പരിശുദ്ധ അമ്മ യോഹന്നാനോടൊപ്പം താമസിച്ചിരുന്ന വീട് കണ്ടെത്തി വിലയ്ക്കു വാങ്ങിയ സന്യാസിനി 

സി. സോണിയ കെ. ചാക്കോ ഡിസി

പരിശുദ്ധ കന്യകാമറിയത്തിന്റെ, തുർക്കിയിൽ മുസ്ളീം കൈവശത്തിലിരുന്ന ഭവനവും സ്ഥലവും വിലയ്ക്കു വാങ്ങിയത് ഒരു കത്തോലിക്കാ കന്യാസ്ത്രീയാണ്. 1892 നവംബർ 15 നാണ് എഫേസോസിലെ പരിശുദ്ധ കന്യാമേരിയുടെ ഗൃഹവും അത് ഉൾപ്പെടുന്ന സ്ഥലവും ‘ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ’ എന്ന സന്യസിനീ സമൂഹത്തിലെ അംഗമായ ദൈവദാസപദവിയിലേക്ക് ഉയർത്തപ്പെട്ട സി. മേരി ഡി മാൻഡാറ്റ്-ഗ്രാൻസി, വീട്ടിലെ വീതം വിറ്റും ഫ്രാൻ‌സിലുള്ള അപ്പനോട് ബാക്കി കാശ് വാങ്ങിയും വിലയ്ക്കു മേടിച്ചത്. ഈ സംഭവം അതേ സന്യാസിനീ സമൂഹത്തിലെ  സി. സോണിയ കെ. ചാക്കോ വിവരിക്കുന്നു. തുടർന്നു വായിക്കുക.

1891 ൽ നിശ്ചയദാർഢ്യമുള്ള ഒരു ഫ്രഞ്ച് കന്യാസ്ത്രീ കണ്ടെത്തുന്നതുവരെ, ക്രൈസ്തവലോകത്തിലെ ഏറ്റവും വിശുദ്ധമായ ആരാധനാലയങ്ങളിലൊന്ന് നൂറ്റാണ്ടുകളായി മറഞ്ഞിരിക്കുന്നതും അജ്ഞാതവുമായിരുന്നു. പരിശുദ്ധ കന്യകാമറിയത്തോട് സി. മേരി ഡി മാൻഡാറ്റ്-ഗ്രാൻസിക്കിന് (1837-1915) വലിയ ഭക്തിയുണ്ടായിരുന്നു. ഈ ഭക്തി, ഒടുവിൽ ആധുനിക തുർക്കിയിലെ  എഫേസോസിലെ മേരിയുടെ വീട് അന്വേഷിക്കുന്നതിലേക്ക് അവളെ നയിച്ചു.

കുരിശിൽ കിടന്നുകൊണ്ട് യേശു, മറിയത്തെ അപ്പോസ്തലനായ യോഹന്നാനെ ഏൽപിച്ചു. യേശുവിന്റെ ഉയിർപ്പിനുശേഷം ഇരുവരും എഫേസോസിൽ സ്ഥിരതാമസമാക്കിയതായി പാരമ്പര്യം പറയുന്നു. ദൈവം മറിയത്തെ സ്വർഗത്തിലേക്കു സ്വീകരിക്കുന്നതുവരെ അവർ വർഷങ്ങളോളം എഫേസോസിൽ താമസിച്ചു. അവർ താമസിച്ചിരുന്ന വീട് കണ്ടെത്തി സംരക്ഷിക്കാൻ സി. മേരി ഇറങ്ങിത്തിരിച്ചു.

ലിയോ പതിമൂന്നാമൻ മാർപാപ്പ ഈ സ്ഥലം സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുകയും ഒപ്പം ഇത് ഒരു തീർഥാടനസ്ഥലമായി പ്രഖ്യാപിക്കുകയും ചെയ്തു. 1961 ആഗസ്റ്റ് 18 ന്, വി. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ മേരിയുടെ ഭവനത്തിൽ വന്നു പ്രാർഥിക്കുന്നവർക്ക് എക്കാലവും പൂർണ്ണ ദണ്ഡവിമോചനവും നൽകി. പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ എന്നിവർ അവിടേക്ക് തീർഥയാത്രകൾ നടത്തി. ഇന്ന് ഓരോ വർഷവും ദശലക്ഷത്തിലധികം ആളുകൾ ഇവിടം സന്ദർശിക്കുന്നു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ സന്ദർശിക്കേണ്ട ഒരു പുണ്യസ്ഥലമാണിത്.

2006 നവംബർ 29 ന് തുർക്കിയിലെ എഫേസോസിലെ ‘മേരിസ് ഹൗസിൽ’ വച്ചു നടത്തിയ പ്രസംഗത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇങ്ങനെയാണ് പറഞ്ഞത്: “മുസ്ലിമുകളും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് നമുക്കറിയാവുന്ന, പരിശുദ്ധ മറിയത്തിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഒരു നഗരമായ എഫേസോസിൽനിന്ന്, ജനങ്ങൾ തമ്മിലുള്ള സമാധാനത്തിനായി നമുക്ക് കർത്താവിനോട് പ്രത്യേക പ്രാർഥന നടത്താം.”

സി. മേരി ഡി. സി. ഫ്രാൻസിലെ ഒരു കുലീനകുടുംബത്തിൽ ജനിച്ചുവളർന്നു. 1857 ൽ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ കമ്മ്യൂണിറ്റിയിൽ പ്രവേശിച്ചു. അത്ഭുത മെഡൽ ലഭിച്ച വി. കാതറിൻ ലേബറിന്റെ അതേ സമൂഹമാണിത്. അവളുടെ ആദ്യത്തെ നിയമനം ഒരു ഫ്രഞ്ച് അനാഥാലയത്തിലായിരുന്നു. അവിടെ അവരും മറ്റ് ആറ് സഹോദരിമാരും 55 അനാഥരെ പരിചരിച്ചു. പിന്നീട് അവൾ അസോസിയേഷൻ ഓഫ് ചിൽഡ്രൻ ഓഫ് മേരിയുടെ തലവയായിത്തീർന്നു. കൂടാതെ, മേരിയുടെ ഇമ്മാക്കുലേറ്റ് ഹാർട്ടുമായി അടുത്ത് ഐക്യപ്പെടാനും അമ്മയെ സ്നേഹിക്കാനും കുട്ടികളെ പഠിപ്പിച്ചു. “മക്കളേ, നിങ്ങൾ പരിശുദ്ധ അമ്മയെപ്പോലെയാകൂ” എന്നായിരുന്നു സി. മേരി അവരോട് പറഞ്ഞിരുന്നത്.

പത്തു വർഷത്തിനുശേഷം 1870 ൽ, ഫ്രാങ്കോ – പ്രഷ്യൻ യുദ്ധസമയത്ത് പാരീസിനു പുറത്തുള്ള ഒരു അനാഥാലയത്തിൽ അവളെ സുപ്പീരിയറായി നിയമിച്ചു. അത് വളരെയേറെ അപകടകരമായ സമയമായിരുന്നു. എന്നാൽ അവിടെ 16 വർഷത്തോളം സേവനം ചെയ്ത സിസ്റ്റർ മേരി ഒരിക്കലും തന്റെ അനാഥരെയും സഹോദരിമാരെയും തനിച്ചാക്കിയില്ല. അവൾ രണ്ടാമതൊരു അനാഥാലയം കൂടി പണിതു. കുട്ടികളെയും സഹോദരിമാരെയും പരിപാലിക്കാൻ സ്വന്തം കുടുംബസ്വത്ത് ഉപയോഗിച്ചു.

ആ സമയത്ത് മിഡിൽ ഈസ്റ്റിൽ/ പൗരസ്ത്യനാടുകളിൽ ഫ്രഞ്ച് മിഷനറിമാരെ സഹായിക്കാനുള്ള ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ ആഹ്വാനത്തോട് അവർ ഭാവാത്മകമായി പ്രതികരിച്ചു. 1886 ൽ, തുർക്കിയിലെ സ്മിർണയിലെ (ഇപ്പോൾ ഇസ്മിർ) ഒരു ഫ്രഞ്ച് ആശുപത്രിയിൽ സി. മേരി നിയമിതയായി. ആശുപത്രി വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. സി. മേരി വീണ്ടും സ്വന്തം കുടുംബഫണ്ട് ഉപയോഗിച്ച് രോഗികൾക്കും ജീവനക്കാർക്കും വേണ്ടിയുള്ള മെച്ചപ്പെടുത്തലുകൾ നടത്തി.

അവിടെയുള്ള സമയത്താണ് അവൾ എഫേസോസിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി. യോഹനാന്റെയും ജീവിതത്തെക്കുറിച്ചുള്ള ‘ജർമൻ മിസ്റ്റിക് ബ്ലെസ്ഡ് ആൻ കാതറിൻ എമെറിച്ചിന്റെ’ രചനകൾ വായിക്കുന്നത്. മേരിയുടെ വീടിനെക്കുറിച്ചുള്ള ദർശനങ്ങൾ ഉൾപ്പെടെ, മേരിയുടെ ജീവിതത്തെക്കുറിച്ച് അവൾക്കുണ്ടായ ദർശനങ്ങളെ അടിസ്ഥാനമാക്കിയാണ് എമെറിച്ചിന്റെ രചനകൾ.

ഈ പുണ്യസ്ഥലം സ്ഥാപിക്കേണ്ടതും ബഹുമാനിക്കപ്പെടേണ്ടതുമാണെന്നു ബോധ്യപ്പെട്ട സി. മേരി, അത് കണ്ടെത്താനുള്ള ഒരു ദൗത്യം ആരംഭിച്ചു. വാഴ്ത്തപ്പെട്ട ആനിന്റെ രചനകൾ വായിക്കാൻ രണ്ട് വൈദികസുഹൃത്തുക്കളെ അവൾ പ്രേരിപ്പിച്ചു. തങ്ങൾക്കെല്ലാം പ്രൊവിഡൻഷ്യൽ നിയമനം ലഭിച്ച സ്ഥലത്തുനിന്ന് അൽപം അകലെയാണ് വീട് നിലനിൽക്കുന്നതെന്ന് അവർ മൂന്നുപേർക്കും മനസ്സിലായി.

എഫേസോസിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വീട് കണ്ടെത്താനുള്ള ആദ്യ പര്യവേഷണം 1891 ജൂലൈയിലാണ് നടന്നത്. വൈദികരും സി. മേരി ഡി. സി. യും ഗൈഡുകളും അടങ്ങുന്ന സംഘം കഴുതപ്പുറത്തു പോയി വാഴ്ത്തപ്പെട്ട അന്നയുടെ സ്വകാര്യ വെളിപാടുകളുടെ പുസ്തകം അവരുടെ ഭൂപടമായി ഉപയോഗിച്ചു. ജൂലൈ 29 ഓടു കൂടി അവർ വീട് കണ്ടെത്തി. സി. മേരിയുടെ മാർഗനിർദേശപ്രകാരം, പുരാവസ്തുഗവേഷകർ ഒന്നാം നൂറ്റാണ്ടിലെ വീടിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞു. നാലാം നൂറ്റാണ്ടിൽ ഒരു പള്ളി അതിന്മേൽ പണിതിട്ടുണ്ട്.

1891 ഒക്‌ടോബർ 21 ന് സി. മേരിക്ക് തന്റെ പേരിലുള്ള കുടുംബസ്വത്ത് വാങ്ങാനുള്ള അനുമതി ഉപവിസഹോദരിമാരുടെ (Daughters of Charity of St Vincent de Paul DC) മദർ ഹൌസിൽ നിന്നും ലഭിച്ചു. പരിശുദ്ധ അമ്മയുടെ വീട് മാത്രമല്ല, വീട് നിൽക്കുന്ന മല മുഴുവൻ വാങ്ങാൻ ആവശ്യമായ പണം അവൾ സ്വപിതാവിനോട് ചോദിച്ചുവാങ്ങി. 1892 നവംബർ 15 നാണ് എഫേസോസിലെ പരിശുദ്ധ കന്യാമേരിയുടെ വീട് ഉൾപ്പെടുന്ന സ്ഥലം വാങ്ങിയത്. പിന്നീട് അവർ വീട് പുനർനിർമിക്കാൻ അക്ഷീണം പ്രയത്നിച്ചു. ക്രമേണ, അതൊരു തീർഥാടനകേന്ദ്രമാക്കി മാറ്റി. മരിക്കുന്നതുവരെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പരിചരിച്ചുകൊണ്ട് സി. മേരി ഈ പ്രദേശത്ത് താമസം തുടർന്നു.

പുനരുദ്ധാരണവേളയിൽ, അപ്പസ്‌തോലൻ നിർമ്മിച്ചതെന്നു കരുതപ്പെടുന്ന അടുപ്പിൽനിന്ന് മൂന്ന് കല്ലുകൾ കണ്ടെത്തി. സി. മേരിയുടെ വിശുദ്ധജീവിതത്തിനുള്ള അംഗീകാരമായി ഫ്രാൻസിലെ ഡി മാൻഡാറ്റ്-ഗ്രാൻസി ഫാമിലി ചാപ്പലിന് അവ മൂലക്കല്ലായി നൽകി.

ഒത്തിരി ത്യാഗവും പുണ്യവും അനുസരണവും ദാനധർമവും പരസ്നേഹവും സേവനവും നിറഞ്ഞ ജീവിതമായിരുന്നു സി. മേരി നയിച്ചിരുന്നത്. 2011 ജനുവരി 21 ന് മിസൗറിയിലെ സെന്റ് ജോസഫ് – കൻസാസ് സിറ്റി രൂപതയിൽ സി. മേരി ഡി. സി. യെ വാഴ്ത്തപ്പെട്ടവളാക്കാനുള്ള നടപടികൾ തുടങ്ങി. കുറച്ചു ജീവനക്കാരും തീവ്രവാദഭീഷണികളും കാരണം തുർക്കിയിലെ സ്മിർണ അതിരൂപതയ്ക്ക് ആവശ്യമായ എല്ലാ ജോലികളും ചെയ്യാൻ കഴിയാത്തതിനാൽ, മിസോറിയിൽ ഈ നടപടികൾ ആരംഭിച്ചു. എഫേസോസിലെ പരിശുദ്ധ കന്യകാമറിയത്തോട് ഭക്തിയുള്ള ബെനഡിക്റ്റൈൻ കന്യാസ്ത്രീകളുടെ ഒരു സമൂഹവും ഈ പ്രദേശത്തുണ്ട്.

2014 സെപ്തംബർ 13 ന് – സി. മേരിയുടെ ജന്മദിനത്തിൽ – നാമനടപടികൾ അന്വേഷണത്തിന്റെ രൂപതാഘട്ടം പൂർത്തിയാക്കുന്നതിനും കണ്ടെത്തലുകൾ റോമിലെ വിശുദ്ധരുടെ കാരണങ്ങളിലുള്ള കോൺഗ്രിഗേഷനിലേക്ക് അയയ്ക്കുന്നതിനുമായി കൻസാസ് സിറ്റിയിലെ അമലോത്ഭവ മാതാവിന്റെ കത്തീഡ്രലിൽ ഒരു കുർബാനയും ഉണ്ടായിരുന്നു.

സി. സോണിയ കെ. ചാക്കോ ഡി. സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.