അനന്തമായ സംഭാഷണങ്ങൾ, അഭിപ്രായങ്ങൾ, സംവാദങ്ങൾ എന്നിവയാൽ ശബ്ദമുഖരിതമാണ് സോഷ്യൽ മീഡിയ. പലപ്പോഴും ഇതിലെ പല കാര്യങ്ങളും നമ്മെ അസ്വസ്ഥരും ക്ഷീണിതരുമാക്കുന്നു. അവിടെ നിശ്ശബ്ദത വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ ഡിജിറ്റൽ യുഗത്തിൽ വളരെ അത്യന്താപേക്ഷിതമായ ഒന്നാണ് ‘വെർച്വൽ നിശ്ശബ്ദത.’ ഇത്തരം നിശ്ശബ്ധത മനഃസമാധാനത്തിലേക്കുള്ള ഒരു പ്രായോഗിക ചുവടുവവെയ്പ്പ് മാത്രമല്ല, ദൈവത്തോടും ചുറ്റുമുള്ളവരോടും നമ്മെ കൂടുതൽ അടുപ്പിക്കുന്ന ഒരു ആത്മീയപരിശീലനം കൂടിയാണ്.
എന്തുകൊണ്ടാണ് ‘വെർച്വൽ നിശ്ശബ്ദത’ പ്രധാന്യമർഹിക്കുന്നത്?
പ്രാർഥനയും വിവേകവും വളർത്തിയെടുക്കാൻ മൗനം അനിവാര്യമാണെന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നു. “നമ്മുടെ പ്രാർഥന നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഉയരുന്നതിനുവേണ്ടിയാണ് നാം നിശ്ശബ്ദരാകാൻ വിളിക്കപ്പെട്ടിരിക്കുന്നത്” (CCC 2717). ഈ തത്വം നമ്മുടെ ഭൗതിക ഇടങ്ങൾക്കു മാത്രമല്ല, നമ്മുടെ ഡിജിറ്റൽ ഇടങ്ങൾക്കും ബാധകമാണ്.
ഡിജിറ്റൽ ഇടങ്ങളിലെ നിശ്ശബ്ദത പല കാര്യങ്ങളിൽ നമ്മെ സഹായിക്കും. ഭിന്നത പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, നോട്ടിഫിക്കേഷന്റെ നിരന്തരമായ ശബ്ദത്തിൽനിന്ന് പിന്മാറുക, എല്ലാ പോസ്റ്റുകളോടും അഭിപ്രായങ്ങളോടും പ്രതികരിക്കേണ്ടതില്ലെന്ന് മനസ്സിലാക്കുക, അങ്ങനെ ചെയ്യുന്നതിലൂടെ സ്വന്തമായ ചില ഇടങ്ങൾ നമുക്ക് നഷ്ടപ്പെടാതിരിക്കും.
നിരന്തര സോഷ്യൽ മീഡിയ സമ്പർക്കത്തിലെ അപകടങ്ങൾ
ഓൺലൈൻ ജീവിതത്തിന്റെ അശ്രാന്തമായ വേഗത, അനന്തരഫലങ്ങൾ പരിഗണിക്കാൻ സമയമെടുക്കാതെ, ആവേശത്തോടെ പ്രതികരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈ പ്രവണതയ്‌ക്കെതിരെ ഫ്രാൻസിസ് മാർപാപ്പയും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡിജിറ്റൽ ഇടപെടലുകൾക്ക് യഥാർഥ മനുഷ്യബന്ധത്തിന്റെ ആഴവും അർഥവുമില്ല.
വെർച്വൽ നിശ്ശബ്ദത സ്വീകരിക്കാനുള്ള വഴികൾ
1. പതിവായി ലോഗ് ഓഫ് ചെയ്യുക
നിങ്ങളുടെ ഓൺലൈൻ സമയത്തിന് സ്വയം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ആഴ്‌ചയിലൊരിക്കൽ ദിവസം മുഴുവൻ സോഷ്യൽ മീഡിയയിൽനിന്ന് വിട്ടുനിൽക്കുക അല്ലെങ്കിൽ എല്ലാ ദിവസവും സ്‌ക്രീൻസമയം നിർദിഷ്ട മണിക്കൂറുകളായി പരിമിതപ്പെടുത്തുക. ഫോൺ ലോഗ് ഓഫ് ചെയ്യുന്നത് ചുറ്റുമുള്ള ആളുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കുന്നു.
2. നോട്ടിഫിക്കേഷനുകൾ ഓഫാക്കുക
നോട്ടിഫിക്കേഷനുകൾ, ഫോൺ കൂടുതലായി ഉപയോഗിക്കുന്നതിലേക്ക് നമ്മെ ആകർഷിക്കുന്നു. നോട്ടിഫിക്കേഷനുകൾ ഓഫാക്കുന്നതുമൂലം എപ്പോൾ, എങ്ങനെ ഇടപഴകുന്നു എന്നത് നിയന്ത്രിക്കാൻ ഇത് നമ്മെ സഹായിക്കുന്നു.
3. ഓഫ്‌ലൈൻ ശീലങ്ങൾ വളർത്തിയെടുക്കുക
നിങ്ങളുടെ ആത്മാവിനെ പോഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. സ്ക്രോളിംഗ് ഒഴിവാക്കുക, ബൈബിൾ വായിക്കുക, പ്രകൃതിയുമായി ഇടപഴകാൻ കൂടുതൽ സമയം ചെലവഴിക്കുക, പ്രാർഥിക്കുക, പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കുക. ഇത്തരം നിമിഷങ്ങൾ സോഷ്യൽ മീഡിയയ്ക്ക് കഴിയാത്ത വിധത്തിൽ നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്നു.
4. നിങ്ങൾ പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് പ്രാർഥിക്കുക
നിങ്ങളുടെ ഓൺലൈൻ ഉദ്ദേശ്യങ്ങൾ പ്രാർഥനയിലേക്കു കൊണ്ടുവരിക. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും ക്രിസ്തുവിന്റെ സ്നേഹവും സത്യവും പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടുക.
‘വെർച്വൽ നിശ്ശബ്ദത’ എന്നത് ഡിജിറ്റൽ ലോകത്തെ ഉപേക്ഷിക്കുകയല്ല, മറിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പഠിക്കുക എന്നതാണ്. നാം ഡിജിറ്റൽ ലോകത്തിൽനിന്നും അറിഞ്ഞുകൊണ്ട് പിന്തിരിയുമ്പോൾ ദൈവത്തിന്റെ ശബ്ദത്തിലേക്കും അവന്റെ സൃഷ്ടിയുടെ സൗന്ദര്യത്തിലേക്കും നാം സ്വയം തുറക്കുന്നു. സങ്കീർത്തനങ്ങൾ ഈ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്നു: “ശാന്തമാകുക; ഞാൻ ദൈവമാണെന്ന് അറിയുക” (സങ്കീ. 46:10).
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ