ലോകത്തെ ആദ്യം വിമലഹൃദയ പ്രതിഷ്ഠയ്ക്ക് ഒരുക്കിയ വിശുദ്ധ

പോർച്ചുഗലിൽ ജനിച്ച ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു വാഴ്ത്ത. അലജാൻഡ്രിന മരിയ ഡാ കോസ്റ്റ ഡി ബലസർ. പോർച്ചുഗലിൽ ‘ഫാത്തിമയുടെ നാലാമത്തെ ദർശക’ എന്നാണ് ഈ വിശുദ്ധ അറിയപ്പെടുന്നത്. 1942- ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പയാണ്, ലോകത്തെ ആദ്യമായി മറിയത്തിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചത്. അതിനു കാരണമോ, ഈ വിശുദ്ധയുടെ പ്രാർത്ഥനയും അഭ്യർത്ഥനയും.

1904 മാർച്ച് 30- നാണ് ഈ വിശുദ്ധ ഭൂജാതയായത്. 1925 ഏപ്രിൽ 14 ഈ വിശുദ്ധയ്ക്ക് മറക്കാനാവാത്ത ഒരു ദിവസമാണ്. അന്നേ ദിവസം അപ്രതീക്ഷിതമായി അവൾ ഒരു ആക്രമണത്തിന് ഇരയായി. ആക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിശുദ്ധ പിന്നീടുള്ള 30 വർഷങ്ങളും ജീവിച്ചത് കിടക്കയിൽ തന്നെയാണ്. തന്റെ ഇരുപതാമത്തെ വയസിലായിരുന്നു അവളൊരു കിടപ്പുരോഗിയായത്.

തന്റെ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ആഗ്രഹങ്ങളും അവസാനിച്ചു എന്നാണ് ആദ്യം അവൾ നിനച്ചത്. എന്നാൽ സഹനം തന്റെയൊരു ദൈവവിളിയാണെന്ന് ക്രമേണ അവൾ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിലേക്ക് അവളെ നയിച്ചത് പരിശുദ്ധ കന്യകാമറിയാമാണെന്നാണ് അവൾ പറയുന്നത്.

1936- ൽ അവൾക്ക് ദൈവത്തിൽ നിന്ന് ഒരു പ്രത്യേക സന്ദേശം ലഭിച്ചു. അവൾ തന്റെ ആത്മീയപിതാവായ ഫാ. മരിയൻ പിൻഹോ വഴി ആ സന്ദേശം അന്നത്തെ മാർപാപ്പയായിരുന്ന പയസ് പന്ത്രണ്ടാമൻ പാപ്പായെ അറിയിച്ചു. 1941 വരെ അവൾ ഈ അഭ്യർത്ഥന തുടർന്നുകൊണ്ടിരുന്നു. വത്തിക്കാനിൽ നിന്ന് മൂന്നു തവണയാണ് അലജാൻഡ്രിനയെക്കുറിച്ച് അന്വേഷണം നടത്തിയത്. അങ്ങനെ 1942 ഒക്ടോബർ 31- ന് പാപ്പാ, അലജാൻഡ്രിനയ്ക്ക് ലഭിച്ച സന്ദേശമനുസരിച്ച് ലോകത്തെ മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിച്ചു. ഈ നടപടി അതേ വർഷം ഡിസംബർ എട്ടിന് റോമിലെ സാൻ പെഡ്രോയിലെ ബസിലിക്കയിൽ വച്ച് നവീകരിക്കുകയും ചെയ്തു.

മേലിൽ പാപം ചെയ്യരുത് എന്നും ദിവ്യകാരുണ്യം സ്വീകരിക്കണം, ജപമാല ചൊല്ലണം, പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്യണം എന്നൊക്കെ ഈ വിശുദ്ധ എപ്പോഴും പറയുമായിരുന്നത്രേ. 1938 ഒക്ടോബർ മൂന്നു മുതൽ 1942 മാർച്ച് 24 വരെ എല്ലാ വെള്ളിയാഴ്ചകളിലും ഈ വിശുദ്ധ ഈശോയുടെ പീഡാസഹനങ്ങളിൽ പങ്കാളിയായി. 1942 മാർച്ച് 27 മുതൽ 13 വർഷത്തോളം ഈ വിശുദ്ധ ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചാണ് ജീവിച്ചത്. 1955, ഒക്ടോബർ 12- ന് അലജാൻഡ്രിന രോഗീലേപനം സ്വീകരിച്ചു; നല്ല മരണത്തിനായി പ്രാർത്ഥിച്ച് ഒരുങ്ങി. ഒടുവിൽ നിത്യസമ്മാനത്തിന് യാത്രയായി.

2004 ഏപ്രിൽ 25 ന് വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ അലക്‌സാൻഡ്രിനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇന്നത്തെ യുവജനങ്ങൾക്ക് വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും സ്ഥിരോത്സാഹത്തിന്റെയും മാതൃകയായി സഭ നിർദ്ദേശിക്കുന്ന പുണ്യജന്മമാണ് വാഴ്ത്തപ്പെട്ട അലക്‌സാൻഡ്രിന.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.