“വൈദികനാകുക എന്നത് എന്റെ ജീവിതത്തിലെ ഒരു മികച്ച തീരുമാനമായിരുന്നു.” 49-കാരനായ ഇക്വഡോറിയൻ കത്തോലിക്കാ പുരോഹിതനായ ഫാ. ജുവാൻ കാർലോസ് വാസ്‌കോണസ് വെളിപ്പെടുത്തുന്നു. ഒരു മികച്ച വ്യവസായി ആയിരിക്കുമ്പോഴാണ് അദ്ദേഹം ദൈവവിളി സ്വീകരിക്കുന്നത്. ഇന്ന് അദ്ദേഹം ഡിജിറ്റൽ മേഖലയിലെ അറിയപ്പെടുന്ന ഒരു സുവിശേഷ പ്രഘോഷകനാണ്. ആധുനിക ലോകത്തിനു മാതൃകയാക്കാവുന്ന ഫാ. ജുവാൻ കാർലോസ് വാസ്‌കോണസിന്റെ ദൈവവിളി അനുഭവത്തിലൂടെ നമുക്കും കടന്നുപോകാം.
വലിയ വിശ്വാസമൊന്നുമില്ലാത്ത ഒരു കുടുംബത്തിൽ 1974 നവംബർ 25 നാണ് ജുവാൻ ജനിച്ചത്. വിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നതുപോലും പതിനഞ്ചാം വയസ്സിലായിരുന്നു. എന്നാൽ ഇന്നദ്ദേഹം അറിയപ്പെടുന്ന ഒരു ഡിജിറ്റൽ സുവിശേഷപ്രഘോഷകനാണ്. മാത്രമല്ല, അദ്ദേഹം നിലവിൽ ഡെൽറ്റ സ്കൂളിൽ ചാപ്ലിൻ, ഗ്വായാക്വിലിലെ മേജർ സെമിനാരിയിൽ അധ്യാപകൻ, സാൻ ജോസ്മരിയ റെക്ടറൽ ചർച്ചിൽ പുരോഹിതൻ എന്നീ നിലകളിലും ശുശ്രൂഷ ചെയ്യുന്നു.
വിശ്വാസ ജീവിതത്തിലേക്കുള്ള ദൈവവിളി
ക്വിറ്റോയിലെ ഇൻറ്റിസാന സ്കൂളിലേക്ക് മാറ്റിയതോടെയാണ് ജുവാൻ കാർലോസിന്റെ ജീവിതത്തിൽ മാറ്റം ആരംഭിച്ചത്. അദ്ദേഹത്തിന് ഏകദേശം എട്ടു വയസ്സുള്ളപ്പോൾ സഹോദരിയോടൊപ്പം മാമോദീസ നൽകാൻ കുടുംബം തീരുമാനിച്ചു. വിശ്വാസം വീട്ടിൽ മുൻഗണനാ വിഷയമായിരുന്നില്ലെങ്കിലും, ക്വിറ്റോയിലെ സ്‌കൂളിൽ വച്ചാണ് അവൻ തന്റെ വിശ്വാസജീവിതത്തിൽ ആഴപ്പെടാൻ തുടങ്ങിയത്. അങ്ങനെ ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും ആരംഭിച്ചു.
15-ാം വയസ്സിലാണ് ജുവാൻ ‘ഓപുസ് ഡെയ്’ എന്ന സംഘടനയെ പരിചയപ്പെടുന്നത്. അത് ജുവാന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. “ഓപുസ് ഡെയിലെ ഒരു ക്യാമ്പിലേക്ക് എന്നെ ക്ഷണിച്ചു, അവിടെ കൂടുതൽ ആഴപ്പെട്ട ക്രൈസ്തവ ജീവിതം പരിശീലിക്കാമെന്ന് ഞാൻ മനസ്സിലാക്കി. ദിവസവും സുവിശേഷം വായിക്കാൻ തുടങ്ങിയതും അതിനുശേഷമാണ്.” അദ്ദേഹം പറയുന്നു. അങ്ങനെ അദ്ദേഹം 18-ാം വയസ്സിൽ ‘ഓപുസ് ഡെയ്’ ൽ ചേരാൻ തീരുമാനിച്ചു.
വ്യവസായിയിൽ നിന്നും പുരോഹിതനിലേക്ക്
ഇക്വഡോറിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽ സിസ്റ്റംസ് എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ അദ്ദേഹം മറ്റ് സഹപാഠികളുമായി ചേർന്ന് ജെനറേഷ്യൻ സിസ്റ്റമാസ് എന്ന കമ്പനി സ്ഥാപിച്ചു. വിവിധ കമ്പനികൾക്കായി മൾട്ടിമീഡിയ കണ്ടെന്റ് നിർമ്മിക്കാൻ തുടങ്ങി. തുടങ്ങി വൈകാതെ തന്നെ ഷെവർലെ, നെസ്‌ലെ പോലുള്ള വലിയ ക്ലയന്റുകൾക്ക് വെബ് ഡെവലപ്‌മെന്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നിലയിലേക്ക് കമ്പനി വളർന്നു. “ഇക്വഡോറിലെ വെബ് ഡെവലപ്‌മെന്റ് സേവനങ്ങൾ നൽകുന്ന ആദ്യത്തെ കമ്പനി ഞങ്ങളുടേതായിരുന്നു” അദ്ദേഹം പറയുന്നു.
ഒരു വ്യവസായി എന്ന നിലയിൽ അദ്ദേഹം വിജയം നേടിയെങ്കിലും അദ്ദേഹത്തിന്റെ ദൈവവിളിക്കുവേണ്ടിയുള്ള ആഗ്രഹം മാറിയില്ല. “ഞാൻ എന്റെ സമയത്തിന്റെ ഒരു ഭാഗം അപ്പസ്തോലിക പ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. മറ്റൊരു ഭാഗം ബിസിനസ് ലോകത്തിനു നൽകി.” അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ വ്യവസായരംഗത്തെ വളർച്ച വളരെ പെട്ടെന്നായിരുന്നു. അദ്ദേഹത്തിന്റെ കമ്പനിയിൽ നൂറോളം ജീവനക്കാരുണ്ടായിരുന്നു. 33-ാം വയസ്സിൽ, പിതാവിന്റെ മരണശേഷം, ജുവാൻ തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന ഒരു തീരുമാനമെടുത്തു: അദ്ദേഹം പൗരോഹിത്യത്തിലേക്കുള്ള വിളി സ്വീകരിച്ചു. “ഞാൻ അതിനെക്കുറിച്ച് വളരെ ശ്രദ്ധാപൂർവ്വം ചിന്തിച്ചു. ഞാൻ എടുത്ത ഏറ്റവും ഹൃദയസ്പർശിയായ, എന്നാൽ ഏറ്റവും ചിന്തനീയമായ തീരുമാനങ്ങളിൽ ഒന്നാണിതെന്ന് ഞാൻ കരുതുന്നു. ഈ വിളി തിരഞ്ഞെടുക്കുവാൻ എനിക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയത് എന്റെ പിതാവിന്റെ രോഗമായിരുന്നു. കാരണം എനിക്ക് അദ്ദേഹത്തോട് അടുത്തിരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന് ക്യാൻസർ ആയിരുന്നു. അതിനാൽ അദ്ദേഹം മരിക്കുന്നതുവരെ ഞാൻ എന്റെ തീരുമാനം നടപ്പിലാക്കിയില്ല.” ജുവാൻ വെളിപ്പെടുത്തുന്നു.
അങ്ങനെ അദ്ദേഹം തന്റെ ബിസിനസ് ജീവിതം ഉപേക്ഷിച്ച് റോമിലേക്ക് പോയി. അവിടെ ഓപസ് ഡീയുടെ സെമിനാരിയിൽ വൈദികനാകുവാൻ എട്ടുവർഷം പരിശീലനം നടത്തി. ഒപ്പം അദ്ദേഹം സോഷ്യൽ മീഡിയയിലും ക്രൈസ്തവ ജീവിതത്തിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എന്ത് എന്നതിലും പഠനം നടത്തി. മോറൽ തിയോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂർത്തിയാക്കി.
“ഞാൻ റോമിൽ ആയിരുന്നപ്പോൾ, എന്റെ അമ്മ ഒരു വിധവയും എന്റെ സഹോദരന് 14 വയസുമേ ഉണ്ടായിരുന്നുള്ളു. അതിനാൽ ആദ്യത്തെ കുറച്ച് മാസങ്ങളിൽ എനിക്കു കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഞാൻ ഒരു കമ്പനിയുടെ ബോസും ഉടമയും ആയിരുന്നതിൽ നിന്നും വീണ്ടും വിദ്യാർഥിയായി മാറി. ഒരു വലിയ മാറ്റമായിരുന്നു അത്. പക്ഷെ എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു അത്. കർത്താവിനെ സേവിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പുതിയ ദൗത്യം – ഡിജിറ്റൽ യുഗത്തിലെ സുവിശേഷവൽക്കരണം
2015-ൽ വൈദികനായി അഭിഷിക്തനായ ഫാ. ജുവാൻ, സാങ്കേതികവിദ്യയും വിശ്വാസവും സമന്വയിപ്പിക്കുന്ന വിവിധ പദ്ധതികളിൽ ഏർപ്പെട്ടിട്ടുണ്ട്. വാട്ട്‌സ്ആപ്പ്, യൂട്യൂബ്, സ്‌പോട്ടിഫൈ, ടെലിഗ്രാം തുടങ്ങിയ വ്യത്യസ്‌ത സോഷ്യൽ നെറ്റ്‌വർക്കുകളിൽ കാണപ്പെടുന്ന ഒരു അറിയപ്പെടുന്ന ചാനലായ ‘ടോക്കിംഗ് വിത്ത് ജീസസ്’ ആണ് അദ്ദേഹത്തിന്റെ ഏറ്റവും വിജയകരമായ പ്രോജക്‌റ്റുകളിൽ ഒന്ന്. ഈ സംരംഭത്തിലൂടെ ഉപയോക്താക്കൾക്ക് എല്ലാ ദിവസവും രാവിലെ ‘യേശുവിനോട് മുഖാമുഖം സംസാരിക്കുന്നതിനും’ 10 മിനിറ്റ് ധ്യാനം കേൾക്കാനും കഴിയും.
“ജനങ്ങൾക്ക് ദൈവത്തെ ലളിതമായി കണ്ടുമുട്ടാൻ കഴിയുന്ന ഒരു ഡിജിറ്റൽ ഇടം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്നാണ് ഈ സംരംഭം ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളിലേക്ക് ഈ പദ്ധതി വളർന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആളുകൾക്ക് യേശുവുമായി നേരിട്ട് സംഭാഷണം നടത്താൻ കഴിയും എന്നതാണ്. അവർക്ക് ഈ സംരംഭം ഒരു വഴികാട്ടിയാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രവർത്തനങ്ങൾക്ക് പുറമേ, അശ്ലീലസാഹിത്യ ആസക്തി പോലുള്ള സാങ്കേതികവിദ്യയുടെ പ്രതികൂല ഫലങ്ങളെ ചെറുക്കാൻ ശ്രമിക്കുന്ന പ്രോജക്റ്റുകളിലും ഫാ. ജുവാൻ സഹകരിച്ചിട്ടുണ്ട്. മാഡ്രിഡിൽ, അശ്ലീലസാഹിത്യ ആസക്തിക്കെതിരെ പോരാടാൻ പ്രവർത്തിക്കുന്ന ‘ഡെയ്ൽ ഉന വൂൽറ്റ’യിലെ ആളുകളുമായി ഫാ. ജുവാൻ ബന്ധപ്പെട്ടു. വിദ്യാഭ്യാസത്തിലൂടെയും പിന്തുണയിലൂടെയും ആളുകളെ സഹായിക്കുന്നതിനായി സാങ്കേതികവിദ്യയെക്കുറിച്ചുള്ള തന്റെ അറിവ് സംയോജിപ്പിക്കാൻ ഈ അനുഭവം പ്രചോദനമായി.
നിലവിൽ ഫാ. ജുവാൻ സ്‌കൂൾ ചാപ്ലിൻ ആയും ഒരു റെക്‌ടറിയിലുമായി പ്രവർത്തിക്കുന്നു. പക്ഷേ അപ്രതീക്ഷിതമായ ഗർഭധാരണം നേരിടുന്ന സ്ത്രീകൾക്കായി റെഡ് അപ്പോയോ മുജർ (വിമൻസ് സപ്പോർട്ട് നെറ്റ്‌വർക്ക്) പോലുള്ള വിവിധ അപ്പോസ്‌തോലിക് പ്രോജക്റ്റുകൾ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അമ്മമാർക്കും പെൺമക്കൾക്കും ദൈവവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഒരു കോഴ്സ് ഇത് നടത്തുന്നുണ്ട്.
ആത്മീയ ജീവിതവും സുവിശേഷവത്കരണ പദ്ധതികളും തമ്മിലുള്ള സന്തുലിതാവസ്ഥ
ഫാ. ജുവാനെ സംബന്ധിച്ചിടത്തോളം, ആത്മീയ ജീവിതമാണ് അദ്ദേഹത്തിന്റെ പൗരോഹിത്യജീവിതത്തിൽ ഏറ്റവും പ്രധാനം. “ഞാൻ രാവിലെ അരമണിക്കൂറും ഉച്ചകഴിഞ്ഞ് അരമണിക്കൂറും പ്രാർഥിക്കുന്നു, എല്ലാ ദിവസവും ജപമാല ചൊല്ലുന്നു. കാനോന നമസ്‌കാരം, വിശുദ്ധ കുർബാന, ആത്മീയ വായന, സുവിശേഷ വായന ഇതിലൊന്നും ഞാൻ മുടക്കം വരുത്താറില്ല.” അദ്ദേഹം പറയുന്നു.
ആത്മീയ ജീവിതവും സുവിശേഷവത്കരണ പദ്ധതികളും തമ്മിലുള്ള സന്തുലിതാവസ്ഥ ഒരു വൈദികന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുകയാണ്.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ