![young people,holymother](https://i0.wp.com/www.lifeday.in/wp-content/uploads/2024/09/young-peopleholymother.jpeg?resize=696%2C435&ssl=1)
![](https://i0.wp.com/www.lifeday.in/wp-content/uploads/2024/09/fr-santo.jpg?resize=138%2C173&ssl=1)
വിശ്വാസത്തിലും വിശുദ്ധിയിലും ആഴപ്പെട്ടു ജീവിക്കുന്ന നിരവധി യുവജനങ്ങൾ ഇന്ന് സഭയിൽ ഉണ്ട്. അവരിൽ സഭയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. ക്രിസ്തുവിൽ പണിയപ്പെടുന്ന സഭയിൽ വിശുദ്ധിയുടെയും വിജ്ഞാനത്തിന്റെയും പരിമളം പരത്തുവാൻ തീഷ്ണതയോടെ ജ്വലിക്കുന്ന യുവജനങ്ങൾ സഭയ്ക്കും സമൂഹത്തിനും ഇന്ന് അഭിമാനമാണ്. കണ്ണിൽ കനവും കരളിൽ കനലും പാദങ്ങളിൽ ചിറകുകളും ഉള്ള ക്രൈസ്തവ യുവത്വം ഇന്നിന്റെ പ്രത്യാശയാണ്. പ്രത്യാശ ഭരിതരായ യുവത്വത്തിന് മാത്രമേ വിമോചന ദൗത്യം ഏറ്റെടുക്കുവാൻ സാധിക്കുകയുള്ളൂ.
എന്നാൽ പരിത്യാഗം ആവശ്യപ്പെടുന്ന എന്തിനോടും നിഷേധം പ്രകടമാക്കുന്ന ആത്മീയവും മതപരവുമായ കാര്യങ്ങൾ അറിയാനും പരിശീലിക്കാനുമുള്ള താല്പര്യക്കുറവ് കാണിക്കുന്ന ഒരു പ്രവണത ഇന്നത്തെ യുവതീ യുവാക്കൾക്കിടയിൽ പ്രബലപ്പെടുന്നുണ്ടെന്നുള്ളതും ഒരു യാഥാർഥ്യമാണ്. ഒരിക്കൽ ഒരു യുവാവ് വേദനയോടെ പങ്കുവെച്ചതോർക്കുന്നു. “ഇന്നത്തെ തലമുറയ്ക്ക് വിശ്വാസം ആവശ്യമില്ലാതായിരിക്കുന്നു. അവർക്ക് പണവും ജോലിയും മതി” എന്ന്. ഈ കാലത്ത് ഒരു പറ്റം യുവതയ്ക്ക് ക്രിസ്തു ഒരു മാനദണ്ഡമല്ലാതായിട്ടുണ്ട്. അവർക്ക് ജോലിയും പണവും മാത്രം മാനദണ്ഡമാകുന്നു. സാഹചര്യം അനുസരിച്ച് ക്രിസ്തു ദർശനം മാറ്റിവയ്ക്കപ്പെടുന്നു. പള്ളിയിൽ പോകാനും വി. കുർബാനയിൽ പങ്കെടുക്കാനും വി. കുമ്പസാരം യോഗ്യതയോടെ നടത്താനും വൈമനസ്യം കാണിക്കുന്ന യുവജനങ്ങൾ ഇന്ന് ഒരുപാടുണ്ട്. ഇതൊക്കെ എന്തിനുചെയ്യുന്നു എന്നുള്ളതാണ് അവരിൽ ഉദയം ചെയ്യപ്പെടുന്ന ചിന്ത.
കാലാകാലങ്ങളിൽ മാറിവരുന്ന ട്രൻ്റിനൊപ്പം അധാർമിക ചിന്തകളിലേക്ക് ആവേശത്തോടെ നടന്നടുക്കുവാൻ യുവത ആവേശം കാണിക്കുന്നു.നേട്ടങ്ങളിലും പ്രതിസന്ധികളിലും ലഹരിയിൽ മുഴുകാനുള്ള പ്രവണതയും കൂടി വരുന്നു. ബന്ധങ്ങളെ അമിതമായി ആശ്രയിക്കുകയും എന്നാലതിൽ പൂർണ്ണ സംതൃപ്തിയില്ലാതെ വരുമ്പോൾ ആത്മഹത്യാപരമായ വഴികളിലേക്ക് തിരിയുകയും ചെയ്യുമ്പോൾ മറന്നുപോകുന്ന ഒരു ദൈവിക സാന്നിധ്യം ഉണ്ട്. ഒരിക്കൽ എങ്കിലും ആ ദൈവിക സാന്നിധ്യത്തിൻ്റെ ഇടപെടലുകൾ അനുഭവിക്കാൻ നമ്മൾ പരിശ്രമിച്ചിട്ടുണ്ടോ!
പരിശുദ്ധ അമ്മയെ അറിയുക
ഒന്നും നടക്കുന്നില്ല, ജോലി ശരിയാകുന്നില്ല, വിവാഹം നടക്കുന്നില്ല, പരീക്ഷയാണ് പ്രാർഥിക്കണം എന്നൊക്കെ നമ്മൾ മറ്റുള്ളവരോടു പറയും. എന്നാൽ മനുഷ്യനെക്കാൾ എല്ലാം സാധ്യമാക്കി തരാൻ സാധിക്കുന്ന യേശുവിലേക്കു നമ്മെ അടുപ്പിക്കുന്ന പരിശുദ്ധ അമ്മയെ നാം അറിയാതെ പോകുന്നുണ്ടോ! ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കൾ മുട്ടുകുത്തി കൈവിരിച്ചു പിടിച്ച് രാത്രി യാമങ്ങളിൽ പ്രാർഥനയ്ക്കായി കർത്താവിൻ്റെ മുമ്പിൽ ഉണർന്നിരുന്നത് ഓർക്കുന്നുണ്ടോ! അവർ പ്രാർഥിച്ചതൊക്കെ ജപമാല മുറുകെപ്പിടിച്ചു കൊണ്ടായിരുന്നു. അതും തങ്ങളുടെ മക്കൾക്കു വേണ്ടി, അവരുടെ വളർച്ചയ്ക്ക് വേണ്ടി വിജയത്തിനു വേണ്ടി. ഒന്നുമില്ലായ്മയിൽ അവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചത് പരിശുദ്ധ അമ്മയിലുള്ള ആശ്രയമായിരുന്നു. കാരണം അവർക്ക് വിശ്വാസമുണ്ടായിരുന്നു പരി. അമ്മ അവർക്ക് യേശുവിനോട് മാധ്യസ്ഥ്യം യാചിക്കുമെന്ന്.
പ്രിയമുള്ള യുവജന സുഹൃത്തുക്കളെ നമ്മൾക്കും ആ വിശ്വാസം കിട്ടിയിട്ടുണ്ട്. പരിശുദ്ധ അമ്മയെ കൂടെ കൊണ്ടുനടക്കുമ്പോഴാണ് നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഒരു ഉത്തരം തരാൻ പരിശുദ്ധ അമ്മ നമ്മളെ സഹായിക്കുന്നത്. പരിശുദ്ധ അമ്മ യേശുവിൻ്റെ സന്നിധിയിലേക്ക് നമ്മുടെ കുറവുകളെ സമർപ്പിച്ച് നിറവുകളായി രൂപപ്പെടുത്തും. വചനം തന്നയായ യേശുവിനെ ഹൃദയത്തിൽ ഏറ്റുവാങ്ങാൻ ശ്രമിക്കുമ്പോൾ നമ്മുടെ യുവ ഹൃദയങ്ങൾ ശക്തിപ്പെടും. നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സമയത്തിൻ്റെ പൂർണ്ണതയിൽ അവൻ നടത്തിത്തരും.
ആത്മീയ ജീവിതത്തിൻ്റെ വളർച്ച
നമ്മുടെ പ്രാർഥനകളുടെ വിഷയം പലപ്പോഴും പരീക്ഷയും വിജയവും ജോലിയും ശമ്പളവും സൗഖ്യവും അത്ഭുതങ്ങളുമെക്കെ അല്ലേ? എന്നാൽ നമ്മിലെ ജീവിതവിശുദ്ധിയും വിശ്വാസവും ചേർന്നുള്ള ആത്മീയ ജീവിതത്തിൻ്റെ വളർച്ച നമ്മളുടെ പ്രാർഥനകളിൽ വിഷയമാകുന്നുണ്ടോ? പ്രിയമുള്ള യുവജന സുഹൃത്തുക്കളെ നമുക്ക് അമ്മയുടെ കരം പിടിക്കാം. പരിശുദ്ധ അമ്മയ്ക്ക് നമ്മുടെ ജീവിതത്തിൽ സ്ഥാനമില്ലെങ്കിൽ എങ്ങനെയാണ് നമുക്ക് യേശുവിന്റെ അടുക്കലേക്ക് വരാൻ സാധിക്കുക. ഒരുപക്ഷേ ലഹരിയുടെ മായാവലയങ്ങൾ പറയുന്നത് ചെയ്തും സോഷ്യൽ മീഡിയ പറയുന്നത് ചെയ്തും ജീവിതത്തിൻ്റെ യഥാർഥആനന്ദം നഷ്ടപ്പെടുത്തുന്ന യുവതലമുറ നിരാശയിലേക്കും കുറ്റബോധത്തിലേക്കും താണു പോവുകയാണ്.
സഹനങ്ങളെ സ്നേഹിച്ച നിശബ്ദ സ്നേഹമാണ് പരിശുദ്ധ അമ്മ. അമ്മയുടെ സ്തുതിക്കായി നമ്മൾ നടത്തുന്ന ജപമാല നമ്മളെ സ്നേഹിക്കാനും സഹിക്കാനും സഹോദരനിലേക്ക് ഓടിയെത്താനും വിശുദ്ധിയിൽ വളരാനും വചനം ഹൃദയത്തിൽ സൂക്ഷിക്കാനും പഠിപ്പിക്കും. ഈ പാഠങ്ങൾ യുവജനങ്ങളെ നിങ്ങളെ ശക്തരാക്കും. കാരണം ജപമാല ക്രിസ്തുവിൻ്റെ ജീവിത രഹസ്യങ്ങളിലൂടെയുള്ള യാത്രയാണ്. യുവാവായ ക്രിസ്തുവിനെ പിൻചെല്ലാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾ യാത്ര ചെയ്യേണ്ടതും ആ ജീവിത രഹസ്യങ്ങളിലൂടെയാണ്. അതിന് പരിശുദ്ധ അമ്മ നമ്മളെ സഹായിക്കും.
ഓരോ ദിവസവും 10 മിനിറ്റ് ജപമാലയ്ക്ക് നൽകാം
നമുക്ക് ഓരോ ദിവസവും 10 മിനിറ്റ് എങ്കിലും ജപമാലയ്ക്ക് നൽകാം. നമ്മുടെ പാഠപുസ്തകങ്ങളുടെ കൂടെ ഒരു പുസ്തകം ജപമാലയാക്കാം. നമ്മുടെ കോഴ്സുകളുടെ കൂടെ ഒരു കോഴ്സ് ജപമാലയുടേതാക്കാം. നമ്മുടെ ജോലികളിൽ അൽപം ഫ്രീ ടൈം ജപമാലയ്ക്കായി മാറ്റി വെയ്ക്കാം. നമ്മുടെ യാത്രകളിൽ അല്പനേരം ജപമാല രഹസ്യങ്ങളുടെ യാത്രയാക്കാം. നമ്മുടെ ആഘോഷങ്ങൾ അല്പനേരം ജപമാലകൊണ്ട് ആഘോഷിക്കാം. നമ്മുടെ മത്സര വേളകളിൽ ജപമാലയിൽ ആശ്രയിക്കാം. പ്രതിസന്ധികളിൽ ജപമാലയിലേക്ക് ഓടിയെത്താം. പ്രാർഥനകളിൽ ജപമാല കൈകളിൽ എടുക്കാം. സഹനങ്ങളിൽ കുരിശെടുക്കാൻ അമ്മയും ഇനി മുതൽ കൂടെയുണ്ടാവും. യേശുവിൻ്റെ കൂടെ സഞ്ചരിക്കാനും യേശുവിനെ അനുഭവിക്കാനും ഒരുങ്ങുന്ന ഓരോ യുവാവും യുവതിയും പരിശുദ്ധ അമ്മയോടൊപ്പം സഞ്ചരിക്കുന്നവരാകട്ടെ. അങ്ങനെ വിശുദ്ധ കുർബാനയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കാൻ ജപമാല നമ്മളെ സഹായിക്കട്ടെ.
ഫാ. സാന്റോ അമ്പലത്തറ, കെ.സി.വൈ. എം ഡയറക്ടർ
മാനന്തവാടി രൂപത