
സഭയും വിശ്വാസികളും വളരെയധികം വിലമതിക്കുന്ന ഒന്നാണ് കുമ്പസാരം എന്ന കൂദാശ. ഈ കൂദാശയോടുള്ള സ്നേഹത്തിൽ വളരാൻ നമ്മെ സഹായിക്കുന്ന ഒമ്പതു വിശുദ്ധരുടെ ഉദ്ധരണികൾ ഇതാ…
1. ദൈവം ‘ഭാവിയെ മറക്കുന്നു’ – വി. ജോൺ മരിയ വിയാനി
“നല്ല ദൈവത്തിന് എല്ലാം അറിയാം, നിങ്ങൾ അവനോട് പാപം ഏറ്റുപറയുന്നതിനു മുമ്പുതന്നെ നിങ്ങൾ വീണ്ടും പാപം ചെയ്യുമെന്ന് അവനറിയാം. എന്നിരുന്നാലും, അവൻ നിങ്ങളോടു ക്ഷമിക്കുന്നു. നമ്മോട് ക്ഷമിക്കാൻവേണ്ടി ഭാവി മറക്കാൻപോലും അവനെ നയിക്കുന്ന നമ്മുടെ ദൈവത്തിന്റെ സ്നേഹം എത്ര മഹത്തരമാണ്.”
2. കുമ്പസാരത്തിനുശേഷം പാപമില്ലാത്ത ആത്മാവിന്റെ സൗന്ദര്യം – വി. പാദ്രെ പിയോ
“പാപമില്ലാത്ത ആത്മാവിന്റെ സൗന്ദര്യം പാവപ്പെട്ട ലോകത്തിനു കാണാൻകഴിയുമെങ്കിൽ, എല്ലാ പാപികളും എല്ലാ അവിശ്വാസികളും തൽക്ഷണം പരിവർത്തനം ചെയ്യപ്പെടും.”
3. നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നതിൽ ആത്മാർഥതയുടെ പ്രാധാന്യം – വി. ജോൺ ബോസ്കോ
“നാണക്കേടുകൊണ്ട് കുമ്പസാരത്തിൽ ചില പാപങ്ങളെക്കുറിച്ച് മിണ്ടാതെയിരുന്നാൽ നാം പിശാചിനാൽ വഞ്ചിക്കപ്പെടുകയാണ്. പ്രിയപ്പെട്ട യുവാക്കളേ, കുമ്പസാരത്തിൽ തങ്ങളുടെ പാപങ്ങൾ ആത്മാർഥമായി പ്രഖ്യാപിക്കാത്തതിനാൽ ധാരാളം ക്രിസ്ത്യാനികൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന കേവലം ചിന്തയിൽ ഈ വരികൾ എഴുതുമ്പോൾ എന്റെ കൈ വിറയ്ക്കുന്നുവെന്ന് ഞാൻ നിങ്ങളോടു പറയുന്നു.”
4. എല്ലാ പാപങ്ങളും ക്ഷമിക്കാൻ സഭയ്ക്ക് അധികാരമുണ്ട് – വി. അഗസ്റ്റിൻ
“എല്ലാ പാപങ്ങളും ക്ഷമിക്കാൻ ദൈവസഭയ്ക്ക് അധികാരമുണ്ടെന്ന് നിഷേധിക്കുന്നവരെ നാം ശ്രദ്ധിക്കരുത്.”
5. ഒഴിവാക്കലുകളില്ലാതെ എല്ലാം ക്ഷമിക്കാൻ ദൈവം തയ്യാറാണ് – വി. അബ്രോസ്
“ദൈവം ഒരു വ്യത്യാസവും കാണിക്കുന്നില്ല. അവൻ എല്ലാവരോടും കരുണ വാഗ്ദത്തം ചെയ്യുകയും ഒരു അപവാദവുമില്ലാതെ ക്ഷമിക്കാനുള്ള അധികാരം തന്റെ പുരോഹിതന്മാർക്കു നൽകുകയും ചെയ്തു.”
6. പാപമോചനം ക്രിസ്തുവിന്റെ കൃപയാൽ വരുന്നു – വി. അത്തനേഷ്യസ്
“പുരോഹിതനാൽ സ്നാനമേറ്റ മനുഷ്യൻ പരിശുദ്ധാത്മാവിന്റെ കൃപയാൽ പ്രബുദ്ധനാകുന്നതുപോലെ, പ്രായശ്ചിത്തത്തിൽ തന്റെ പാപങ്ങൾ ഏറ്റുപറയുന്നയാൾക്ക് ക്രിസ്തുവിന്റെ കൃപയാൽ പുരോഹിതൻമുഖേന പാപമോചനം ലഭിക്കുന്നു.”
7. കുമ്പസാരം പാപത്തിന്റെ മ്ലേച്ഛതയെ ഇല്ലാതാക്കുന്നു – വി. ഫ്രാൻസിസ് ഡി സെയിൽസ്
“കുമ്പസാരവും പശ്ചാത്താപവും വളരെ മനോഹരവും സുഗന്ധവുമാണ്. അവ വൈരൂപ്യത്തെ ഇല്ലാതാക്കുകയും പാപത്തിന്റെ ദുർഗന്ധം പുറന്തള്ളുകയും ചെയ്യുന്നു.”
8. കുമ്പസാരത്തിനുമുമ്പ് പ്രാർഥിക്കുക – വി. ഫിലിപ്പ് നേരി
“കുമ്പസാരത്തിനു പോകുന്നതിനുമുമ്പ്, വിശുദ്ധമായിരിക്കാനുള്ള നല്ല മനസ്സിനായി ദൈവത്തോട് അപേക്ഷിക്കുന്നത് നല്ലതാണ്.”
9. കുമ്പസാരം നമ്മെ സുഖപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നു – വി. ഫൗസ്റ്റീന കൊവാൽസ്ക
“കുമ്പസാരത്തിൽനിന്ന് നമുക്ക് രണ്ട് നേട്ടങ്ങൾ ഉണ്ടാകണം. ഒന്ന്, സൗഖ്യം പ്രാപിക്കുന്നതിനായി നാം ഏറ്റുപറയുന്നു. രണ്ട്, വിദ്യാഭ്യാസം നേടുന്നതിന്; നമ്മുടെ ആത്മാവിന് ഒരു കൊച്ചുകുട്ടിയെപ്പോലെ തുടർച്ചയായ വിദ്യാഭ്യാസം ആവശ്യമാണ്.”