സ്കോട്ട്ലൻഡിലെ പ്ലസ്കാർഡൻ ആബി: ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ബെനഡിക്റ്റൈൻ ആശ്രമം

സ്കോട്ട്ലൻഡിന്റെ വടക്ക്-കിഴക്ക്, എൽജിനിൽ നിന്ന് ഏകദേശം 9.7 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ്, മൊറേ പ്രദേശത്ത്, ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ബെനഡിക്റ്റൈൻ ആശ്രമമായ പ്ലസ്കാർഡൻ മൊണാസ്ട്രി സ്ഥിതിചെയ്യുന്നു. ഇവിടെ ഏകദേശം 15-ഓളം കത്തോലിക്കാ സന്യാസിമാരുടെ ഒരു സമൂഹം താഴ്‌വരയുടെ സമാധാനപരമായ അന്തരീക്ഷത്തിൽ പ്രാർഥിക്കുകയും തീർഥാടകരെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

എന്നാൽ ചരിത്രംപരിശോധിച്ചാൽ പല ക്ലേശങ്ങളെയും അതിജീവിച്ചാണ് ഈ മൊണാസ്റ്ററി ഇപ്പോൾ തീർഥാടകർക്കായി നിലകൊള്ളുന്നത്. ശത്രുക്കളുടെ വെടിവയ്പ്പുകളും ഇംഗ്ലണ്ട്, ഫ്രാൻസ്, സ്കോട്ട്ലൻഡ് എന്നീ രാജ്യങ്ങളുടെ ആക്രമണങ്ങളും അവയുടെ അനന്തരഫലങ്ങളും ഈ ആശ്രമത്തിന്റെ നിലനിൽപ്പിനു ഒരുകാലത്ത് ഭീഷണിയായിരുന്നു.

1560-ൽ ആശ്രമത്തിന് മറ്റൊരു തിരിച്ചടി നേരിട്ടു. ഒരു പ്രൊട്ടസ്റ്റന്റ് രാജ്യമായി മാറിയപ്പോൾ, സ്കോട്ടിഷ് പാർലമെന്റ് മാർപാപ്പയുടെ അധികാരത്തെ നിരാകരിച്ചു. അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുടെ വിശുദ്ധ കുർബാന നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. അത് ഒരു പ്രയാസകരമായ സമയമായിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെപോലെ സ്കോട്ട്ലൻഡിൽ ആശ്രമങ്ങൾ അടിച്ചമർത്തപ്പെട്ടില്ല; അതിനു ഒരു തുടർച്ച ഉണ്ടായിരുന്നു. പക്ഷേ സന്യാസിമാർ എവിടേക്കാണ് പോയതെന്നു കൃത്യമായി വിവരം ലഭിച്ചിരുന്നില്ല. എങ്കിലും 40 വർഷത്തിനുശേഷം ഒരാളെ ആശ്രമത്തിൽ കണ്ടെത്തിയതായി മാത്രം ചരിത്ര രേഖകളിൽ ഉണ്ട്.

എന്നാൽ ആശ്രമത്തിൽ സന്യാസിമാർ ഉണ്ടായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, യൂറോപ്പിലെ ഏറ്റവും ധനികരിൽ ഒരാളായ ബ്യൂട്ടിലെ മൂന്നാം മാർക്വെസ് ജോൺ പാട്രിക് ക്രിക്റ്റൺ-സ്റ്റുവർട്ട് കത്തോലിക്കാ സഭയുടെ തീക്ഷ്ണമായ സംരക്ഷകനായി. വലിയ തോതിൽ ആശ്രമം പുനരുദ്ധരിക്കാമെന്ന പദ്ധതിയിൽ അദ്ദേഹം പ്ലസ്കാർഡൻ ആശ്രമം വാങ്ങി. എന്നാൽ അദ്ദേഹമത് പുനഃസ്ഥാപിച്ചില്ല. പക്ഷേ അദ്ദേഹം ആ ആശ്രമം സംരക്ഷിച്ചു.

പിന്നീട് ഈ സ്ഥലം അദ്ദേഹത്തിന്റെ അനന്തരവന് കൈമാറി. ഒടുവിൽ, 1948-ൽ അഞ്ച് സന്യാസിമാർ ആശ്രമത്തിൽ താമസിക്കാൻ വന്നു. അതിന്റെ ഉത്ഭവം അസാധാരണമായിരുന്നു: 1896-ൽ ലണ്ടനിലെ ഐൽ ഓഫ് ഡോഗ്‌സിൽ ഒരു ആംഗ്ലിക്കൻ മെഡിക്കൽ വിദ്യാർഥി സ്ഥാപിച്ച സന്യാസി സമൂഹത്തിന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗമല്ലാത്ത ചില ആചാരങ്ങളുണ്ടായിരുന്നു. പിന്നീട് 1913-ൽ അവർ കത്തോലിക്കരാകാൻ തീരുമാനിച്ചു.

പ്ലസ്കാർഡൻ മൊണാസ്ട്രി 1966-ൽ സ്വതന്ത്രമായി. 1974-ൽ, 50 വർഷങ്ങൾക്ക് മുമ്പ്, അത് നിയമപരമായി സ്വയംഭരണാധികാരമുള്ള ആശ്രമമായി മാറി. ഇന്ന്, പ്ലസ്കാർഡനിൽ 15 ബെനഡിക്റ്റൈൻ സന്യാസിമാരുടെ ഒരു സമൂഹമുണ്ട്. അവരിൽ ചിലർ നൈജീരിയ, ഓസ്‌ട്രേലിയ, ഈസ്റ്റ് ആഫ്രിക്ക, പോളണ്ട്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

സന്യാസിമാരിൽ, ഇംഗ്ലണ്ടിൽ ജനിച്ച് കുട്ടിക്കാലത്ത് എഡിൻബർഗിലേക്ക് താമസം മാറിയ ഫാ. ഗിൽസ് കോനാച്ചർ ആണ് ഇവിടെ ഏറ്റവും കൂടുതൽ കാലം ജീവിച്ചത്: 52 വർഷം. 23-ാം വയസ്സിലാണ് അദ്ദേഹം ആശ്രമത്തിലെത്തിയത്.

വാസ്‌തവത്തിൽ, സുബിയാക്കോ, മോണ്ടെ കാസിനോ, സെന്റ്പോൾ ഔട്ട്‌സൈഡ് ദി വാൾസ്, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, ആഫ്രിക്ക, മധ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ നിരവധി ആശ്രമങ്ങൾ ഉൾപ്പെടുന്ന ബെനഡിക്‌ടൈൻ ഭവനങ്ങളുടെ അന്താരാഷ്‌ട്ര യൂണിയനായ സുബിയാക്കോ കാസിനീസ് കോൺഗ്രിഗേഷനിലെ അംഗമാണ് പ്ലസ്കാർഡൻ. അതുപോലെ ഇന്ത്യ, കംബോഡിയ, വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിലും ഈ സന്യാസ സഭയുണ്ട്.

പ്ലസ്കാർഡനിലെ ദിനം അതിരാവിലെ ആരംഭിക്കും. ആദ്യപ്രാർഥന രാവിലെ 4:30 നും അവസാനത്തെ പ്രാർഥന വൈകുന്നേരം 7:30 നും ആണ്. അറ്റകുറ്റപ്പണികൾ, പൂന്തോട്ടപരിപാലനം, വിവർത്തനം, കൈകൊണ്ട് ചെയ്യാവുന്ന ജോലികൽ, മരപ്പണി തുടങ്ങിയ ബൗദ്ധിക ജോലികൾക്ക് പുറമേ, സന്യാസിമാർ അവിടെയെത്തുന്ന തീർഥാടകരെയും സ്വാഗതം ചെയ്യുന്നു. സന്ദർശകർക്കായി രണ്ടു ഗസ്റ്റ് ഹൌസുകളും അവിടെയുണ്ട്.

വിവർത്തനം: സുനീഷാ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.