വിശുദ്ധപദവിയിലേക്ക് എത്തിപ്പെടാൻ ദൈവത്തിനു മുൻപിൽ പ്രത്യേകിച്ച് യോഗ്യതകളൊന്നും ആവശ്യമില്ല എന്നുള്ളതിന്റെ തെളിവാണ് നമ്മുടെ എല്ലാ വിശുദ്ധരും. എന്നാൽ ക്രിസ്തുവിനുവേണ്ടി തന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചപ്പോൾ ചൈനയിലെ ഒരു സത്രം സൂക്ഷിപ്പുകാരൻ സ്വർഗത്തിൽ ഇടംനേടിയത് വിശ്വാസികളായ നമ്മൾ ഓരോരുത്തർക്കും വലിയ പ്രചോദനമാണ്. ക്രിസ്തുവിനുവേണ്ടി സുവിശേഷപ്രഘോഷകനായി ജീവിതം സമർപ്പിക്കുകയും അവിടുത്തോടുള്ള സ്നേഹത്തെപ്രതി രക്തസാക്ഷിയാകുകയും ചെയ്ത വി. പീറ്റർ വു ഗുവോ ഷെങിന്റെ ജീവിതത്തെക്കുറിച്ച് വായിച്ചറിയാം.
1768 ൽ ഗുയിഷൂവിലെ സുനി കൗണ്ടിയിലെ ലോംഗ്പിംഗ് പട്ടണത്തിലാണ് പീറ്റർ ജനിച്ചത്. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിനുമുൻപ് അദ്ദേഹം ഒരു സത്രം സൂക്ഷിപ്പുകാരനായിരുന്നു. നീതിബോധം, ദരിദ്രരോടുള്ള കരുതൽ, ഉത്സാഹം, തുറന്നുപറയുന്ന സ്വഭാവം എന്നിവയാൽ അദ്ദേഹം സമൂഹത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു. ഒരിക്കൽ സൂ എന്ന കത്തോലിക്കൻ പീറ്ററിന്റെ സത്രത്തിൽ താമസിക്കുകയുണ്ടായി. ആ അവസരത്തിൽ സൂ ക്രിസ്തുവിനെക്കുറിച്ചും കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചും പീറ്റർ വു വിനോട് സംസാരിച്ചു. അതിനുശേഷം സിച്ചുവാനിലെ ലുവോ മാഡി എന്ന പുരോഹിതന്റെ അടുക്കലേക്ക് സൂ, വു ഗുവോഷെങ്ങിനെ അയച്ചു.
അങ്ങനെ വു ഗുവോഷെങ് വിശ്വാസത്തിനുവേണ്ടി വളരെ തീക്ഷ്ണതയുള്ളവനായിത്തീർന്നു. അവൻ ഇതുവരെ മാമോദീസാ സ്വീകരിച്ചിട്ടില്ലെങ്കിലും തന്റെ സത്രം സന്ദർശിച്ചവർ യേശുവിനെ സ്വീകരിക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചു. ഫാ. ലുവോ മാഡിയും പിന്നീട് വു ഗുവോഷെങ്ങിനെ സന്ദർശിക്കുകയും വിശ്വാസം സ്വീകരിക്കാൻ ആളുകളെ നിർബന്ധിക്കാൻ ശ്രമിക്കുന്ന വു ഗുവോഷെങ്ങിന്റെ രീതി തെറ്റാണെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. തുടർന്ന് അദ്ദേഹം വു ഗുവോഷെങ്ങിനോട് സിചുവാനിലേക്ക് വരാനും മറ്റു കത്തോലിക്കർ എങ്ങനെയാണ് സുവിശേഷവൽക്കരണം നടത്തുന്നതെന്നുകാണാനും ക്ഷണിച്ചു. അങ്ങനെ 1795 ൽ അദ്ദേഹം ചോങ്കിംഗിൽ എത്തിച്ചേർന്നു. മറ്റ് കത്തോലിക്കരുടെ മാതൃക കണ്ടതിനുശേഷം, വു ഗുവോഷെങ് തന്റെ മുൻപെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ചു. ലുവോ മാഡി അടുത്തവർഷം പീറ്റർ എന്ന ക്രിസ്ത്യൻ നാമത്തിൽ അദ്ദേഹത്തെ സ്നാനപ്പെടുത്തി.
പിന്നീട് അദ്ദേഹം ലോങ്പിങ്ങിലേക്ക് തിരിച്ചുവരികയും പ്രാദേശിക ജനങ്ങൾക്കിടയിൽ വലിയ തോതിൽ സുവിശേഷവൽക്കരണത്തിൽ ഏർപ്പെടുകയും ചെയ്തു. അങ്ങനെ ലോങ്‌പിങിൽ കത്തോലിക്കാസമൂഹം തഴച്ചുവളർന്നു.
1814 ൽ, ജിയാകിംഗ് ചക്രവർത്തിയുടെ നയങ്ങളുടെ ഫലമായി ചൈനയിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനമുണ്ടായി. ആ വർഷം ഏപ്രിൽ മൂന്നിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആ സമയത്ത് ക്രൈസ്തവരെ തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി നിലത്തുവച്ചിരിക്കുന്ന കുരിശിൽ ചവിട്ടിക്കുന്ന രീതി നിലനിന്നിരുന്നു. ഇങ്ങനെ ചെയ്‌താൽ തടവിൽനിന്നും മോചിപ്പിക്കാമെന്ന് അധികാരികൾ കല്പിച്ചിരുന്നു. ഇത്തരമൊരു വിധി പീറ്ററിനും കൂട്ടാളികൾക്കും മജിസ്‌ട്രേറ്റ് വിധിച്ചു. എന്നാൽ, അങ്ങനെ ചെയ്യരുതെന്ന് പീറ്റർ തന്റെ സഹ ക്രൈസ്തവതടവുകാരെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ അധികാരികളുടെ ഉത്തരവിനെ എതിർത്തുനിന്ന പീറ്ററിനെ വധശിക്ഷയ്ക്കു വിധിച്ചു.
‘സ്വർഗമേ, സ്വർഗമേ, എന്റെ യഥാർഥ ഭവനമേ,’ എന്നു പറഞ്ഞുകൊണ്ട് 1814 നവംബർ ഏഴിന് അദ്ദേഹം ധൈര്യപൂർവം മരണത്തിനു കീഴടങ്ങി.
1900 മെയ് 27 ന് ലിയോ പതിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും പിന്നീട് 2000 ഒക്ടോബർ ഒന്നിന് ജോൺ പോൾ രണ്ടാമൻ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ വർഷവും നവംബർ ഏഴിനാണ് ഈ വിശുദ്ധന്റെ തിരുനാൾ ദിനം.
സുനീഷ വി. എഫ്.