ഫെബ്രുവരി മൂന്നിന്, കത്തോലിക്കാസഭ നാലാം നൂറ്റാണ്ടിലെ ബിഷപ്പും രക്തസാക്ഷിയുമായ വി. ബ്ലെയ്‌സിനെ അനുസ്മരിക്കുന്നു. തൊണ്ടരോഗങ്ങളിൽനിന്നുള്ള പ്രത്യേക സംരക്ഷകനാണ് ഈ വിശുദ്ധൻ. അദ്ദേഹത്തിന്റെ മരണത്തിന് വർഷങ്ങൾക്കുശേഷം ക്രൊയേഷ്യയിലെ ഡുബ്രോവ്നിക് നഗരത്തെ വലിയൊരു അപകടത്തിൽനിന്നും അദ്ദേഹം രക്ഷിച്ചതുമായി ബന്ധപ്പെട്ട ഒരു സംഭവമുണ്ട്.
971 ഫെബ്രുവരി രണ്ടിന്, വെനീഷ്യൻ കപ്പലുകളുടെ ഒരുകൂട്ടം ഡുബ്രോവ്നിക് നഗരത്തിന്റെ തുറമുഖത്തുണ്ടായിരുന്നു. കൂടുതൽ സാധനങ്ങൾ കയറ്റി അവിടെനിന്നു പോകാൻമാത്രമാണ് വെനീഷ്യൻ കപ്പലുകൾ എത്തിയതെന്ന് അതിലെ ജീവനക്കാർ നഗരത്തിന് ഉറപ്പുനൽകിയിരുന്നു. അന്നുരാത്രി, അതായത് വി. ബ്ലെയ്‌സിന്റെ തിരുനാളിന്റെ തലേദിവസം, ഡുബ്രോവ്‌നിക്കിലെ ഇടവക വികാരിയായ ഫാ. സ്റ്റോയ്‌ക്കോ, സെന്റ് സ്റ്റീഫൻസ് പള്ളിയിലേക്കു പോവുകയായിരുന്നു. പള്ളിയിൽ പ്രവേശിച്ചപ്പോൾ, നരച്ച മുടിയുള്ള ഒരു വൃദ്ധനെ അവിടെ കണ്ടു. അദ്ദേഹം തന്നെത്തന്നെ വി. ബ്ലെയ്‌സ് എന്നു പരിചയപ്പെടുത്തി.
“നഗരത്തിനു വരാനിരിക്കുന്ന ഒരു വലിയ ആപത്തിനെക്കുറിച്ചു മുന്നറിയിപ്പ് നൽകാനാണ് ഞാൻ വന്നത്. വെനീസിലെ വാണിജ്യശക്തിക്കു ഭീഷണിയായി വളരാൻതുടങ്ങിയ നഗരം ആക്രമിച്ചുകീഴടക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം. വെനീഷ്യക്കാർ നഗരത്തെ വഞ്ചിക്കുകയാണ്. ഇക്കാര്യം വൈദികൻ ടൗൺ ഹാളിൽ പറയണം” എന്നതായിരുന്നു ആ വൃദ്ധന്റെ ആവശ്യം.
സാൻ ബ്ലാസിൽനിന്നുള്ള സന്ദേശവുമായി പുരോഹിതൻ അധികാരികളുടെ അടുത്തേക്കു പോയി. ഉടനെ നഗരകവാടങ്ങൾ ഉറപ്പിക്കുകയും അതിന്റെ കനത്ത മതിലുകൾ പ്രവർത്തനത്തിനായി ഒരുക്കുകയുംചെയ്തു. എന്താണ് സംഭവിക്കുന്നതെന്നുകണ്ട് വെനീഷ്യക്കാർ അവരുടെ മനസ്സുമാറ്റി, പദ്ധതികൾ ഉപേക്ഷിച്ച് കപ്പൽയാത്ര തുടർന്നു.
ഡുബ്രോവ്നിക്കിലെ ആളുകൾ വി. ബ്ലെയിസിനെ തങ്ങളുടെ രക്ഷാധികാരിയായി പ്രഖ്യാപിക്കുന്നതിനുപുറമെ, അദ്ദേഹത്തിന്റെ ബഹുമാനാർഥം ഒരു ദൈവാലയം സ്ഥാപിച്ചു. 1667-ലെ വലിയ ഭൂകമ്പത്തിൽ യഥാർഥ ദൈവാലയത്തിനു കേടുപാടുകൾ സംഭവിക്കുകയും 1706-ലെ തീപിടുത്തത്തിൽ അത് നശിപ്പിക്കപ്പെടുകയുംചെയ്തു. ഇപ്പോഴുള്ള വി. ബ്ലെയിസിന്റെ ദൈവാലയം 1715-ൽ പണികഴിപ്പിച്ചതാണ്. കൂടാതെ, ഡുബ്രോവ്നിക്കിൽ വി. ബ്ലെയ്സിന്റെ നിരവധി തിരുശേഷിപ്പുകളുമുണ്ട്.