ഈ വിധവ ഇനി കർത്താവിന്റെ മണവാട്ടി

കൊളംബിയയിലെ കാലിയിലുള്ള പൊന്തിഫിക്കൽ ജാവേറിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിങ് പൂർത്തിയാക്കിയ ഡയാന ഒസൂന ഭർത്താവിന്റെ മരണശേഷമാണ് ജീവിതത്തിന്റെ പുതിയ നിയോഗത്തിലേക്ക് എത്തിച്ചേർന്നത്. 15 വർഷത്തിലധികം ഒരു മെഡിക്കൽ ട്രെയിനിങ് കമ്പനിയിൽ ജോലി ചെയ്തുകൊണ്ട് മാതൃകാപരമായി ദാമ്പത്യജീവിതം നയിച്ച അവൾ സമർപ്പിത ജീവിതയാത്രയിൽ ഇന്നും വിശ്വസ്തയാണ്.

വേദനകളിലൂടെ വിശ്വാസവളർച്ചയിലേക്ക്

അപ്രതീക്ഷിതമായി ഭർത്താവിനു സ്ഥിരീകരിക്കപ്പെട്ട കാൻസർ രോഗമാണ് അവരുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കിയത്. രണ്ടര വർഷത്തോളം നീണ്ട ചികിത്സകളും സഹനങ്ങളും അവർ ഇരുവരെയും ആഴമായ വിശ്വാസത്തിലേക്കു നയിച്ചു. ഭർത്താവിന്റെ മരണശേഷം ഒന്നരവർഷം കഴിഞ്ഞപ്പോഴാണ് തന്റെ ഹൃദയത്തിൽ ദൈവം നൽകിയ പ്രചോദനങ്ങളെ ഡയാന വിവേചിച്ചറിയുന്നത്. “ദൈവം എന്നിൽനിന്ന് കൂടുതലെന്തോ ആഗ്രഹിക്കുന്നു” എന്ന ശക്തമായ തോന്നലായിരുന്നു സന്യാസജീവിതത്തെക്കുറിച്ചു ചിന്തിക്കാൻ തനിക്ക് സഹായകമായതെന്ന് ഡയാന പങ്കുവച്ചു.

പൂർണ്ണമായ സമർപ്പണം

വിവാഹജീവിതത്തിൽ നിന്നും സമർപ്പിതജീവിതത്തിലേക്ക് തനിക്കു ലഭിച്ച ഉൾവിളിയെക്കുറിച്ച് വ്യക്തതയില്ലായിരുന്ന ഡയാന, തന്റെ ആത്മീയഗുരുവിൽ നിന്ന് ഉപദേശം തേടുകയും ധ്യാനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഒരിക്കൽ പ്രാർഥനയിൽ ദൈവത്തോടുകൂടെ ആയിരുന്ന വേളയിലാണ് ‘പൂർണ്ണമായി ദൈവത്തിന്റെ സ്വന്തമാകുക’ എന്ന ദൈവത്തിന്റെ വിളി അനുഭവിക്കാൻ കഴിഞ്ഞതെന്ന് ഡയാന പങ്കുവയ്ക്കുന്നു.

ത്യാഗത്തിന്റെ മഹനീയ യാത്ര

സമർപ്പിത ജീവിതത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഡയാനയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. “എനിക്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം ഉപേക്ഷിക്കാൻ എനിക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നിരുന്നാലും ദൈവം എന്നോട് വളരെ അടുത്തായിരിക്കുന്ന മനോഹരമായ യാത്രയായിരുന്നു എന്റെ വിളി. അതിനായി ദൈവം ഓരോ നിമിഷത്തിലും എനിക്ക് അവിടുത്തെ കൃപ നൽകി.” സമർപ്പിത ജീവിതത്തിലേക്ക് ചുവടുറപ്പിച്ച ദിനങ്ങളിലെ ഡയാനയുടെ അനുഭവമായിരുന്നു ഇത്. ഏകദേശം മൂന്നുവർഷത്തോളം നീണ്ട പരിശീലനങ്ങൾക്കൊടുവിൽ ഡയാന സന്തോഷത്തോടെ തന്റെ പുതിയ ജീവിതം ആരംഭിച്ചു.

“ഇന്നലെ വരെ ഞാൻ ലോകത്തിലെ സ്ത്രീയായിരുന്നു. എന്നാൽ, ഇന്ന് ഞാൻ ലോകത്തിന്റേതല്ല. പൂർണ്ണമായും ഞാൻ ദൈവത്തിനു സമർപ്പിക്കപ്പെട്ടവളാണ്. ദൈവത്തിന്റെ മണവാട്ടിയാണ്” – ഡയാന തന്റെ അനുഭവം പങ്കുവച്ചു.

വ്യത്യസ്ത വഴികളും ഏകലക്ഷ്യവും

വിവാഹജീവിതവും സമർപ്പിതജീവിതവും പരസ്പരം എതിരല്ലെന്നും മറിച്ച് അവ പരസ്പരപൂരകങ്ങളാണെന്നുമാണ് ഡയാനയുടെ വിശ്വാസം. “രണ്ടു വ്യത്യസ്തജീവിതങ്ങൾ നയിക്കാൻ കഴിഞ്ഞത് ദൈവത്തിൽ നിന്നുള്ള വലിയൊരു സമ്മാനമാണ്. ദൈവത്തിന്റെ പദ്ധതികൾ വളരെ ക്രിയാത്മകവും അദ്ഭുതകരവുമാണ്. നമ്മൾ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ ജീവിതത്തിൽ അവിടുന്ന് അനുവദിക്കുന്നതെല്ലാം ഒരു വലിയ ലക്ഷ്യത്തിനുവേണ്ടിയാണ്” – ഡയാന പറയുന്നു.

വേദനകളിലൂടെ വിശ്വാസത്തിലേക്കും വിശ്വാസത്തിൽനിന്ന് ദൈവത്തിന്റെ പുതിയ നിയോഗത്തിലേക്കും ചുവടുറപ്പിച്ച ഡയാന ഒസൂന കുടുംബജീവിതം നയിക്കുന്നവർക്കും സമർപ്പിതജീവിതം നയിക്കുന്നവർക്കും ഒരു പ്രചോദനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.