ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ചില തിരുശേഷിപ്പുകൾ റോമിൽ സൂക്ഷിച്ചിട്ടുണ്ട്. അവ മിക്കതും സൂക്ഷിച്ചിരിക്കുന്നത് വലിയ ബസലിക്കകളിലെ ചെറിയ ചാപ്പലുകളിലായിട്ടാണ്. അമൂല്യമായ ആ തിരുശേഷിപ്പുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
റോമിലെ ഏറ്റവും അറിയപ്പെടുന്ന ദേവാലയങ്ങളിലൊന്നാണ് ‘ജറുസലേമിലെ ഹോളി ക്രോസ് ബസിലിക്ക’. ഈ ദേവാലയത്തിനുള്ളിലാണ് സുപ്രധാനമായ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ തന്നെ ‘തിരുശേഷിപ്പുകളുടെ ചാപ്പൽ’ എന്നും ഇത് അറിയപ്പെടുന്നു. അവിടെ സുരക്ഷിതമായി സംരക്ഷിച്ചുപോരുന്നത് ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട തിരുശേഷിപ്പുകളാണ്.
ക്രിസ്തുവിന്റെ കുരിശിന്റെ ശകലങ്ങൾ
റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈന്റെ അമ്മ വി. ഹെലെനക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ തിരുശേഷിപ്പുകൾ ജറുസലേമിൽ നിന്ന് റോമിലേക്കു മാറ്റിസ്ഥാപിച്ചു. ഈ ബസിലിക്കക്കുള്ളിൽ വി. ഹെലനയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ചാപ്പലുണ്ട്. ആ ചാപ്പലിലേക്കുള്ള നടപ്പാത വിശുദ്ധ നാട്ടിൽ നിന്നുള്ള മണ്ണ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ജറുസലേമിലെ ഹോളി ക്രോസ് ബസിലിക്കയിലെ ഈ ചാപ്പലിൽ 1800 മുതൽ ഇന്നുവരെ സൂക്ഷിച്ചിരിക്കുന്നത് വിശുദ്ധ കുരിശിന്റെ മൂന്ന് ശകലങ്ങളാണ്. കൂടാതെ, പട്ടാളക്കാർ ക്രിസ്തുവിനെ കുരിശിൽ തറച്ച ആണികളിലൊന്നും ഈ ചാപ്പലിലുണ്ട്.
വി. യോഹന്നാൻ തന്റെ സുവിശേഷത്തിൽ വിവരിക്കുന്നു: “പിലാത്തോസ് യേശുവിനെ കൂട്ടിക്കൊണ്ടു പോയി ചാട്ടവാറടിക്കാൻ ഉത്തരവിട്ടു. പടയാളികൾ മുള്ളു കൊണ്ട് ഒരു കിരീടം ഉണ്ടാക്കി അവന്റെ തലയിൽ വച്ചു, അവനെ ഒരു ധൂമ്രവസ്ത്രം ധരിപ്പിച്ചു; അവന്റെ അടുക്കൽ ചെന്ന്, ‘യഹൂദന്മാരുടെ രാജാവേ, സ്വസ്തി’ എന്നു പറഞ്ഞു. അവർ അവനെ അടിച്ചു” (യോഹ. 19:1-3). ഈശോയുടെ മുൾക്കിരീടത്തിലെ മുള്ളുകളിൽ രണ്ടെണ്ണവും പ്രസ്തുത ചാപ്പലിൽ സംരക്ഷിച്ചുപോരുന്നു.
ഈശോയുടെ കുരിശിനു മുകളിൽ സ്ഥാപിച്ച ഫലകം
ടൈറ്റലസ് ക്രൂസിസ് എന്ന പേരിൽ അറിയപ്പെടുന്നതും, പീലാത്തോസ് ക്രിസ്തുവിന്റെ കുരിശിന്റെ മുകളിൽ സ്ഥാപിക്കാൻ ഉത്തരവിട്ടതുമായ ഫലകമാണ് മറ്റൊരു തിരുശേഷിപ്പ്. ഹീബ്രു, ഗ്രീക്ക്, ലാറ്റിൻ ഭാഷകളിൽ ‘യഹൂദന്മാരുടെ രാജാവായ നസ്രായക്കാരൻ യേശു’ എന്ന സന്ദേശം ഇതിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. പാനലിന്റെ തെളിവ് വ്യക്തമല്ല. പക്ഷേ, ഇത് ആറാം നൂറ്റാണ്ടിൽ ബസിലിക്കയിലേക്കു മാറ്റിയതായി കരുതപ്പെടുന്നു.
തോമാശ്ലീഹായുടെ വിരൽ
ഈ ചാപ്പൽ സന്ദർശിക്കുന്ന ഒരാൾക്ക്, നല്ല കള്ളന്റെ കഴുമരത്തിന്റെ ഒരു ശകലവും താൻ ഉയിർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കാൻ ക്രിസ്തുവിന്റെ മുറിവിൽ സ്പർശിച്ച വി. തോമസിന്റെ വിരലും കാണാൻ കഴിയും. ചാപ്പലിന്റെ മറ്റൊരു വശത്ത്, ടൂറിനിലെ തിരുക്കച്ചയുടെ പുനർനിർമ്മാണവും കാണാൻ കഴിയും.
ഈശോയുടെ പീഡാസഹനവുമായി ബന്ധപ്പെട്ട മറ്റ് തിരുശേഷിപ്പുകൾ
ഈ ബസിലിക്കയിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് റോം രൂപതയുടെ കത്തീഡ്രലും മാർപാപ്പയുടെ എപ്പിസ്കോപ്പൽ സിംഹാസനവുമായ സെന്റ് ജോൺ ലാറ്ററൻ. ഇവിടെ പ്രധാന അൾത്താരയുടെ ഇടതുവശത്ത്, ക്രിസ്തു അന്ത്യ അത്താഴം കഴിച്ച മേശയുടെ ഒരു ഭാഗം ഉൾക്കൊള്ളുന്ന ഒരു ചാപ്പലുണ്ട്. കൂടാതെ, ബസിലിക്കക്ക് പുറത്ത് വിശുദ്ധ പടികൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പീലാത്തോസിന്റെ കൊട്ടാരത്തിൽ വധശിക്ഷക്ക് വിധിക്കപ്പെടുന്നതിനു മുമ്പ് യേശു കയറിയ 28 പടികൾ ഉൾക്കൊള്ളുന്നതാണ് ഈ വിശുദ്ധ പടികൾ.
മറ്റൊരു ചാപ്പലിൽ, സാന്താ പ്രാക്സെഡീസിലെ റോമൻ ബസിലിക്കയിൽ യേശുക്രിസ്തുവിനെ ചമ്മട്ടികൊണ്ട് അടിച്ച സ്തംഭമുണ്ട്. വലിപ്പത്തിൽ ചെറുതാണ് എങ്കിലും പാരമ്പര്യം സൂചിപ്പിക്കുന്നതനുസരിച്ച്, ഈ വിധത്തിൽ പട്ടാളക്കാർ യേശുവിനെ പുറം മടക്കിയിരിക്കാൻ നിർബന്ധിച്ചതുകൊണ്ടാണ് കൂടുതൽ വേദന അവിടുത്തേക്ക് അനുഭവിക്കേണ്ടിവന്നത്.
ക്രിസ്തുവിന്റെ മുൾകിരീടത്തിൽ നിന്നുള്ള മൂന്ന് മുള്ളുകളിൽ രണ്ടെണ്ണം ജറുസലേമിലെ ഹോളി ക്രോസ് ബസിലിക്കയിലുണ്ട്. ഒരെണ്ണം എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമാണ്. ഈശോയുടെ പീഡാനുഭവവുമായി ബന്ധപ്പെട്ട മറ്റൊരു തിരുശേഷിപ്പ് ഈശോയുടെ വിലാപ്പുറത്ത് കുത്തിയ കുന്തത്തിന്റെ ഒരു ഭാഗമാണ്. ഇത് സ്വർണ്ണത്തിൽ പൊതിഞ്ഞു സാൻ പെഡ്രോയിലെ ബസിലിക്കയിൽ വി. ഹെലനയുടെ രൂപത്തിൽ, മധ്യ താഴികക്കുടത്തിന്റെ നാല് തൂണുകളിലൊന്നിലായി സൂക്ഷിച്ചിരിക്കുന്നു.
വിവർത്തനം: മരിയ ജോസ്