
വിവിധ തരത്തിലുള്ള ജപമാലകൾ നമ്മുടെ പക്കലുണ്ടാകാം. ജപമാല നിർമിക്കുമ്പോൾ മുത്തുകളുടെ നിറം നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അതുകൊണ്ടുതന്നെ സാധ്യമായ എല്ലാ നിറങ്ങൾ ഉപയോഗിച്ചും ജപമാല നിർമിച്ചു. എങ്കിലും സവിശേഷമായ ഒരു വർണ്ണസംയോജനം വർഷങ്ങൾക്കുമുൻപ് നടത്തിയിരുന്നു. അതിന്റെ ഡിസൈനർ ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ ആയിരുന്നു.
‘വേൾഡ് മിഷൻ ജപമാല’ എന്ന് പേരിട്ടിരിക്കുന്ന ഈ ജപമാല ലോകത്തിനു സമ്മാനിച്ചത് 1951 ഫെബ്രുവരിയിൽ ആയിരുന്നു. ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ ഒരു റേഡിയോ പ്രസംഗത്തിലാണ് (ദി കാത്തലിക് അവർ) വേൾഡ് മിഷൻ ജപമാല ഉദ്ഘാടനം ചെയ്തത്. “നാം പ്രാർഥിക്കണം. നമുക്കുവേണ്ടിയല്ല; ലോകത്തിനുവേണ്ടി. അതിനായി ഞാൻ വേൾഡ് മിഷൻ ജപമാല രൂപകല്പന ചെയ്തിട്ടുണ്ട്. അഞ്ച് ദശകങ്ങളിൽ ഓരോന്നിനും ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കാൻ വ്യത്യസ്ത നിറങ്ങളുണ്ട്” എന്നായിരുന്നു അദ്ദേഹം ഈ ജപമാലയെക്കുറിച്ചു പറഞ്ഞത്.
നിറങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്?
ബിഷപ്പ് ഷീനിന്റെ വേൾഡ് മിഷൻ ജപമാലയുടെ ഓരോ ദശകവും സഭ അവളുടെ സുവിശേഷദൗത്യം തുടരുന്ന ഒരു പ്രദേശത്തെ ഓർമിപ്പിക്കുന്നു. ജപമാലയിലെ പച്ചനിറം ആഫ്രിക്കയിലെ വനങ്ങൾക്കും പുൽമേടുകൾക്കും വേണ്ടിയുള്ളതാണ്. പസിഫിക് ദ്വീപുകൾക്കുചുറ്റുമുള്ള സമുദ്രത്തിനായി നീലയും കത്തോലിക്ക സഭയുടെ ഇടയനായ പരിശുദ്ധ പിതാവിന്റെ ഇരിപ്പിടമായ യൂറോപ്പിനെ പ്രതീകപ്പെടുത്തുന്നത് വെള്ളയുമാണ്. അമേരിക്കയിലേക്ക് മിഷനറിമാരെ കൊണ്ടുവന്ന വിശ്വാസത്തിന്റെ അഗ്നിയെ ചുവപ്പും കിഴക്കിന്റെ പ്രഭാതവെളിച്ചമായ മഞ്ഞ ഏഷ്യയെയും സൂചിപ്പിക്കുന്നു.
മനുഷ്യരുടെ ഹൃദയങ്ങൾ മാറുമ്പോൾ മാത്രമേ ലോകത്തിൽ സമാധാനമുണ്ടാകൂ. വേൾഡ് മിഷൻ ജപമാല പ്രാർഥിച്ചുപൂർത്തിയാകുമ്പോൾ, ആ വ്യക്തി ഈ ലോകത്തിലെ എല്ലാ ആളുകളെയും പ്രാർഥനയിൽ ഓർമിക്കുകയും എല്ലാ ഭൂഖണ്ഡങ്ങളെയും ആശ്ലേഷിക്കുകയും ചെയ്യും. അതോടൊപ്പം ലോകത്തിലെ സമാധാനത്തിനായി പ്രാർഥിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് ഈ മിഷൻ ജപമാല. ഇത് പ്രാർഥിക്കുന്നതിലൂടെ ഈ ഭൂമിയിലുള്ള സകലതിനെയും തന്റെ സംരക്ഷണകവചം കൊണ്ട് ചുറ്റാൻ പരിശുദ്ധ അമ്മയോട് നാം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.