“എനിക്ക് വീട്ടിൽ പോകണം, എന്റെ ഇലകളെല്ലാം നഷ്ടപ്പെട്ടതുപോലെ എനിക്ക് തോന്നുന്നു.” കരച്ചിലിനിടയിൽ അദ്ദേഹം പറയുന്ന വാക്കുകളാണിവ. എൺപതാമത്തെ വയസ്സിലും ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയുന്ന ഒരു അപ്പൻ! ഇത് കാണുന്ന നമ്മുടെ കണ്ണുകളും നിറയുമെന്നു തീര്‍ച്ചയാണ്. ‘ദി ഫാദർ’ സിനിമ നമ്മോടു പറയുന്നത്…
2021-ലെ ഓസ്കാർ ഫിലിം അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ‘ദി ഫാദർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് ആയിരുന്നു. ഡിമെൻഷ്യ (മറവിരോഗം) ബാധിച്ച പ്രായമായ ഒരു പിതാവിന്റെ ജീവിതമാണ് ‘ദി ഫാദര്‍’ എന്ന ചിത്രം പറയുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളത വിവരിക്കുന്ന ഈ ചിത്രത്തിൽ, വയോധികനായ ഒരു പിതാവിന്റെ ഒറ്റപ്പെടലും മറവിരോഗം ബാധിക്കുമ്പോഴും അദ്ദേഹം പ്രതീക്ഷിക്കുന്ന സ്നേഹത്തെയും ബന്ധത്തെയും വിവരിക്കുന്നു. ഈ വയോജനദിനത്തിൽ ‘ദി ഫാദർ’ സിനിമ ആധുനിക കാലഘട്ടത്തിൽ നൽകുന്ന സന്ദേശം എന്താണെന്നു പരിശോധിക്കാം.
ആറുതവണ ഓസ്കാര്‍ നോമിനേഷൻ ലഭിച്ച ഹോപ്കിൻസ് ഇത് രണ്ടാം തവണയാണ് മികച്ച നടനുള്ള പുരസ്കാരം നേടുന്നത്. 1992-ൽ ‘ദി സൈലൻസ് ഓഫ് ദി ലാമ്പ്’-ലെ അഭിനയത്തിനായിരുന്നു ഇതിനു മുൻപ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. 84 വയസ്സുള്ള ഇദ്ദേഹത്തിന്റെ സിനിമയിലെ അഭിനയം എന്തുകൊണ്ടും എടുത്തുപറയേണ്ടതുതന്നെയാണ്. ഫ്ലോറിയന്‍ സെല്ലര്‍ എന്ന ഫ്രഞ്ച് സംവിധായകന്റെ ആദ്യ സിനിമയാണ് ഇതെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
മറവിരോഗം ബാധിച്ച വയോധികന്റെ ജീവിതം പറയുന്ന ‘ദി ഫാദർ’
സസ്പെന്‍സ് സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ മകള്‍ (ഒലിവിയ കോള്മാന്) അപ്പന്റെ ഫ്ലാറ്റിലേക്ക് വരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. വാതില്‍ തുറന്നുകൊണ്ട് “ഡാഡി, ഇത് ഞാനാണ്” എന്നുപറഞ്ഞു വാതില്‍ തുറന്ന്, അപ്പനെ ഫ്ലാറ്റിന്റെ ഉള്ളില്‍ അന്വേഷിക്കുന്നത് നമ്മള് ആദ്യം കാണുന്നു. തുടര്‍ന്ന് ക്യാമറ, ആന്റണി ഹോസ്പിക്ന്സ് അവതരിപ്പിക്കുന്ന അപ്പനിലെത്തുമ്പോള് നമ്മള് കാണികളും സിനിമയിലേക്ക് പൂർണ്ണമായും എത്തിച്ചേരും.
മറവിരോഗം ബാധിച്ച ഒരു വയോധികന്റെ ജീവിതത്തിലെ വേദനയും ഒറ്റപ്പെടലും കുടുംബബന്ധങ്ങൾ അകലുമ്പോളുണ്ടാകുന്ന ദയനീയതയുമെല്ലാം ചിത്രത്തിൽ, ആന്റണി ഹോപ്കിൻസിലൂടെ വളരെ ഹൃദയസ്പർശിയായി പ്രേഷകരിലെത്തുന്നു. ഓർമ്മ നഷ്ടപ്പെട്ട അവസ്ഥയിലാണ് സിനിമയിലെ നായകന്. സിനിമയിലെ നായകന്റെ പേരും ആന്റണി എന്നുതന്നെയാണ്. ഓര്‍മ്മയില്ലാത്ത അവസ്ഥയിലും അദ്ദേഹം ജീവിക്കുന്നത് മക്കളോടൊപ്പമാണ്; അവരുടെ സാമിപ്യത്തിലാണ്. അവരെക്കുറിച്ചുള്ള ഓർമ്മയിലും കളിചിരിയിലും ചെറിയ ചെറിയ പിണക്കങ്ങളിലും കൂടി ഈ ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നു.
താൻ സ്വന്തം ഫ്ളാറ്റിൽ തന്നെയാണ് എന്നോർത്താണ് അദ്ദേഹം ജീവിക്കുന്നത്. സിനിമയുടെ അവസാനമാണ് പ്രേക്ഷകർക്കുപോലും മനസ്സിലാകുന്നത് ആ അപ്പൻ നാളുകൾക്കുമുമ്പേ ഒരു നേഴ്സിങ് ഹോമിലായിരുന്നുവെന്ന്. മകൾ പാരീസിലേക്ക് പോവുകയാണെന്നു പറയുന്നിടത്തെല്ലാം വൃദ്ധനായ ആ അപ്പൻ സങ്കടപ്പെടുന്നുണ്ട്. മകൾ വളരെ നാളുകൾക്കുമുമ്പേ പാരീസിലേക്കു പോയിരുന്നു. ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെ കാണാൻ അവിടെ വരിക മാത്രമേ ചെയ്തിരുന്നുള്ളൂ എന്നൊക്കെ പ്രേക്ഷകർപോലും തിരിച്ചറിയുന്നത് സിനിമയുടെ അവസാനമാണ്. മറവിരോഗം ബാധിച്ച് നായകന്റെ സമയക്രമം നഷ്ടപ്പെടുന്നുണ്ട്. വളരെ പ്രത്യേകത നിറഞ്ഞ രീതിയിലൂടെ അവതരിപ്പിക്കപ്പെടുന്നതിനാല് കാഴ്ചക്കാരന്റെയും സമയക്രമം നഷ്ടപ്പെടും.
പൊട്ടിക്കരയുന്ന അപ്പന്
സിനിമയുടെ അവസാനം അദ്ദേഹം നേഴ്സിനോട് ചോദിക്കുന്നുണ്ട്:
“യാഥാർഥത്തിൽ ഞാൻ ആരാണ്?”
“താങ്കൾ ആന്റണി ആണ്” എന്ന് നേഴ്സ് പറയുന്നു.
അമ്മയാണ് തനിക്ക് ആ പേര് നല്‍കിയതെന്നു പറയുന്ന അദ്ദേഹം, പെട്ടെന്ന് തന്റെ അമ്മയെക്കുറിച്ചോര്‍ത്ത് കൊച്ചുകുട്ടികളെപ്പോലെ പൊട്ടിക്കരയുന്നു.
“എനിക്കെന്റെ അമ്മയെ വേണം. അമ്മയെ കാണണം. അമ്മ വന്ന് ഇവിടെ നിന്നും എന്നെ കൊണ്ടുപോകണം” – എങ്ങലടികള്ക്കിടയിലൂടെ അദ്ദേഹം പറയുകയാണ്.
“എനിക്ക് വീട്ടിൽ പോകണം. എന്റെ ഇലകളെല്ലാം നഷ്ടപ്പെട്ടതുപോലെ എനിക്കു തോന്നുന്നു” കരച്ചിലിനിടയിൽ അദ്ദേഹം പറയുന്നുണ്ട്.
എൺപതാമത്തെ വയസ്സിലും ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയുന്ന ഒരു അപ്പൻ! ഇത് കാണുന്ന നമ്മുടെ കണ്ണുകളും നിറയുമെന്നതു തീര്‍ച്ചയാണ്.
മറവിരോഗം ബാധിച്ചാൽ സംഭവിക്കുന്നത്
മറവിരോഗം ബാധിക്കുന്ന ഒരു വ്യക്തിക്ക് പല കാര്യങ്ങളിലും ആശയക്കുഴപ്പമുണ്ടാകുന്നു. കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുന്നു, ഏകാഗ്രത നഷ്ടപ്പെടുന്നു, എല്ലാറ്റിനോടും നിസ്സംഗതയും വിഷാദഭാവവും വർധിക്കുന്നു. ഇങ്ങനെയൊരു അവസ്ഥയിൽ അവർ തന്റെ പ്രിയപ്പെട്ടവർ ചുറ്റുമുണ്ടായിരിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. കാരണം, ചുറ്റുപാടുള്ളതെല്ലാം പലപ്പോഴും അന്യമായി പോകുന്ന ഒരവസ്ഥയിലാണ് അപ്പോൾ മറവിരോഗികൾ ജീവിക്കുന്നത്. സിനിമയിലും ഇതുപോലെ തന്നെയാണ്; അല്പം വ്യത്യാസം മാത്രം. ഈയൊരു സാഹചര്യത്തിൽ ആന്റണി നേഴ്സിങ് ഹോമിലാണ്; ആകെയുണ്ടായിരുന്ന ഏകമകൾ പാരീസിലും. ചുറ്റുമുള്ളവർ ആരാണെന്നുപോലും അറിയില്ലാത്തപ്പോൾ അദ്ദേഹം മകളുടെ സാമിപ്യത്തിലും ഓർമ്മയിലും ജീവിക്കുന്നു.
തന്റെ നിസ്സഹായതയിൽ “എനിക്ക് എന്റെ അമ്മയെ വേണം” എന്നുപറഞ്ഞ് അയാൾ വാവിട്ടു നിലവിളിക്കുന്ന രംഗം നമ്മുടെ മനസ്സുകളില്‍ നിന്നും ഒരിക്കലും മായില്ല. സ്വന്തമെന്നു തോന്നിയവർ, വസ്തുക്കൾ – എല്ലാം അടുത്തുണ്ടാകാൻ ആഗ്രഹിക്കുന്ന അവസ്ഥ. സ്വന്തം ഫ്ലാറ്റായിരുന്നു അദ്ദേഹത്തിന്റെ ലോകം. ഫ്ലാറ്റിൽ നിന്നും മാറി നേഴ്സിങ് ഹോമിൽ എത്തുന്നതുപോലും അദ്ദേഹം അറിയുന്നില്ല.
ഇലകളും ചില്ലകളും കൊഴിഞ്ഞ ഒരു മരമാണു ഞാൻ
ഈ സിനിമയിൽ തന്റെ വാർധക്യവും മറവിരോഗവും നല്കുന്ന നിസ്സഹായതയുടെ പൂര്‍ണ്ണതയില്‍ ആൻ്റണി പറയുന്നത്, “ഇലകളും ചില്ലകളും കൊഴിഞ്ഞ ഒരു മരമാണ് ഞാൻ” എന്നാണ്. ആന്റണി എന്ന വൃദ്ധനായ ആ പിതാവിന്റെ അവസ്ഥയില്‍ ജീവിക്കുന്നവര്‍ ഇന്ന് ലോകത്തിൽ കൂടിവരികയാണ്. പ്രായാധിക്യത്താൽ നിസ്സഹായരായിപോകുന്ന സമയങ്ങളിലാണ് പ്രിയപ്പെട്ടവരുടെ സാമീപ്യവും സ്നേഹവും അവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. എന്നാൽ, തിരക്കേറിയ ഇന്നത്തെ ലോകത്ത് പ്രായമായവർ ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു കൊച്ചുകുഞ്ഞ് തന്റെ അമ്മയുടെ സാമീപ്യം ആഗ്രഹിക്കുന്നതുപോലെ, പ്രായമായവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാമീപ്യം ആഗ്രഹിക്കുന്നുവെന്ന് ഈ ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. അവരുടെ ചിന്താഗതി, ആഗ്രഹങ്ങൾ, ഓർമ്മകൾ, സംസാരിക്കാനും കേൾക്കാനും ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്നിവയെല്ലാം ഈ ചിത്രം എടുത്തുകാണിക്കുന്നു.
ആന്റണി ഹോപ്കിൻസ് എന്ന നടൻ
ഓസ്കാർ അവാർഡ് നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആന്റണി ഹോപ്കിൻസ് എന്ന നടൻ. അതും തന്റെ 84-മത്തെ വയസ്സിൽ. ഒരു നാടകനടനായിട്ടായിരുന്നു ആന്റണി ഹോപ്കിൻസ് അഭിനയജീവിതം ആരംഭിച്ചത്. നിരവധി സിനിമകൾ അദ്ദേഹം ചെയ്തു. പ്രായമായ ഒരാളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന എല്ലാവിധ അരക്ഷിതാവസ്ഥയെയും ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. എൺപതു വയസ്സുള്ള ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ അവസ്ഥകളിലൂടെയാണ് ഈ ചിത്രം പുരോഗമിക്കുന്നത്. മറവിരോഗം ബാധിച്ച സമയത്ത് ഒരു വ്യക്തി കടന്നുപോകുന്ന എല്ലാ അവസ്ഥകളേയും ആന്റണി ഹോപ്കിൻസ് അതിമനോഹരമായി അവതരിപ്പിക്കുന്നുണ്ട്.
ഇന്നത്തെ തലമുറ ഒരിക്കലെങ്കിലും ഈ സിനിമ കണ്ടിരിക്കേണ്ടതാണ്. പ്രായാധിക്യത്തിന്റെ ക്ലേശങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവരോട് കരുണാര്‍ദ്രമായ മനോഭാവം സ്വീകരിക്കാന്‍ ഈ സിനിമ നമ്മെ സഹായിക്കും എന്നത് തീര്‍ച്ചയാണ്. പ്രായമായ ഒരു വ്യക്തിയുടെ ചിന്താധാരകളിലൂടെയും മനോഭാവങ്ങളിലൂടെയും സഞ്ചരിക്കുന്ന ‘ദി ഫാദർ’, ഒരിക്കല്‍ നമുക്കും പ്രായമാകും എന്ന ചിന്തയും കാഴ്ചക്കാരില്‍ ഉളവാക്കും.
മികച്ച നടനുള്ള ഓസ്കാർ ലഭിച്ച സിനിമയായ ‘ദി ഫാദർ’ എന്തുകൊണ്ടും ഒരു മികച്ച സിനിമ തന്നെയാണ്. സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഈ ചിത്രം ഇന്നത്തെ തലമുറയ്ക്ക് കൈമോശം വരാതിരിക്കേണ്ട ചില മാനുഷികഗുണങ്ങളെയും കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഇന്നല്ലെങ്കില്‍ നാളെ ഞാനും നിങ്ങളും ഈ സിനിമയിലെ അപ്പനെപ്പോലെയാകാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ നമുക്ക് പ്രായമുള്ളവരെക്കുറിച്ച് അല്പം കൂടി കരുതലുള്ളവരാകാം.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ