വ്യത്യസ്ത സ്വപ്നങ്ങളിൽ നിന്ന് പൗരോഹിത്യത്തിലേക്ക് പറന്ന ഇരട്ടസഹോദരങ്ങൾ

2024 ജൂലൈ ആറിന് ഫ്രാൻസിസ്കൻ സഭയിലൂടെ കർത്താവിന്റെ പുരോഹിതരായിത്തീർന്ന ജോർജ്, ജോണി എന്ന ഇരട്ടസഹോദരങ്ങൾക്ക് വ്യത്യസ്ത സ്വപ്നങ്ങളുടെ കഥ പറയാനുണ്ട്. എങ്കിലും ദൈവത്തിന്റെ ഹൃദയത്തിൽനിന്ന് ഭൂമിയിലേക്ക് ഒരുമിച്ചു യാത്രതിരിച്ച അവർ ഇരുവരും പൗരോഹിത്യം എന്ന ഏകസ്വപ്നത്തിലേക്ക് എത്തിച്ചേർന്നു. സിറിയൻ യുദ്ധത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട ആലപ്പോയിൽ നിന്ന് 17 വർഷങ്ങൾക്കുശേഷമുള്ള ആദ്യപുരോഹിതർ കൂടിയാണിവർ. യുദ്ധത്തിന്റെ കെടുതികളിൽനിന്നും ഇതുവരെ മോചിതരായിട്ടില്ലെങ്കിലും സിറിയയിലെ ക്രൈസ്തവർക്ക് പ്രത്യാശ പകരുന്ന ആ വൈദികരെ, അവരുടെ ദൈവവിളിയെക്കുറിച്ച് അറിയാം, വായിക്കാം.

ഫ്രാൻസിസ്കൻ വസ്ത്രങ്ങൾ അണിഞ്ഞ ഇരട്ട ബാലന്മാർ

സിറിയയിലെ അലപ്പോയിൽ പതിനേഴും പതിനാറും എട്ടും വയസ്സുള്ള സഹോദരന്മാർക്ക് ദൈവം നൽകിയ ഇരട്ട സമ്മാനമായിരുന്നു ജോർജ്ജും ജോണിയും. 1996 ജനുവരിയിൽ ജനിച്ച ഈ ഇരട്ട കുഞ്ഞുങ്ങൾ ഫ്രാൻസിസ്കൻ വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന ചിത്രം മനോഹരമാണ്. “ഞങ്ങളുടെ അമ്മ ഞങ്ങളുടെ ആരോഗ്യത്തിനായി നിരവധി പ്രാർഥനകൾ നടത്തിയിട്ടുണ്ട്. വിശുദ്ധ അന്തോണീസിനോട് അമ്മ നിരന്തരം പ്രാർഥിച്ചിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ കുട്ടിക്കാലത്ത് അമ്മ ഞങ്ങളെ ഫ്രാൻസിസ്കൻ വസ്ത്രങ്ങൾ അണിയിച്ചിട്ടുണ്ട്.”

ഭക്തരായ മാതാപിതാക്കളിൽ നിന്നും ജനിച്ച ജോർജും ജോണിയും ചെറുപ്പം മുതൽ വിശ്വാസത്തിലും ദൈവഭക്തിയിലുമാണ് വളർന്നത്. ഇടവക ദൈവാലയത്തിൽ അൾത്താര ബാലന്മാരായും മതബോധനത്തിലും യുവജന ഗ്രൂപ്പുകളിലും സജീവ അംഗങ്ങളായും അവർ നിലകൊണ്ടു.  “ചിലപ്പോൾ ആശ്രമത്തിൽ ഒരു മുറി വാടകയ്ക്കെടുത്ത് അവിടെ താമസിക്കണോ?” എന്ന താക്കീത് മാതാപിതാക്കളിൽ നിന്ന് ചിലപ്പോഴൊക്കെ ലഭിക്കാറുണ്ടെന്ന കാര്യം അവർ ഓർത്തെടുത്തു.

യുദ്ധഭൂമിയിൽ തനിക്കായി ശുശ്രൂഷകരെ ഒരുക്കിയ ദൈവം

സിറിയയിൽ യുദ്ധം പൊട്ടി പുറപ്പെടുമ്പോൾ ജോണിനും ജോർജിനും 15 വയസ്സായിരുന്നു. ഒരുതരത്തിൽ പൗരോഹിത്യം എന്ന ദൈവനിയോഗത്തിലേക്കുള്ള അവരുടെ യാത്ര അന്നുമുതൽ ആരംഭിച്ചു എന്നു പറയാം. നഗരം മുഴുവനും ബോംബുകളുടെ ശബ്ദത്താലും നിലവിളികളാലും മുഖരിതമായപ്പോഴും അവർ വിശ്വാസജീവിതത്തിൽ നിന്നും പിന്മാറിയില്ല. “ഞാൻ എല്ലാ ദിവസവും കുർബാനയിൽ പങ്കെടുക്കാൻ പോകുമായിരുന്നു” ജോർജ് പറഞ്ഞു. “എനിക്ക് ഭയമായിരുന്നു. പക്ഷേ, എന്റെ ദൈവം എന്നോടൊപ്പം ഉള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല എന്ന് ഞാൻ എന്നോട് തന്നെ പറയുമായിരുന്നു. ആ ഏറ്റുപറച്ചിൽ എന്നെ നയിക്കുകയും ആശ്വസിപ്പിക്കുകയും സമാധാനം പ്രധാനം ചെയ്യുകയും ചെയ്തു.” ജോണി തന്റെ അനുഭവം പങ്കുവച്ചു.

വ്യത്യസ്ത സ്വപ്നങ്ങളിലൂടെ

ജോർജും ജോണിയും കാഴ്ചയിൽ ഒരുപോലെയായിരുന്നെങ്കിലും തങ്ങളുടേതായ വ്യത്യസ്ത സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ ആഗ്രഹിച്ചവരായിരുന്നു. ഏകദേശം 18 വയസ്സായപ്പോൾ തന്റെ ജീവിതത്തെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി എന്താണെന്ന് ജോർജ് സ്വയം ചോദിക്കാൻ തുടങ്ങി. തന്റെ സ്വപ്നങ്ങൾക്കും ദൈവവിളിക്കും ഇടയിൽ പോരാടി ദൈവത്തോട് ഒരു കരാറിൽ ഏർപ്പെട്ടു; ‘എന്റെ വിളി പൗരോഹിത്യത്തിലേക്ക് ആണെങ്കിൽ നീ എനിക്ക് ശക്തമായ ഒരു അടയാളം തരണം. കാരണം, ഒരു പുതിയ വഴിയിലേക്ക് ഇറങ്ങിത്തിരിച്ചിട്ട് മടങ്ങി വരാൻ എനിക്ക് താല്പര്യമില്ല. ഞാനൊരു പാപിയാണെന്ന തികഞ്ഞ ബോധ്യമുള്ളതിനാൽ നീ എനിക്ക് ഉറപ്പായിട്ടും ഒരു അടയാളം തരണം’. ഇതായിരുന്നു ആ കരാർ.

ദൈവവുമായുള്ള കരാറിൽ ഏർപ്പെട്ട നാളുകളിലാണ് ഫ്രാൻസിസ്കൻ ഫാദേഴ്സിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന തീർഥാടനമായ ഫ്രാൻസിസ്കൻ മാർച്ചിൽ ജോർജും പങ്കെടുക്കുന്നത്. മാർച്ചിനിടെ വയോധികർക്കുള്ള ഒരു ഭവനത്തിൽ കുർബാന അർപ്പിക്കാൻ അവരെല്ലാവരും ഒത്തുചേർന്ന വേളയിൽ അവിടെയുള്ള ഒരു സ്ത്രീ ജോർജിനെ ‘ഫാദർ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. അത് ജോർജിനെ സംബന്ധിച്ച് വലിയൊരു അടയാളമായിരുന്നു. തന്റെ ഉള്ളിൽ മാത്രം കൊണ്ടുനടക്കുന്ന പൗരോഹിത്യം എന്ന ആഗ്രഹത്തെ ദൈവം സ്ഥിരീകരിച്ച അനുഭവമായി അദ്ദേഹം ഉൾക്കൊള്ളുകയും സെമിനാരിയിലേക്ക് യാത്രയാവുകയും ചെയ്തു. താൻ അനുഭവിച്ച ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനുള്ള വ്യക്തമായ ബോധ്യത്തോടെ ആയിരുന്നു അദ്ദേഹം തിരുപ്പട്ട സ്വീകരണത്തിനു മുൻപുള്ള തന്റെ ആപ്തവാക്യം വെളിപ്പെടുത്തിയത്. “കർത്താവ് എന്നെ കൈകൾ കൊണ്ട് ആശ്ലേഷിച്ചു. ഈ യാത്രയിൽ തന്റെ കാലുകൾ കൊണ്ട് അവിടുന്ന് തന്നെ അനുഗമിച്ചു; എന്നെ സ്നേഹിച്ചു. ഇങ്ങനെയാണ് ഞാൻ ക്രിസ്തുവിനെ അറിഞ്ഞത് അതുപോലെ മറ്റുള്ളവരിലേക്കും എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് അവർക്കുവേണ്ടി ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു” എന്ന് തന്റെ പൗരോഹിത്യ മുദ്രാവാക്യമായി ജോർജ് തിരഞ്ഞെടുത്തു.

ജോണിന്റെ അനുഭവം മറ്റൊന്നായിരുന്നു. വലിയ വിശുദ്ധന്മാരിൽ ആകൃഷ്ടനായ ജോൺ ഒരു ഡോക്ടർ ആകാൻ ആഗ്രഹിച്ചു. “യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഈ ആഗ്രഹം പ്രബലപ്പെടുകയായിരുന്നു. തെരുവിൽ മുറിവേറ്റു കിടക്കുന്നവരെയും വീടുകളിലും ആശുപത്രികളിലും എത്തുന്നവരെയും കണ്ടപ്പോൾ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മനസ്സിൽ ഉറപ്പിച്ചു” ജോൺ പങ്കുവച്ചു. അങ്ങനെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി നെതർലാൻഡിലേക്ക് മെഡിസിൻ പഠനത്തിനായി പോകാൻ തീരുമാനിച്ചു. ഒരു ദിവസം സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർഥന ഉരുവിട്ടു കൊണ്ടിരിക്കുമ്പോൾ ‘നിന്റെ ഹിതം നിറവേറട്ടെ’ എന്ന ഭാഗം പൂർത്തിയാക്കിയപ്പോൾ “ആരോ എന്നെ തല്ലിയത് പോലെ തോന്നി” എന്നാണ് ജോണിന്റ അനുഭവം. ‘നീ എപ്പോഴും നിന്റെ ഇഷ്ടമാണ് ചെയ്യുന്നത്. ഒരു ഡോക്ടർ ആകാനാണ് നീ ആഗ്രഹിക്കുന്നത് എന്നാൽ, ശരീരത്തെ സൗഖ്യപ്പെടുത്താൻ ധാരാളം ഡോക്ടർമാരുണ്ട്. ആത്മാവിനെ സുഖപ്പെടുത്താനുള്ള ഡോക്ടർമാരുടെ എണ്ണം കുറവാണ്’ എന്ന ഓർമ്മപ്പെടുത്തൽ മനസ്സിൽ പ്രബലപ്പെട്ടപ്പോൾ ആ നിമിഷം തന്നെ ആത്മാക്കൾക്കുള്ള വൈദ്യനാകാനുള്ള ദൈവത്തിന്റെ വിളിക്ക് ജോൺ ആമ്മേൻ പറഞ്ഞു. “എനിക്ക് ആത്മാക്കളെ തരൂ, എന്റെ സർവ്വവും അങ്ങ് എടുത്തുകൊള്ളൂ” ആത്മാക്കളുടെ വൈദ്യനാകാൻ മനസ്സിൽ ഉറച്ച ജോൺ തന്റെ മുദ്രാവാക്യമായി എടുത്തത് ഇപ്രകാരമായിരുന്നു.

തികഞ്ഞ സമർപ്പണ ബോധത്തോടും വ്യക്തതയോടും കൂടെ ആത്മാക്കളുടെ രക്ഷയ്ക്കായുള്ള പ്രയാണത്തിൽ ഈ ഇരട്ട സഹോദരരും ഒരേ ഹൃദയത്തോടെ യാത്ര തിരിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.