്നാൻ ആണ് ഈശോയ്ക്ക് വഴിയൊരുക്കിയത്.
ഗർഭിണിയായ സ്ത്രീകളുടെ സ്വർഗീയ മധ്യസ്ഥയാണ് എലിസബത്ത്. മക്കളില്ലാത്ത വൃദ്ധദമ്പതികൾക്ക് ദൈവം മകനെ കൊടുക്കുന്ന ഒരേ ഒരു സന്ദർഭമേ പുതിയനിയമത്തിലുള്ളൂ. പുരോഹിതനായ സഖറിയായ്ക്കും ഭാര്യ എലിസബത്തിനും സ്നാപകയോഹന്നാനെ മകനായി നൽകുന്ന സന്ദർഭമാണത്. ( വി. ലൂക്കാ ഒന്നാം അധ്യായം).
ഒരു പുത്രൻ ജനിക്കുമെന്ന അറിയിപ്പുണ്ടായപ്പോൾ അതു വിശ്വസിക്കാൻ സഖറിയാക്കു കഴിഞ്ഞില്ല. പ്രകൃതിനിയമമനുസരിച്ച് അത് അസാധ്യമായിരുന്നു. ദൈവദൂതന്റെ വാക്കുകൾ സഖറിയാ വിശ്വസിച്ചില്ല. ദൈവത്തിന്റെ വാക്കുകളെ സംശയിച്ചതിനാൽ കുഞ്ഞിന്റെ ജനനം വരെ ദൈവം സഖറിയായെ മൂകനാക്കി. എങ്കിലും ശിശുവിന്റെ നാമകരണ ദിനത്തിന്റെയന്നു ദൈവം വെളിപ്പെടുത്തിയ ‘യോഹന്നാൻ’ എന്ന പേര് നിർദേശിച്ചതിനുശേഷം സഖറിയായ്ക്കു സംസാരശേഷി തിരികെ ലഭിച്ചു.