![Plight](https://i0.wp.com/www.lifeday.in/wp-content/uploads/2022/11/Plight-e1667881364377.jpg?resize=696%2C435&ssl=1)
“ഓൾഗ എന്നെ രക്ഷിക്കൂ… ഞാൻ സ്റ്റെയറിനു അടുത്തുണ്ട്.” അദ്ദേഹത്തിന്റെ ആ നിലവിളി ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു. എനിക്ക് സമീപം ഏതാണ്ട് അൽപം അകലത്തിൽ വലേരി ഉണ്ടായിരുന്നു. പതിയെപ്പതിയെ വലേരിയുടെ ശബ്ദം നേർത്തുവരുന്നത് ഞാനറിഞ്ഞു. ശ്വാസമെടുക്കാൻ അവൻ നന്നേ ബുദ്ധിമുട്ടി. ആ സ്ലാബുകൾക്കിടയിൽ കുരുങ്ങിക്കിടന്നുകൊണ്ടു തന്നെ വലേരിയുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു” – ഓൾഗ എന്ന ഉക്രേനിയക്കാരിയായ സ്ത്രീയുടെ കണ്ണുനീരിൽ കുതിർന്ന വാക്കുകളാണ് ഇത്. ഉക്രൈൻ-റഷ്യ യുദ്ധം അതിന്റെ തീവ്രതയിൽ മുന്നേറുമ്പോൾ ഓൾഗയ്ക്ക് അവളുടെ ജീവിതപങ്കാളിയെയും മാതാപിതാക്കളെയും നഷ്ടപ്പെട്ടു. അവരുടെ മൃതദേഹം പോലും എവിടെയാണെന്ന് അവൾക്ക് അറിയില്ല.
ഇതാണ് ഉക്രൈനിലെ മരിയുപോളിലെ പലരുടെയും അവസ്ഥ. മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ മൃതദേഹം പോലും കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് ഒരു തുറമുഖ നഗരമായ മരിയുപോൾ ഒരു ശ്മശാനഭൂമിയാണ്. അടുത്തിടെ പുറത്തുവന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും സൂചിപ്പിക്കുന്നത് അതു തന്നെയാണ്. വലിയതും തുറസ്സായതുമായ സ്ഥലങ്ങൾ കുഴിമാടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. മൃതദേഹങ്ങൾ കുന്നുകൂടി കിടക്കുന്ന വലിയ കുഴികൾ. നഗരത്തിന്റെ വടക്കു-പടിഞ്ഞാറു ഭാഗത്ത് ആയിരക്കണക്കിന് മൃതദേഹങ്ങൾ അടക്കിയിട്ടുണ്ടെന്ന് ഉക്രേനിയൻ ഉദ്യോഗസ്ഥരും സാക്ഷികളും പറയുന്നു. ആയിരക്കണക്കിന് ആളുകളെ അടക്കിയ വലിയ കുഴികളും ഇവിടെയുണ്ട്.
റഷ്യയുടെ അതിർത്തിയോടു ചേർന്നുള്ള തുറമുഖ നഗരമായ മരിയുപോൾ റഷ്യക്കാരുടെ തന്ത്രപരമായ ലക്ഷ്യമായിരുന്നു. യുദ്ധത്തിന്റെ തുടക്കം മുതൽ ആകാശത്തു നിന്നും ഭൂമിയിൽ നിന്നും നിരന്തരം പ്രഹരം നേരിട്ടിരുന്നു ഈ നഗരം. മെയ് മാസത്തിൽ ഈ നഗരം റഷ്യക്കാരുടെ കീഴിലായപ്പോഴേക്കും ആയിരക്കണക്കിന് സാധാരണക്കാർ മരിക്കുകയും നഗരത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കപ്പെടുകയും ചെയ്തു.
സ്റ്റാറി ക്രൈം, മാൻഹുഷ്, വൈനോഹ്രദ്നെ എന്നിവിടങ്ങളിൽ ശ്മശാനഭൂമി ക്രമാനുഗതമായി വളരുകയാണ്. കുന്നുകൂടപ്പെടുന്ന മൃതദേഹങ്ങൾ; ഒപ്പം ശവക്കുഴികളും. ജൂൺ ആദ്യം 1500- ഓളം ശവകൂടീരങ്ങളായിരുന്നു മരിയുപോളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് അയ്യായിരത്തിനു മുകളിലായിരിക്കുന്നു.
മരിയുപോളിലെ പോരാട്ടത്തിൽ കുറഞ്ഞത് 25,000 പേർ കൊല്ലപ്പെട്ടെന്നും അവരിൽ 5000 – 7000 പേർ അവരുടെ വീടുകൾക്കു നേരെ ബോംബെറിഞ്ഞതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ മരിച്ചുവെന്നും ഉക്രേനിയൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. മരിയുപോളിൽ യുദ്ധത്തിനു മുമ്പുള്ള ജനസംഖ്യ ഏകദേശം 5,00,000 ആയിരുന്നു. എന്നാൽ ഇന്നത് കുറഞ്ഞുവന്നിരിക്കുകയാണ്. യുദ്ധം ഉക്രൈനിലെ സാധാരണക്കാരുടെ ജീവിതത്തെ ഇല്ലാതാക്കുകയാണ്. തങ്ങളുടെ മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ മൃതദേഹം പോലും അതിജീവിച്ചവർക്കു ലഭിക്കുന്നില്ല. മരണമടഞ്ഞവരുടെ വേദനകളിൽ ഉരുകുകയാണ് ഈ ജനത. ഇവരുടെ കണ്ണുനീർ റഷ്യൻ സൈന്യത്തിന്റെ ക്രൂരതകൾക്കിടയിൽ ഇല്ലാതാവുകയാണ്.
![മരിയ ജോസ്](https://i0.wp.com/www.lifeday.in/wp-content/uploads/2019/06/maria-300x295.jpg?resize=143%2C141&ssl=1)
മരിയ ജോസ്