അപരന്റെ പ്രവർത്തികൾ വിലയിരുത്താതെ എങ്ങനെ ബഹുമാനിക്കാം?

അർഹതയില്ലാത്തവരെ ബഹുമാനിക്കുക എന്നത് മനുഷ്യബന്ധങ്ങളിലെ ഏറ്റവും വലിയ ഒരു വെല്ലുവിളിയാണ്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനിൽ അന്തർലീനമായി നിൽക്കുന്ന മാന്യതയും അന്തസുമാണ് അവനെ മറ്റുള്ളവർക്ക് മുന്നിൽ ബഹുമാന്യനാക്കുന്നത്. നന്മവറ്റിയ നിലപാടുകളും മനുഷ്യത്വം ഇല്ലാത്ത പ്രവർത്തനങ്ങളും ഒരുവന്റെ അന്തസിനെ നഷ്ടപ്പെടുത്തുന്നു. മറ്റുള്ളവർ എങ്ങനെയായിരുന്നാലും അവരെ ബഹുമാനിക്കാൻ നമ്മെ സഹായിക്കുന്ന ഏതാനും ചില മാർഗങ്ങൾ കാണാം.

ദൈവത്തിന്റെ സൃഷ്ടികൾ

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC 1931) പഠിപ്പിക്കുന്നതനുസരിച്ച് മനുഷ്യവ്യക്തിയോടുള്ള ബഹുമാനം ആരംഭിക്കുന്നത് തന്റെ അയൽക്കാരനെ മറ്റൊരു വ്യക്തിയായി കണക്കാക്കുന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ദൈവത്തിന്റെ സൃഷ്ടികളായി മറ്റുള്ളവരെ കാണാൻ കഴിയുന്നിടത്താണ് അപരനെ ബഹുമാനിക്കാൻ നമുക്കു സാധിക്കുക. ഓരോ വ്യക്തിയിലും അന്തർലീനമായിരിക്കുന്ന നന്മയെയും മൂല്യത്തെയും തിരിച്ചറിയുന്ന നീതിയുടെ രൂപമാണ് ഈ ബഹുമാനം. ദൈവം നമ്മോടു കാണിക്കുന്ന നീതിയെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഓരോ ദിവസവും അർഹതയില്ലാത്ത കൃപയും പാകപ്പിഴവുകൾക്കും കുറവുകൾക്കും ആവോളം കരുണയും ദൈവത്തിൽ നിന്നും സ്വീകരിക്കുന്ന നാം ദൈവത്തിന്റെ സൃഷ്ടിയായ ഓരോ വ്യക്തിയെയും അവന്റെ പ്രവൃത്തികൾ വിലയിരുത്താതെ തന്നെ ബഹുമാനിക്കാൻ കടപ്പെട്ടവനാണ്.

ഉത്തരവാദിത്വത്തോടെയുള്ള ബഹുമാനം

ബഹുമാനം ഒരിക്കലും നിഷ്ക്രിയമല്ല. ഒരു വ്യക്തിയെ ബഹുമാനിക്കുക എന്നതിനർഥം ആ വ്യക്തിയുടെ തെറ്റുകൾ അവഗണിക്കുകയോ പ്രവർത്തനങ്ങളെ അനുകൂലിക്കുകയോ ചെയ്യുന്നു എന്നല്ല. തിരുസഭ പഠിപ്പിക്കുന്നതനുസരിച്ച് ഒരു വ്യക്തിയോടുള്ള ബഹുമാനം എന്നത് ഓരോ വ്യക്തിയും ദൈവത്തിന്റെ പ്രിയപ്പെട്ടവരാണ് എന്ന തിരിച്ചറിവിൽ നിന്നുള്ള ഉത്തരവാദിത്വപൂർണ്ണമായ ബഹുമാനമാണ്. അത് ദൈവ തിരുമുൻപിൽ നീതിപൂർവകമാണ്.

ക്രിസ്തു പഠിപ്പിക്കുന്ന ആദരവ്

ക്രിസ്തുവിന്റെ മാതൃക സൂക്ഷ്മമായി പരിശോധിക്കുമ്പോൾ മനുഷ്യത്വത്തോടുള്ള അവിടുത്തെ ആദരവ് ഒരിക്കലും വ്യക്തിയുടെ പെരുമാറ്റത്തെ ആശ്രയിച്ച് അല്ലെന്ന് നമുക്ക് മനസ്സിലാക്കാം. അവിടുന്ന് ചുങ്കക്കാരെയും പാപികളെയും വേശ്യകളെയും അരികിലേക്ക് കടന്നുചെന്നു. എന്നാൽ, അവിടുന്ന് അവരുടെ പ്രവൃത്തികളെ അംഗീകരിച്ചില്ല. നമ്മുടെ ദൃഷ്ടിയിൽ യോഗ്യരല്ലെന്ന് തോന്നുന്നവർക്ക് പോലും അവിടുന്ന് സ്നേഹവും കരുണയും ബഹുമാനവും നൽകുന്നു.

ബഹുമാനത്തിലെ വേർതിരിവ്

“പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളിൽ നാം എപ്പോഴും വ്യക്തികളെ ബഹുമാനിക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു. നമുക്ക് ഒരാളുടെ പ്രവർത്തികളെ എതിർക്കാനും അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കാനും കഴിയും. ഒരുപക്ഷേ, അർഹതയില്ലാത്തവരെ ബഹുമാനിക്കുന്നത് അവരുടെ പരിവർത്തനത്തിന് അവസരം ഒരുക്കുന്നുണ്ട്. മറ്റുള്ളവരുടെ അപൂർണ്ണതകളിലും അവരെ ബഹുമാനിക്കുമ്പോൾ ക്രിസ്തുവിന്റെ സ്നേഹമാണ് നമ്മിൽ പ്രതിഫലിക്കുന്നത്. ക്രിസ്തുവിനെപ്പോലെ നമുക്ക് മറ്റുള്ളവരെ ശ്രേഷ്ഠരായി കരുതാം.

സി. നിമിഷറോസ് CSN

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.