![newyork-Recovered](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/newyork-Recovered.jpg?resize=696%2C435&ssl=1)
“മെഡ്ജുഗോറിയെക്കുറിച്ച് ഞാനൊരിക്കലും ചർച്ച ചെയ്യാറില്ല. പക്ഷേ, ഈ തീർഥാടന കേന്ദ്രത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ ‘വന്നു കാണുക’. മെഡ്ജുഗോറിയിൽ ഞാൻ കണ്ടെത്തിയ കൃപ കൃത്യമായി പറഞ്ഞാൽ പൗരോഹിത്യ വിളിയുടെ കൃപയാണ്. മെഡ്ജുഗോറിയുടെ ഇടവക വികാരിയും റെക്ടറുമായി ശുശ്രൂഷ ചെയ്യുന്ന ഫാ. സ്വൊണിമർ പവിസിച്ച് പങ്കുവയ്ക്കുന്നു.
ഇത് കൃപയുടെ ശുശ്രൂഷ
മെഡ്ജുഗോറിയിൽ ഒരു വികാരിയും റെക്ടറും തീർഥാടനകേന്ദ്രത്തിന്റെ പാലകനുമായി ശുശ്രൂഷ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഒരു ഇടവക വികാരി എന്ന നിലയിൽ ഇടവകക്കാരെയും അവരുടെ ആവശ്യങ്ങളെയും ശ്രദ്ധിക്കുന്നതോടൊപ്പം തീർഥാടകരുടെയും ആവശ്യങ്ങൾ നിറവേറ്റുക എന്നത് നിസ്സാര കാര്യമല്ല. എന്നാൽ, ഫ്രാൻസിസ്കൻ സഹോദരന്മാരോടൊപ്പമുള്ള ഈ ജോലി കൂടുതൽ മനോഹരമാക്കുന്നത് “ദൈവത്തെ കാണാൻ വരുന്നവരെയും മറിയത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നവരെയും കണ്ടുമുട്ടുന്നത് കൊണ്ടാണ്” എന്നാണ് ഫാ. സ്വൊണിമർ പങ്കുവയ്ക്കുന്നത്.
മെഡ്ജുഗോറിയിലെ ശുശ്രൂഷകളെ മുന്നോട്ടു നയിക്കുന്ന ശക്തമായ കൃപയെന്ന് അദ്ദേഹം കണ്ടെത്തിയത് പൗരോഹിത്യ വിളിയുടെ കൃപയാണ്. “ഒരു പുരോഹിതൻ സഭയ്ക്കും സഭാ മക്കൾക്കും എത്രമാത്രം വിലപ്പെട്ടവനാണ്. വാസ്തവത്തിൽ ദൈവത്തിന്റെ കൃപ അവരിലൂടെയാണ് കരഗതമാകുന്നത്.” എന്ന തന്റെ അനുഭവം പങ്കുവയ്ക്കുന്ന ഫാ. സ്വൊണിമർ ഓരോ ദിവസവും പൗരോഹിത്യത്തിന്റെ മഹനീയത കൂടുതൽ കൂടുതൽ കണ്ടെത്തുകയാണ്.
മറ്റൊരു ഫ്രാൻസിസിനെപ്പോലെ
വിശുദ്ധ ഫ്രാൻസിസിനെപ്പോലെ പോർസ്യുങ്കാലയിലെ ദേവാലയം പുനസ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്തതുപോലെതന്നെയുള്ള ഒരു ശുശ്രൂഷയിലാണ് താനും ഏർപ്പെട്ടിരിക്കുന്നതെന്നാണ് ഫാ. സ്വൊണിമറിന്റെ അനുഭവം. തന്റെ വിശുദ്ധമായ ജീവിതത്തിലൂടെ പ്രാർത്ഥനയിലൂടെ വിശുദ്ധ ഫ്രാൻസിസ് സഭയെ നവീകരിച്ചതുപോലെ ഞങ്ങളും സഭയെ സ്നേഹിക്കുകയും ഞങ്ങളുടെ പ്രാർത്ഥനയിലൂടെയും ജീവിതത്തിലൂടെയും സഭയെ സേവിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു.
അസാധാരണമായ കൃപയുടെ സ്ഥലം
മെഡ്ജുഗോറിയെ അസാധാരണമായ കൃപയുടെ സ്ഥലമായി റോം അംഗീകരിക്കുന്നതിനു മുമ്പുതന്നെ ഇവിടെനിന്നും ധാരാളം നന്മകൾ സഭയ്ക്ക് സ്വന്തമാക്കാനായിട്ടുണ്ട്. വിശ്വാസികൾക്ക് ജന്മം നൽകിയ ഒരു ഇടമായിരുന്നു ഇത്. ഇവിടെ അനേകം മാനസാന്തരങ്ങൾ നടന്നു. പ്രാർത്ഥനയുടെ ഈറ്റില്ലമായി ഇവിടം മാറിക്കഴിഞ്ഞു. മെഡ്ജുഗോറിയ സഭയ്ക്കുള്ള ഒരു സമ്മാനമാണ്. ഇന്നും ആത്മീയ ലക്‌ഷ്യങ്ങളോടെ ധാരാളം പേർ മെഡ്ജുഗോറിയിൽ പരിശുദ്ധ അമ്മയുടെ സവിധത്തിലേക്ക് കടന്നുവരുന്നുണ്ട്.
പൗരോഹിത്യം ആഴപ്പെടുത്തുന്ന ഇടം
മെഡ്ജുഗോറിയിൽ എത്തുന്ന എല്ലാ പുരോഹിതരും തങ്ങളുടെ വിളിയുടെ ആഴത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയില്ല എന്നാണ് ഫാ. സ്വൊണിമറിന്റെ വിശ്വാസവും അനുഭവവും. വിശുദ്ധ കുർബാന അർപ്പിക്കാനും കുമ്പസാരിപ്പിക്കാനും ദിവ്യകാരുണ്യ ആരാധന നടത്താനും തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് പുരോഹിതന്മാരുടെ ശുശ്രൂഷ ആവശ്യമാണ്. ദൈവത്തിന്റെ കൃപ വിശ്വാസിയിലേക്ക് ഒഴുകുന്ന ഒരു കൈവഴിയായി ദൈവത്തിനും മനുഷ്യനും ഇടയിൽ നിൽക്കുന്ന ഓരോ പുരോഹിതനും തന്റെ വിളിയുടെ ആഴം ഇവിടെയുള്ള ശുശ്രൂഷകളിലൂടെ അനുഭവിക്കുന്നു.
വിവർത്തനം: സി. നിമിഷ റോസ് CSN